20 April 2024, Saturday

Related news

March 26, 2024
March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024
January 21, 2024
January 2, 2024

യുദ്ധം അവസാനിപ്പിക്കണം, ചർച്ചയാണ് വേണ്ടത്

ഡി രാജ
March 7, 2022 7:00 am

ഉക്രെയ്‌നിൽ നടക്കുന്ന സംഭവവികാസങ്ങൾ ലോകത്തിന്റെയാകെ ഉത്കണ്ഠയായിരിക്കുകയാണ്. പ്രമുഖ ഉക്രെയ്ൻ നഗരങ്ങൾക്കുമേലുള്ള റഷ്യയുടെ സൈനിക നടപടികളും ഇരുവിഭാഗങ്ങൾ തമ്മിലുള്ള ചൂടുപിടിച്ച വാഗ്വാദങ്ങളും തുടരുന്നു. യുദ്ധകേന്ദ്രത്തിൽ നിന്ന് അകലെ കിടക്കുന്ന ശക്തികള്‍ ഇതിനോട് സ്വീകരിക്കുന്ന സമീപനങ്ങൾ പൂർണതോതിലുള്ള യുദ്ധത്തിന്റെ സൂചനകളും നല്കുന്നുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ജനങ്ങളും ആശങ്കാകുലരാണ്. നാം ഇഴപിരിഞ്ഞു ജീവിക്കുന്ന ഈ ലോകത്ത് ഭൗമ രാഷ്ട്രീയ ശക്തികൾ തമ്മിലുള്ള ഈ ഏറ്റുമുട്ടലുകളുടെ സാഹചര്യങ്ങളോട് അകന്നുനില്ക്കുവാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവങ്ങളുടെ അടിവേരുകൾ പരിശോധിച്ച് എന്ത് നിലപാടെടുക്കണമെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്. ബോൾഷെവിക് വിപ്ലവത്തിനുശേഷം ലെനിൻ, ബഹുസാംസ്കാരിക, ബഹു വംശീയമായ സോവിയറ്റ് യൂണിയ(യുണൈറ്റഡ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് — യുഎസ്എസ്ആർ)നിൽ ദേശീയ സ്വയം നിർണയത്തിനായി ശക്തമായി വാദിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ ഭരണഘടനയിൽ തന്നെ ഈ വൈവിധ്യങ്ങളും വിവിധ വംശീയതകളുടെ സൗഹാർദപരമായ നിലനില്പും അംഗീകരിക്കുകയും സംയോജിത റിപ്പബ്ലിക്കിൽ നിന്ന് വിട്ടുപോകാനുള്ള അവകാശമുൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾക്കെതിരായ സോവിയറ്റ് വിജയവും ലോകത്തെ പല രാജ്യങ്ങളിലും സോഷ്യലിസത്തോടുണ്ടായ ആഭിമുഖ്യവും അമേരിക്കയിലും ലണ്ടനിലുമുള്ള മുതലാളിത്ത ശക്തികളെ ഭയപ്പെടുത്തി. സോഷ്യലിസ്റ്റ് വിമോചന മുന്നേറ്റങ്ങളെ തടയണമെന്ന സാമ്രാജ്യത്ത ശക്തികളുടെ ഉത്കണ്ഠയുടെ ഫലമായാണ് ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു സൈനിക സഖ്യത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചതും 1949ൽ നോർത്ത് അറ്റലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) രൂപീകൃതമാകുന്നതും. തുടക്കം മുതൽ സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് സഖ്യത്തെയും ഉന്നമാക്കി യൂറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യം ഉറപ്പാക്കുകയെന്ന ദൗത്യമായിരുന്നു നാറ്റോ നിർവഹിച്ചത്. യുഎസിന്റെ വിദേശ — പ്രതിരോധ നയങ്ങളുടെ ശക്തമായ ഉപകരണമായാണ് നാറ്റോ പ്രവർത്തിച്ചുവരുന്നത്. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം നാറ്റോയ്ക്ക് അതിന്റെ നിലനില്പിനുള്ള കാരണങ്ങൾ ഇല്ലാതായെങ്കിലും പ്രവർത്തനം തുടരുകയും വിപുലീകരിക്കുകയുമാണ് ചെയ്തത്. കിഴക്കൻ മേഖലയിലേക്ക് വികസിക്കില്ലെന്നും റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാവില്ലെന്നും 1990–91 കാലത്ത് സോവിയറ്റ് നേതൃത്വത്തിന് നാറ്റോ നല്കിയ ഉറപ്പിനു വിരുദ്ധമായിരുന്നു ഈ നീക്കം. കിഴക്കൻ യൂറോപ്പിലേക്കുള്ള നാറ്റോയുടെ വിപുലീകരണത്തോടെ കൂടുതൽ അംഗത്വത്തിനുള്ള അവസരങ്ങൾ തുറക്കപ്പെടുകയും മേഖലയിൽ സൃഷ്ടിക്കപ്പെട്ട സുരക്ഷാ ഭീഷണിയെ തുടർന്ന് പ്രതിരോധ ചെലവുകളിലുണ്ടായ വർധന യുഎസിന്റെ സൈനിക — പ്രതിരോധ വ്യവസായ ശൃംഖലയ്ക്ക് വൻ നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.


