ദുരന്തമായല്ല, ആരോഗ്യപ്രശ്നമായാണ് കോവിഡിനെ കാണേണ്ടതെന്ന് വെബിനാർ

Web Desk

കൊച്ചി

Posted on July 27, 2020, 3:45 pm

ആയുധ ശേഷിക്കോ സാമ്പത്തിക ശക്തിക്കോ പ്രതിരോധിക്കാനാവാത്ത തരത്തിലുള്ളതാണ് കൊറോണ ഉയർത്തുന്ന പ്രതിസന്ധികളെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. റോട്ടറി കൊച്ചിൻ കോസ്മോസ് ‘ഒരുമയോടെ ജീവിക്കാം ഒന്നായി നേരിടാം’ എന്ന പ്രമേയത്തിൽ ഗേറ്റഡ് സമൂഹങ്ങൾക്കായി നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊച്ചിയിലെ ഇരുന്നൂറ്റമ്പതോളം ഫ്ലാറ്റ്, വില്ല സമുച്ചയങ്ങളുടെ അസോസിയേഷൻ പ്രതിനിധികൾ വെബിനാറിൽ പങ്കെടുത്തു. കോവിഡ് എല്ലാ മേഖലകളേയും ബാധിച്ചിട്ടുണ്ട്. അതിന്റെ ആഴമെത്രയാണെന്ന് ഇനിയും അളക്കാനിരിക്കുന്നതേയുള്ളു. ഇനിയും എത്രനാളാണ് ഈ അവസ്ഥയുണ്ടാവുകയെന്ന് പറയാനുമാവില്ല. കോവിഡ് ബാധയേറ്റവരുടേയും മരിക്കുന്നവരുടേയും എണ്ണം കേൾക്കുമ്പോൾ അവ നമുക്കിപ്പോൾ കേവലം അക്കങ്ങൾ മാത്രമാണെങ്കിലും അതിൽ നമ്മളോ നമ്മുടെ ബന്ധുക്കളോ ഉൾപ്പെടുമ്പോഴാണ് അതിന്റെ വ്യാപ്തി തിരിച്ചറിയാനാവുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സർക്കാരും ഭരണകൂടങ്ങളും ആരോഗ്യ പ്രവർത്തകരും മാത്രം ചെയ്യേണ്ടവയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെന്ന് കരുതാതെ ഓരോരുത്തരും കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ പങ്കെടുക്കണം. തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നതിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാനാവുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ആറിൽ നിന്ന് നൂറാവാൻ വലിയ പ്രയാസമില്ലെങ്കിൽ പിന്നീട് നൂറിൽ നിന്നും ആറിലേക്കെത്താൻ വലിയ പ്രയാസങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ദുരന്ത വായനയിലെ ഓരോ കഥാപാത്രങ്ങളാണ് നമ്മളെന്ന് തിരിച്ചറിയണമെന്നും എല്ലാവർക്കും തങ്ങളുടേതായ ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും സ്വയം വളണ്ടിയറായി രംഗത്തെത്തണമെന്നും വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു.

കോവിഡിനെ ദുരന്തമായി കാണുന്നതിന് പകരം ആരോഗ്യ പ്രശ്നമായി കാണുകയാണ് വേണ്ടതെന്ന് വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ സവിത ആവശ്യപ്പെട്ടു. മറ്റേതു ആരോഗ്യ പ്രശ്നവും പോലെ തന്നെയാണ് കോവിഡും ബാധിക്കുന്നത്. ഇന്ത്യയിൽ കോവിഡ് രോഗമരണം 2.4 ശതമാനവും കേരളത്തിലത് ഒരു ശതമാനത്തിൽ താഴേയുമാണ്. അതുകൊണ്ടുതന്നെ സോപ്പ്, മാസ്ക്, സാമൂഹ്യ അകലം എന്നിവയിലൂടെ കൊറോണയെ അകറ്റി നിർത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും ഡോ. കെ സവിത പറഞ്ഞു. ചെറിയ പ്രദേശത്ത് കൂടുതൽ പേർ താമസിക്കുന്ന സ്ഥലമാണ് ഗേറ്റഡ് കമ്യൂണിറ്റിയെന്നതിനാൽ അണുനശീകരണം ഉൾപ്പെടെയുള്ള വിവിധ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ലിഫ്റ്റ് ഹൈ റിസ്ക് ഏരിയായതിനാൽ അവിടെ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരമാവധി പാലിക്കാൻ ശ്രമിക്കണമെന്നും ഡെപ്യൂട്ടി ഡി എം ഒ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാർക്ക് ഫേസ് ഷീൽഡ് ഉൾപ്പെടെ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജിം, സ്വിമ്മിംഗ്പൂൾ ഉൾപ്പെടെയുള്ളവ തത്ക്കാലത്തേക്ക് പ്രവർത്തിപ്പിക്കാതിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാജ്യത്തെ നഗരങ്ങളിലാണ് കോവിഡ് വ്യാപനമുണ്ടായതെന്ന് നിരീക്ഷിച്ചാൽ കണ്ടെത്താനാവുമെന്നും അതുകൊണ്ടുതന്നെ എറണാകുളവും കൊച്ചിയും ആ പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞ കളക്ടർ നമ്മുടെ കൂടുതൽ ശ്രദ്ധയാണ് പരമാവധി രോഗബാധ തടഞ്ഞു നിർത്തുന്നതെന്നും ചൂണ്ടിക്കാട്ടി. എല്ലാവരും പരമാവധി ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട് റോട്ടറി ഡിസ്ട്രിക്ട് 3201 നിർവഹിച്ച സേവനങ്ങളെ കുറിച്ച് ഗവർണർ ജോസ് ചാക്കോ വിശദീകരിച്ചു. റോട്ടറി കൊച്ചിൻ കോസ്മോസ് പ്രസിഡന്റ് വെങ്കിടേഷ് ത്യാഗരാജൻ സ്വാഗതം പറഞ്ഞു. ശ്രീജിത്ത് പണിക്കർ മോഡറേറ്ററായിരുന്നു. കാർഗിൽ ധീരയോദ്ധാക്കൾക്ക് അഞ്ജലിയർപ്പിച്ചാണ് പരിപാടികൾക്ക് തുടക്കമായത്.

you may also like this video