Friday
06 Dec 2019

ഊഷ്മളഹൃദയനായ കമ്മ്യൂണിസ്റ്റ്

By: Web Desk | Friday 9 August 2019 10:47 PM IST


കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല സംഘാടകനും നേതാവുമായിരുന്ന കെ സി ജോര്‍ജിന്റെ മുപ്പത്തിമൂന്നാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. അത്യന്തം ഊഷ്മള ഹൃദയനും, പ്രസാദാത്മകനും കഥകളും തമാശകളും പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന നര്‍മ്മഭാഷണപ്രിയനുമായ ഒരു മനുഷ്യനായിരുന്നു കെ സി.
തിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിന്ന് പ്രവര്‍ത്തിച്ച കെ സി കോണ്‍ഗ്രസ്സുകാരനായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയ കെ സി തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ 1938 വരെ അഭിഭാഷകനായി. അഭിഭാഷകവൃത്തിക്കിടയിലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ കെ സി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു.
1939-ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. തിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്നതിന് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. എം എന്‍, കെ വി സുരേന്ദ്രനാഥ്, കാട്ടായിക്കോണം വി ശ്രീധര്‍, ഉള്ളൂര്‍ ഗോപി, കാട്ടായിക്കോണം സദാനന്ദന്‍ തുടങ്ങിയവരെ കമ്മ്യൂണിസ്റ്റുകാരാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് കെ സി ആണ്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്‍നിരയില്‍ കെ സി ഉണ്ടായിരുന്നു.
ക്ലേശം നിറഞ്ഞ ജീവിതം നയിക്കുമ്പോഴും പുന്നപ്ര-വയലാറിലെ തൊഴിലാളികള്‍ അനുഭവിച്ച ഭീകര മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള സ്മരണ പച്ചപിടിച്ച് ഹൃദയത്തില്‍ നിന്ന കാലത്തും കെ സി തന്റെ പ്രസാദാത്മകത്വം കൈവെടിഞ്ഞില്ല. 1946-ല്‍ പുന്നപ്ര-വയലാര്‍ സമരത്തിനു ശേഷം തിരുവിതാംകൂറിന് അകത്ത് ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരനും നിയമവിധേയമായി പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി. പുന്നപ്ര-വയലാര്‍ സമരം ഉച്ചസ്ഥായിയില്‍ എത്തിയതോടെ കെ സി സാഹസികമായ രീതിയില്‍ ഒരു ദിവസം രാത്രി രക്ഷപെട്ടു. പല ദിക്കിലും ഒന്നോ രണ്ടോ ദിവസം വീതം താമസിച്ച് ഒടുവില്‍ കോഴിക്കോട്ട് എത്തിച്ചേര്‍ന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും സര്‍ സി പി തിരുവിതാംകൂര്‍ വിടുകയും ചെയ്തതിനു ശേഷമേ കെ സി തിരുവിതാംകൂറിലേക്ക് തിരിച്ചു പോയുള്ളൂ. തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ‘മൂട്ടവനം’ എന്ന് കെ സി തന്നെ വിശേഷിപ്പിച്ച തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനം തിരുവനന്തപുരത്ത് ആയുര്‍വ്വേദ കോളേജിനു സമീപം മാഞ്ഞാലിക്കുളം റോഡില്‍ തുറന്നതും കെ സി തന്നെ.
പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നതിനാല്‍ പരസ്യമായ ബോര്‍ഡൊന്നും സ്ഥാപിക്കാതെയായിരുന്നു പ്രവര്‍ത്തനം. തിരുവനന്തപുരം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കുന്നത് കെ സി ആണ്. തിരുവനന്തപുരം നഗരസഭയിലേക്ക് മല്‍സരിച്ച് ജയിക്കുകയും ചെയ്തു. 1952-54 കാലയളവില്‍ രാജ്യസഭാംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചു.
1957-ല്‍ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്ന് വിജയിച്ച കെ സി ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഭക്ഷ്യ-വനം വകുപ്പു മന്ത്രിയായി. പ്രതിസന്ധികള്‍ നിറഞ്ഞ ആ ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ നയിക്കുക മാത്രമല്ല, നല്ലൊരു ഭരണാധികാരി എന്ന പേരു സമ്പാദിക്കാനും കെ സിക്ക് കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ ഉറച്ചുനിന്ന കെ സി ജോര്‍ജ് പാര്‍ട്ടി സംസ്ഥാന നേതൃനിരയില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. അനാരോഗ്യം വകവെക്കാതെ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗങ്ങള്‍ക്കെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദീപമാകാനും കെ സി ഒരു മടിയും കാണിച്ചില്ല.
സത്യസന്ധനും അഴിമതിക്കറ പുരളാത്ത വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ സി. അദ്ദേഹത്തിന്റെ പേരില്‍പോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് മടിച്ചില്ല. ആരോപണങ്ങളൊന്നും ഏശിയില്ല. അചഞ്ചലമായ മനോധൈര്യത്തോടെയാണ് കെ സി ആരോപണങ്ങളെ നേരിട്ടത്.
കെ സി ജോര്‍ജാണ് താനൊരു കമ്മ്യൂണിസ്റ്റ് ആണെന്ന് കേരളത്തില്‍ തുറന്നു പ്രസ്താവിച്ചത്. ജീവിതാന്ത്യംവരെ കമ്മ്യൂണിസ്റ്റുകാര്‍ പുലര്‍ത്തേണ്ട ലാളിത്യവും ആദര്‍ശനിഷ്ഠയും കാത്തുസൂക്ഷിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം. കെ സിയെപ്പോലുള്ളവരുടെ സാന്നിധ്യം ഏറെ ആവശ്യപ്പെടുന്ന രാഷ്ട്രീയ സന്ദര്‍ഭമാണിത്. വര്‍ഗീയതക്കും വിഘടനവാദത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരായ നമ്മുടെ വരുംകാല പോരാട്ടങ്ങള്‍ക്ക് കെ സിയുടെ സ്മരണ നമുക്ക് കരുത്താകട്ടെ.

Related News