കാലവർഷം കടന്നെത്തിയ ആദ്യദിനത്തിൽ ജില്ലയിൽ കനത്തമഴയിലും കാറ്റിലും വ്യാപകനാശം. കനത്തകാറ്റിൽ മരംവീണ് ഏഴ് വീടുകളാണ് തകർന്നത്. കുട്ടനാട് താലൂക്കിൽ ഒരുവീട് പൂർണമായും നിലംപൊത്തി. ചേർത്തല-രണ്ട്, കുട്ടനാട്-രണ്ട്, ചെങ്ങന്നൂർ‑ഒന്ന് എന്നിങ്ങനെയാണ് ഭാഗികമായി തകർന്നവീടുകളുടെ എണ്ണം.
നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ജില്ലഭരണകൂടത്തിന്റെ വിലയിരുത്തൽ. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളിൽ കടൽക്ഷോഭമുണ്ടായി. തീരദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കനത്തകാറ്റിൽ നിരവധിയിടങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും പോസ്റ്റുകൾ തകരുകയും ചെയ്തിട്ടുണ്ട്.
കെഎസ്ഇബി അധികൃതർ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. കനത്തകാറ്റിൽ കൊച്ചിയിൽ കപ്പലിൽനിന്ന് കണ്ടെയ്നറുകൾ അറബികടലിലേക്ക് വീണതിന്റെ പശ്ചാത്തലത്തിൽ ഓയിൽ പകരക്കാൻ സാധ്യതയുള്ളതിനാൽ തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതനിർദേശം നൽകി. 16 വർഷത്തിനുശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. ഇതിന് മുമ്പ് 2009ൽ മേയ് 23നാണ് കാലവർഷം എത്തിയത്.
അതിതീവ്ര മഴയുള്ളതിനാൽ ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശത്ത് ഉയർന്ന തിരമാലിക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.