ഇതുകൂടി വായിക്കാം; യുദ്ധചിത്രങ്ങളില്‍ നിറയെ രക്തവും തീയുമാണ്


തുടക്കത്തിൽ നാറ്റോയ്ക്ക് 12 അംഗങ്ങളാണുണ്ടായിരുന്നതെങ്കിൽ 28 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 30 ആയി വർധിച്ചു. 2020ൽ നാറ്റോ വാഴ്സാസഖ്യത്തിൽപ്പെട്ട റഷ്യ ഒഴികെയുള്ള മുഴുവൻ രാജ്യങ്ങളിലേക്ക് അംഗത്വം വ്യാപിപ്പിച്ചു. റഷ്യയുടെ അതിർത്തികളിലേക്കുള്ള വ്യാപനവും പോളണ്ടിൽ ദീർഘദൂര മിസൈലുകളുടെ വിന്യാസവും യൂറോപ്പിലെ യുഎസ് മേധാവിത്വത്തിന്റെ ഏജന്റായി പ്രവർത്തിക്കുകയും റഷ്യയെ നിരീക്ഷണത്തിൽ നിർത്തുകയും ചെയ്യുക എന്നതാണ് നാറ്റോയുടെ പുതിയ ലക്ഷ്യമെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണ്. നാറ്റോയുടെ വിപുലീകരണത്തെക്കുറിച്ചുള്ള റഷ്യൻ എതിർപ്പ് യാഥാർത്ഥ്യമാണ്. കുറഞ്ഞത് രണ്ട് പതിറ്റാണ്ടുകളെങ്കിലുമായി റഷ്യൻ നേതൃത്വം അത് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉക്രെയ്‌നിലെ കിഴക്കൻ പ്രദേശങ്ങളിൽ റഷ്യൻഭാഷ സംസാരിക്കുന്ന ന്യൂനപക്ഷങ്ങളോടുള്ള മോശം സമീപനങ്ങളും മേഖലയിലുള്ള യുഎസിന്റെ നിരന്തരമായ ഇടപെടലുകളുമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചത്. യുഎസ് പിന്തുണയോടെ നടന്ന യൂറോപ്യൻ സൃഷ്ടിയായ പ്രതിഷേധത്തിന്റെ പേരിൽ വിക്ടർ യാനുകോവിച്ചിനെ പുറത്താക്കിയത് ഒരുദാഹരണമാണ്. ഉക്രേനിയൻ സായുധ സേനയ്ക്ക് ഒപ്പം ചേർന്ന് സംയുക്ത സൈനികാഭ്യാസങ്ങളും സൈനിക പരിശീലനങ്ങളും നടത്തിയും അത്യന്താധുനിക ആയുധങ്ങൾ ഉക്രെയ്‌നില്‍ എത്തിച്ചും ഒരു ദശകത്തോളമായി റഷ്യയെ പ്രകോപിപ്പിക്കുന്നതിന് ശ്രമിച്ചുവരികയായിരുന്നു അവര്‍. ഡോൺബാസ്ക് മേഖലയെ സംബന്ധിച്ച് മിൻസ്ക് ഉടമ്പടിയിൽ പ്രതിപാദിച്ചിരുന്ന റഷ്യൻ ആശങ്കകൾ വേണ്ടത്ര രീതിയിൽ ഉക്രേനിയൻ അധികാരികൾ അഭിസംബോധന ചെയ്തതുമില്ല. കിഴക്കൻ മേഖലയിലേക്ക് നാറ്റോയെ വ്യാപിപ്പിക്കില്ലെന്ന ഉറപ്പ് വേണമെന്ന് റഷ്യ നിരന്തരം ആവശ്യപ്പെട്ടതിനു ശേഷവും നാറ്റോ അതിന്റെ വിപുലീകരണം തുടരുകയും റഷ്യൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഉക്രെയ്ൻ, ജോർജിയ എന്നീ രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇവയെല്ലാം റഷ്യൻ ആശങ്കകൾക്കും സൈനിക നടപടികൾക്കും കാരണമായി. അതോടൊപ്പം നാറ്റോയുടെ യൂറോപ്യൻ പിന്തുണയുടെ വസ്തുത തുറന്നുകാട്ടപ്പെടുകയും ചെയ്തു. മുൻകാലങ്ങളിൽ യുഗോസ്ലാവിയയിലും ഇറാഖിലുമുൾപ്പെടെ അധിനിവേശം നടത്തിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വിപുലമായ മാനുഷിക ദുരന്തത്തിന് ലജ്ജയില്ലാതെ നേതൃത്വം നല്കിയവരുമാണ് നാറ്റോ സഖ്യം. അതുകൊണ്ടുതന്നെ അവർക്ക് റഷ്യയുടെ അധിനിവേശത്തെ ചോദ്യം ചെയ്യുന്നതിനുള്ള ഒരധികാരവുമില്ല. മറുവശത്ത് നാറ്റോയുടെ പ്രകോപനത്തോടുള്ള റഷ്യയുടെ പ്രതികരണവും യോജിക്കാനാകാത്തതാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമ്പൂർണമായ റഷ്യൻ ആക്രമണം ഉക്രെയ്ന്റെ പരമാധികാരവും പ്രാദേശിക സമന്വയവും നിരാകരിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. യുഎസ്‍എസ്ആറിന്റെ വിഘടനത്തിനുശേഷം റഷ്യയില്‍ മുതലാളിത്ത പ്രഭുക്കന്മാർ അധികാരം നിയന്ത്രിക്കുവാനെത്തുകയും രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് മാറുകയും ചെയ്തു.


