24 April 2024, Wednesday

ചുവരുകള്‍ ക്യാന്‍വാസുകളായി: ചന്തം കൂട്ടി തലസ്ഥാനം

അരുണിമ എസ്
തിരുവനന്തപുരം
September 6, 2021 1:18 pm

ഇനി മുതല്‍ തലസ്ഥാനത്തെത്തുന്നവരെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നത് പഴമയുടെ ഓര്‍മ്മകള്‍ക്കു കൂട്ടായി ചുവരുകളില്‍ നിറയുന്ന വര്‍ണങ്ങള്‍ കൂടിയാണ്. കാഴ്ചക്കാരെ പിടിച്ചു നിര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന മനോഹര ചിത്രങ്ങളാണ് നഗരത്തിന്റെ ചുവരുകളിലൊരുങ്ങുന്നത്. ഓരോ ചിത്രകാരനും തങ്ങളുടെ ഭാവനയ്ക്കനുസരിച്ചുള്ള ചിത്രങ്ങളാല്‍ ജില്ലയിലെ ഓരോ കോണുകളിലെയും ചുവരുകളില്‍ പുതുവസന്തം തീര്‍ക്കുകയാണ്. ചുവരുകളുടെ സ്വഭാവം, വലിപ്പം, ചരിവ് എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ചിത്രകാരന്‍മാര്‍ സ്വതന്ത്ര സൃഷ്ടികളൊരുക്കുന്നത്.ലോക സഞ്ചാരികളുടെ ഭൂപടത്തിൽ തിരുവനന്തപുരം നഗരത്തിനെന്നും ശ്രദ്ധേയമായ സ്ഥാനമുണ്ട്. ഭരണസിരാകേന്ദ്രം കൂടിയായ നഗരത്തിന്റെ തനത് സൗന്ദര്യം സൂക്ഷിക്കാനുള്ള ടൂറിസം വകുപ്പിന്റെ പ്രധാന ചുവടുവയ്പ്പുകളിൽ ഒന്നായിരുന്നു ആർട്ടീരിയ. അഞ്ച് വർഷം മുൻപ് ആരംഭിച്ച ഈ ചുവർചിത്ര പദ്ധതിയാണ് ഇന്നത്തെ തലസ്ഥാന മുഖത്തിന് ഭംഗി കൂട്ടിക്കൊണ്ടിരിക്കുന്നത്.

Arteria 1

 

നഗരത്തിന്റെ മുഖവുര മാറ്റുന്നതില്‍ വേറിട്ട ചിത്രകലകള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. നഗരത്തിലെത്തുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാനും ഇതിനാകുന്നുണ്ട്. അനാവശ്യ എഴുത്തുകളോ, പരസ്യങ്ങളോ പോസ്റ്ററുകളോ ഇല്ലാതെ ചുവരുകളെ മനോഹരമാക്കുന്ന പദ്ധതി തലസ്ഥാനത്തേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ആര്‍ട്ടീരിയ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി പാളയം അണ്ടര്‍പാസ്, മ്യൂസിയം ചുറ്റുമതില്‍, ആക്കുളം ബൈപ്പാസ് എന്നിവിടങ്ങള്‍ ചിത്രങ്ങളാല്‍ മനോഹരമാക്കുകയാണ്. 56 ലക്ഷം രൂപയുടെ പദ്ധതിയാണ് മൂന്നാംഘട്ട ആര്‍ട്ടീരിയ.

 


ഇതുംകൂടി വായിക്കൂ: കോവിഡ് പ്രതിരോധ ശിൽപം ഒരുക്കി ഡാവിഞ്ചി സുരേഷ്

 


 

പാളയം അണ്ടര്‍പാസിനടുത്തായി ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതിനാല്‍ സ്പോര്‍ട്സിന് മുന്‍തൂക്കം നല്‍കിയാണ് ഇവിടെ പെയിന്റിങ് ഒരുക്കുന്നത്. രാജ്യത്തെ പ്രശസ്ത ആര്‍ട്ടിസ്റ്റുകളിലൊരാളായ അന്‍പു വര്‍ക്കിയുടെ കലാസൃഷ്ടിയാണ് ഇവിടെയിനി കാണാനാകുക. ക്രയിനില്‍ നിന്നാണ് അന്‍പുവിന്റെ ചിത്രരചന. ഇതുപോലെ തന്നെ ഓരോ പ്രദേശത്തോടും ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളാണ് ആര്‍ട്ടീരിയയിലെ കലാകാരന്‍മാര്‍ വരയ്ക്കുന്നത്.പാളയത്തിന് പുറമെ സെന്റ്ജോസഫ് സ്കൂളിന്റെ ചുവരുകള്‍, ആക്കുളം ബൈപ്പാസ്, മ്യൂസിയം കോമ്പൗണ്ട് എന്നിവിടങ്ങളിലും ആകര്‍ഷകമായ ചിത്രങ്ങളൊരുക്കുന്നുണ്ട്. പി എസ് ജലജ, ബബിത കടന്നപ്പള്ളി, കെ പി അജയ് പനയല്‍, സി രമിത്, സംഗീത് സിദ്ധാര്‍ഥി, അഖില്‍ വിനോദ്, അന്‍സാര്‍ മംഗലത്തോപ്പ്, അനു റെന്‍സി, തുഷാര, വിവേക്, വിഷ്ണു എന്നിങ്ങനെ 19 ഓളം കലാകാരന്‍മാരാണ് ആര്‍ട്ടീരിയയുടെ ഭാഗമാകുന്നത്.

arteria RR

 

നഗരത്തിന്റെ തനത് സൗന്ദര്യം സൂക്ഷിക്കുന്നതിനായി ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ആരംഭിച്ച ആർട്ടീരിയ എന്ന ചുവർചിത്ര പദ്ധതിക്ക് നിയന്ത്രണങ്ങളില്ലാതെ പോസ്റ്റർ പതിപ്പിക്കുന്നത് ഒരു പരിധിവരെ തടയുക, സ്വാതന്ത്ര്യപൂർവ്വ കാലഘട്ടം മുതല്‍ നഗരസൗന്ദര്യത്തിന് പേരുകേട്ട തിരുവനന്തപുരത്തെ കൂടുതൽ മോടി പിടിപ്പിക്കുക എന്നീ ലക്ഷ്യവും കൂടിയുണ്ട്. ഒരു നഗരത്തിൽ ഇത്രയേറെ വിസ്തീർണത്തിലുള്ള ഓപ്പൺ കാൻവാസ് ലോകത്തിലെ തന്നെ അപൂർവ കാഴ്ചകളിലൊന്നാണെന്ന പ്രത്യേകതയുമുണ്ട്.നിലവില്‍ ആര്‍ട്ടീരിയ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് ടൂറിസം വകുപ്പെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും വ്യക്തമാക്കി.

 

Eng­lish Sum­ma­ry: The walls became can­vas­es: arte­ria starts in Trivandrum

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.