അഞ്ചുവർഷം: കോർപ്പറേറ്റുകളുടെ സമ്പത്ത് ഇരട്ടിയിലധികം വർധിച്ചു

Web Desk
Posted on October 13, 2019, 10:22 pm

*മോഡി ഭരണത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടൽ ഭീഷണിയിൽ

സ്വന്തം ലേഖകൻ
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മോഡി സർക്കാരിന്റെ കണ്ണിലുണ്ണികളായ കോർപ്പറേറ്റുകളുടെ സമ്പത്ത് ഇരട്ടിയിലധികം വർധിച്ചതായി റിപ്പോർട്ട്.
റിലയൻസ് അധ്യക്ഷൻ മുകേഷ് അംബാനിയുടെ ആസ്തി 3.65 ലക്ഷം കോടി രൂപയായി വർധിച്ചു. 2014ൽ ഇത് 1.68 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അംബാനിയുടെ ആസ്തി 118 ശതമാനം വർധിച്ചു. ഗൗതം അഡാനിയുടെ കാര്യത്തിൽ ആസ്തി വർധന 121 ശതമാനമാണ്. 2014ൽ അഡാനിയുടെ ആസ്തി 50,004 കോടി രൂപ ആയിരുന്നത് ഇപ്പോൾ 1.1 ലക്ഷം കോടി രൂപയായി വർധിച്ചു.

ഫോബ്സ് മാസികയുടെ പട്ടികയിൽ 2014ൽ ഇന്ത്യാക്കാരായ ധനികരിൽ പതിനൊന്നാം സ്ഥാനത്തായിരുന്ന അഡാനി 2019ൽ രണ്ടാം സ്ഥാനത്ത് എത്തി. മോഡി സർക്കാരിന്റെയും ബിജെപിയുടെയും ആശിർവാദത്തോടെയാണ് ഇരുവരും ആസ്തിയിൽ ഗണ്യമായ വർധനയുണ്ടാക്കിയതെന്ന് പകൽപോലെ ഇതിലൂടെ വ്യക്തമാകുന്നു. 2016ൽ ആരംഭിച്ച റിലയൻസ് ജിയോയുടെ പരസ്യത്തിൽപ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായി ജിയോ വളർന്നു. അപ്പോഴും പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുവെന്നത് മോഡി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളാണ് വ്യക്തമാക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി ഡൽഹിയിൽ എത്തിയതോടെ അഡാനിയുടെ ആസ്തിയിൽ പ്രതിഭാസ തുല്യമായ വർധനയാണ് ഉണ്ടായത്. സ്വകാര്യ മേഖലയിലെ കോട്ടക് മഹീന്ദ്രാ ബാങ്ക്, കോട്ടക് ഫിനാൻഷ്യൽ സർവീസസ് എന്നീ സ്ഥാപനങ്ങളുടെ ആസ്തിയിലും ഗണ്യമായ വർധനയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത്. രാധാകൃഷ്ണൻ ദമാനിയുടെ ഉടമസ്ഥതയിലുള്ള ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഡി മാർട്ട്, അവന്യൂ സൂപ്പർ മാർക്കറ്റിങ്സ് എന്നീ സ്ഥാപനങ്ങളുടെ വരുമാനം 2.7 ബില്യൺ ഡോളറായി വർധിച്ചു. 2014ൽ വരുമാനം 7100 കോടി രൂപ ആയിരുന്നു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർസിലർ മിത്തൽ ഉടമ ലക്ഷ്മി മിത്തലിന്റെ ആസ്തിയിൽ 34 ശതമാനം വർധന രേഖപ്പെടുത്തി. ആദിത്യ ബിർലാ ഗ്രൂപ്പിന്റെ ആസ്തിയിൽ നാല് ശതമാനം വർധന മാത്രമാണ് ഉണ്ടായത്. ഗോദ്റെജ് കമ്പനിയുടെ ആസ്തിയിൽ മൂന്ന് ശതമാനവും എച്ച്സിഎൽ ടെക്നോളജീസ് ഉടമ ശിവ് നാടാറുടെ ആസ്തിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 15 ശതമാനവും വർധനയുണ്ടായി.

മോഡി സർക്കാർ സ്വീകരിക്കുന്ന കോർപ്പറേറ്റ് പ്രീണന നയങ്ങൾക്ക് സ്വദേശി ആശയം വിളമ്പുന്ന സംഘപരിവാറിന്റെ ആശിർവാദമുണ്ടെന്നുമാണ് ഇപ്പോഴത്തെ വാർത്തകൾ. വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന മോഡി സർക്കാരിന്റെ തീരുമാനത്തെ സംഘപരിവാർ അധ്യക്ഷൻ മോഹൻ ഭാഗവത് ന്യായീകരിച്ചിരുന്നു. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിൽ കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകൾ നൽകുന്ന സമീപനമാണ് മോഡി സർക്കാർ സ്വീകരിച്ചത്. ഇതിലൂടെ മാത്രം കോർപ്പറേറ്റുകൾക്ക് ലഭിച്ചത് 1.45 ലക്ഷം കോടി രൂപയുടെ നേട്ടമാണെന്നും സാമ്പത്തിക വിദഗ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നു.