ഇതുകൂടി വായിക്കാം; ഉത്തരം യുദ്ധമല്ല


പ്രാദേശിക മേധാവിത്വത്തിന്, റഷ്യ ആഗ്രഹിക്കുന്നുവെന്നും മഹത്തായ റഷ്യ പുനഃസ്ഥാപിക്കുന്നതിന് പുടിൻ ശ്രമിക്കുന്നുവെന്നും നേരത്തെതന്നെ സൂചനകളുണ്ടായിരുന്നു. റഷ്യയുടെ ഈ അഭിലാഷങ്ങൾ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്നതിനാണ് ഇടയാക്കുക. പക്ഷേ നാറ്റോ ഇതിനൊരു പരിഹാരമേയല്ലെന്നുറപ്പാണ്. നാറ്റോയും റഷ്യൻ പ്രഭുക്കന്മാരും മേഖലയെ പ്രക്ഷുബ്ധതയിലേക്ക് തള്ളിവിട്ടതിനെ തുടർന്ന് ഓരോ ദിവസവും കനത്ത ജീവഹാനിയും സ്വത്തുനാശവും സംഭവിക്കുന്നതിന്റെ റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുദ്ധ‑വ്യവസായങ്ങൾ അതിന്റെ ഖജനാവ് നിറച്ചുകൊണ്ടിരിക്കുമ്പോൾ ഇരുഭാഗത്തും തൊഴിലാളികളുടെ ജീവഹാനി ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് റഷ്യ അവരുടെ നടപടികൾ നിർത്തിവച്ച് ചർച്ചയ്ക്ക് സന്നദ്ധമാകണം. റഷ്യയും ഉക്രെയ്‌നും തമ്മിൽ ഇതുവരെ നടന്ന ചർച്ചകൾ ഒരു ഫലവും ഉണ്ടാക്കിയിട്ടില്ലെങ്കിലും ബാഹ്യ ഇടപെടലുകളില്ലാതെ ഒരു മേശയ്ക്കു ചുറ്റും ഒത്തുകൂടിയുള്ള ചർച്ചകളിലൂടെ മാത്രമേ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ. യുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം നിലനിർത്തുക തന്നെ വേണം. നമ്മുടെ പൗരന്മാരെ, പ്രത്യേകിച്ച് വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ചുള്ള പ്രാഥമികമായ ഉത്കണ്ഠ. കേന്ദ്ര സർക്കാർ യുദ്ധ കക്ഷികളുമായി കൂടിയാലോചിച്ച് സമയബന്ധിതമായി പ്രവർത്തിച്ചില്ലെന്നത് വസ്തുതയാണ്. ഒറ്റപ്പെട്ടുപോയ പൗരന്മാർക്ക് അത് വലിയ ബുദ്ധിമുട്ടുകളും ദുരിതങ്ങളുമാണുണ്ടാക്കിയത്. സര്‍ക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങളാകട്ടെ അവ്യക്തവും വൈരുധ്യങ്ങൾ നിറഞ്ഞതുമായിരുന്നു. സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് കർകിവിൽ നവീൻ ശേഖരപ്പ എന്ന ഇന്ത്യൻ വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തിൽ കലാശിച്ചത്. എന്നിട്ടും ഈ സംഘർഷാവസ്ഥയെയും തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലുൾപ്പെടെ നിർലജ്ജം പ്രചരണത്തിനുപയോഗിക്കുകയാണ് മോഡി ചെയ്യുന്നത്. ഇറാഖ് യുദ്ധകാലത്ത് നമ്മുടെ സ്വന്തം ദേശീയ വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യ 1,70,000 ത്തിലധികം പൗരന്മാരെയാണ് വിജയകരമായി ഒഴിപ്പിച്ചത്. ആ വിമാനക്കമ്പനിയാണ് സ്വകാര്യ സംരംഭകർക്ക് വില്പന നടത്തിയത്. ആ സ്വകാര്യകമ്പനി ഈ പ്രതിസന്ധിഘട്ടത്തിലും കൂടുതൽ ലാഭമുണ്ടാക്കുവാനാണ് ശ്രമിച്ചത്. ബിജെപിയുടെ നെഞ്ചുവിരിച്ചുനില്ക്കുന്ന വിശ്വ പൗരനുണ്ടായിട്ടും ആഗോളതലങ്ങളിൽ ഇന്ത്യയ്ക്ക് അതിന്റെ അന്തസും ഔന്നത്യവും നഷ്ടപ്പെടുകയാണുണ്ടായത്. ചേരിചേരാനയത്തിന്റെ അടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളുമായി നാം ഉണ്ടാക്കിയ സമാധാനപരമായ ബന്ധങ്ങൾ നിലനിർത്തുന്നതിനു പകരം അമേരിക്കൻ പാതയിലേക്ക് രാജ്യത്തെ വലിച്ചിഴക്കുകയാണ് മോഡി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളും ബിജെപിക്കും നരേന്ദ്രമോഡിക്കും തെരഞ്ഞെടുപ്പ് വിഷയമാണെങ്കിലും യുദ്ധം ചെയ്യുന്ന കക്ഷികൾക്കിടയിൽ മധ്യസ്ഥ ശ്രമം നടത്തുന്നതിനും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും ഇന്ത്യ ശ്രമിക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ല, അതുകൊണ്ട് ഉടൻ അവസാനിപ്പിക്കണം. യുദ്ധം അവസാനിപ്പിച്ച് സമാധാനം പുലർത്തണമെന്നാണ് എല്ലാവരുടെയും അഭ്യർത്ഥന. ഇപ്പോൾ അവസാനിപ്പിക്കുന്നില്ലെങ്കിൽ ആണവായുധങ്ങളുടെ പ്രയോഗത്തിലൂടെ ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന് ഭയക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.