ഡാമുകളിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

എവിൻ പോൾ

തൊടുപുഴ

Posted on September 20, 2020, 10:18 pm

സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. സംസ്ഥാനത്തെ ഡാമുകളിലെ ആകെ ജലനിരപ്പ് ഇന്നലെ 75 ശതമാനമായി. 3107.253 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലമാണ് സംസ്ഥാനത്തെ എല്ലാ ഡാമുകളിലുമായി ഉള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രളയമുണ്ടായ 2018ൽ ആണ് ഇത്രയധികം ജലം ഡാമുകളിലുണ്ടാകുന്നത്. അന്ന് ഇതേസമയം 3411.348 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലമാണ് ഡാമുകളിലെല്ലാമായി ഒഴുകിയെത്തിയത്.

ഈ മാസം 902 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലം ഡാമുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് കെഎസ് ഇ ബിയുടെ കണക്ക് കൂട്ടൽ. എന്നാൽ ഇന്നലെ വരെ ഡാമുകളിലേക്ക് ഒഴുകിയെത്തിയ ജലത്തിന്റെ അളവ് പ്രതീക്ഷിച്ചതിലും അധികമാണ്. 571.267 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലം ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിടത്ത് ഇന്നലെ വരെ ലഭിച്ചത് 664.936 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലമാണ്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, കാസർകോട്, കണ്ണൂർ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നലെ ഉച്ചയോടെ റെഡ് അലർട്ടും ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കിയിൽ ഇന്നലെ ജലനിരപ്പ് 2380.16 അടിയായി ഉയർന്നു. ഇത് ഡാമിന്റെ സംഭരണ ശേഷിയുടെ 74.17 ശതമാനം വരും. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 125.80 അടിയാണ്. ഇടുക്കി ജില്ലയിൽ മാത്രം ഇന്നലെ രാവിലെ വരെ 7.25 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. മഴ ശക്തമായതോടെ ഇടുക്കി ജില്ലയിൽ വിവിധ ഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ 60 സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. തൊടുപുഴയാറിലൂടെ സെക്കന്റിൽ 179 ക്യുബിക് മീറ്റർ ജലമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഉയർന്നതോടെ ഇടുക്കിയിലെ പാംബ്ല, കല്ലാറുകുട്ടി,കുണ്ടള,ലോവർപെരിയാർ ഡാമുകളുടെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. ഇന്നലെ ഉയർത്തിയ പൊന്മുടി ഡാമിന്റെ രണ്ട് ഷട്ടറുകളിലൂടെ മാത്രം 7.5 ക്യുമെക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ലോവർപെരിയാറിൽ നിന്നും 1500 ക്യുബിക്സ് ജലമാണ് പുറത്തേക്കൊഴുക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ജലാശയങ്ങളുടെ വൃഷ്ടി പ്രദേശങ്ങളിലും ഇന്നലെ ആറ് സെന്റീ മീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. കുറ്റ്യാടിയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 221 മില്ലി മീറ്റർ മഴയാണ് ഇവിടെ മാത്രം രേഖപ്പെടുത്തിയത്. പമ്പയിൽ 71 ശതമാനവും, ഷോളയാർ98, ഇടമലയാർ76, കുണ്ടള 94, മാട്ടുപ്പെട്ടി60, കുറ്റ്യാടി72, ആനയിറങ്കൽ60, പൊന്മുടി85,നേര്യമംഗലം92,ലോവർപെരിയാർ91 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റ് ജലാശയങ്ങളിലെ നിലവിലെ ജലനിരപ്പ്. സംസ്ഥാനത്തെ വൈദ്യുതോല്പാദനവും ഉയർത്തിയിട്ടുണ്ട്. ശരാശരി 19.5138 ദശലക്ഷം യൂണിറ്റെന്നത് ഇന്നലെ 27.8309 ദശലക്ഷം യൂണിറ്റായി ഉയർത്തി. 60.5045 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഇന്നലെ സംസ്ഥാനത്തെ ആകെ ഉപഭോഗം. പുറത്ത് നിന്ന് 32.6736 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഇന്നലെ എത്തിച്ചത്.

ENGLISH SUMMARY:The water lev­el in the dams rose again
You may also like this video