കായലോര മേഖലയ്ക്ക് ഭീഷണിയായി വേമ്പനാട്ട് കായലിലെ ജലനിരപ്പ് താഴുന്നു. വേനൽ നേരത്തെ ആരംഭിച്ചതോടെയാണ് കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു തുടങ്ങിയത്. ഇത് കായലോര മേഖലയിലെ കർഷകരെ ദോഷകരമായി ബാധിക്കും. കുംഭമാസത്തിലാണ് കേരളത്തിൽ വേനൽ ആരംഭിക്കുന്നതെങ്കിലും ഇക്കുറി മകരമാസം തുടക്കം മുതൽ തന്നെ സംസ്ഥാനം ചുട്ടുപൊള്ളുകയാണ്. 35 ഡിഗ്രിക്ക് മുകളിൽ പകൽ സമയത്തെ താപനില ഉയർന്നതോടെ വേമ്പനാട് കായലിൽ 30 സെന്റീമീറ്ററിലധികം വെള്ളം താഴ്ന്നു. കടൽ നിരപ്പിനെക്കാൾ കായൽ ജല നിരപ്പ് താഴുന്നത് കൃഷിയുള്ള പാടങ്ങളിലേക്ക് ഉപ്പുവെള്ളം എത്താൻ ഇടയാക്കും. മാത്രമല്ല മത്സ്യ സമ്പത്ത് ഗണ്യമായികുറയുവാനും മലിനീകരണം വർധിക്കുന്നതിനും കാരണമാകുമെന്ന് കായൽ നില ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ ജി പദ്മകുമാർ പറഞ്ഞു.
പ്രളയത്തിൽ എക്കലും ചെളിയും നിറഞ്ഞ് കായലിന് ആഴം കുറഞ്ഞതും ജലം സംഭരിക്കാനുളള ശേഷി നഷ്ടപ്പെടുത്തി. കഴിഞ്ഞ തവണ മാർച്ച് പകുതിയോടുകൂടിയാണ് 30 സെന്റിമീറ്റർ ജലം താഴ്ന്നതെങ്കിൽ ഇത്തവണ അത് ഫെബ്രുവരിയിൽ തന്നെ സംഭവിച്ചു. കായലിലെ ലവണാംശം വർധിക്കുന്നത് കരിമീൻ കൃഷിക്കും ഭീഷണിയാണ്. മീനച്ചിൽ, പമ്പ, അച്ചൻകോവിൽ നദികളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതും വേമ്പനാട് കായലിലെ ജലനിരപ്പ് കുറയാൻ കാരണമായി. തൃക്കുന്നപ്പുഴ ചീപ്പ് തുറന്നതും വേമ്പനാട്ടുകായലിലെ ജലനിരപ്പ് കുറയുന്നതിന് കാരണമായി. ഉപ്പുവെള്ളത്തിന്റെ കടന്നു കയറ്റം കൃഷിയെയും ശുദ്ധജല പദ്ധതികളെയും ഒരുപോലെ ബാധിക്കും. നെൽകൃഷി കതിർ വന്നിരിക്കുന്ന സമയമാണിത്.
ഉപ്പുവെളളം കയറിയതോടെ ദേശീയജലപാതയിലെയും തോടുകളിലെയും പോളയും പായലും അഴുകുന്നുണ്ട്. ഇത് മൂലം വെള്ളത്തിനു നിറമാറ്റവും ദുർഗന്ധവും വന്നു തുടങ്ങി. പല സ്ഥലങ്ങളിലും മീനുകൾ ചത്ത് പൊങ്ങി. തണ്ണീർമുക്കത്ത് വേമ്പനാട്ട് കായലിൽ വേലിയേറ്റം ശക്തമാകുമ്പോൾ ബണ്ടിന്റെ വടക്കൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയും തീരദേശത്തെ വീടുകളുടെ മുറ്റത്ത് വെള്ളം കയറുകയും ചെയ്യുന്നുണ്ട്. കുട്ടനാട്ടിൽ നദിയിലും തോടുകളിലും വെള്ളം താഴ്ന്നു തുടങ്ങിയതുമൂലം കർഷകർ ആശങ്കയിലാണ്. ഏപ്രിൽ ‑മേയ് വരെ നീളുന്ന കൊയ്ത്തു കാലം വരെ വെള്ളമുണ്ടാകുമോയെന്ന സംശയത്തിലാണ് കർഷകർ. വേനൽ മഴ ഫെബ്രുവരിയിൽ എത്തുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് മാത്രമാണ് നിലവിലെ ആശ്വാസം. എന്നാൽ അത് കഴിഞ്ഞ് കടുത്ത വേനൽ ആയിരിക്കുമെന്ന വിദഗ്ദ്ധർ പറയുന്നു. ആലപ്പുഴ ജില്ലയിലെ പാണാവള്ളി, അരൂക്കുറ്റി, തൈക്കാട്ടുശേരി തുടങ്ങിയ പഞ്ചായത്തുകളിൽ പല പ്രദേശങ്ങളിലും ഇപ്പോൾ കായൽ തീരപ്രദേശങ്ങളിൽ നിന്ന് 50 മീറ്റർ മുതൽ 100 മീറ്റർ വരെ ജലം ഉൾവലിയുന്നുണ്ട്.
English Summary: The water level in Vembanad Lake is dropping due to the intense heat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.