8 September 2024, Sunday
KSFE Galaxy Chits Banner 2

കാട്ടുവരയണ്ണാനും ചാരവേഴാമ്പലും വംശനാശത്തിലേക്ക്

കെ രംഗനാഥ്
തിരുവനന്തപുരം
November 2, 2022 9:53 pm

ആവാസവ്യവസ്ഥയുടെ തകര്‍ച്ച മൂലം സംസ്ഥാനത്ത് സാധാരണയായി കണ്ടുവരാറുള്ള കാട്ടുവരയണ്ണാനും ഇരുപതോളം ഇനം പക്ഷികളും വംശനാശഭീഷണി നേരിടുന്നു. അന്താരാഷ്ട്ര സംഘടനയായ ഐയുസിഎന്‍ വംശനാശത്തിന്റെ ചുവന്ന പട്ടികയില്‍പ്പെടുത്തിയ കാട്ടുവരയണ്ണാന്‍ ജൈവ ആവാസമണ്ഡലമായ കാവുകളിലും വീട്ടുവളപ്പുകളിലെ വൃക്ഷക്കൊമ്പുകളിലുമാണ് സാധാരണ കണ്ടുവരുന്നത്.
എന്നാല്‍ വൃക്ഷവൈവിധ്യം നിറഞ്ഞ കാവുകള്‍ വെട്ടിവെളിപ്പിക്കുന്നതും അനിയന്ത്രിതമായ ഭവനനിര്‍മ്മാണത്തിനിടെ ആയിരക്കണക്കിനു വൃക്ഷങ്ങളും കുറ്റിക്കാടുകളും വെട്ടിനശിപ്പിക്കുന്നതും മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതുമാണ് കാട്ടുവരയണ്ണാന്മാരുടെ വംശവര്‍ധനയെ ദോഷകരമായി ബാധിച്ചതെന്ന് കണ്ണൂര്‍ സര്‍വകലാശാലയുടെ പരിസ്ഥിതി പഠനവകുപ്പിലെ ഡോ. കെ മനോജിന്റെയും തളിപ്പറമ്പ് സര്‍സയ്ദ് കോളജ് അധ്യാപിക ഡോ. പി ശ്രീജയുടെയും ബിരുദാനന്തര ബിരുദവിദ്യാര്‍ത്ഥിയായ പി വി ആമിനയുടെയും നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തി. കണ്ണൂരിലെ പ്രസിദ്ധമായ മാടായിക്കാവ്, ചാമക്കാവ്, നീലിയാര്‍കോട്ടം പൂങ്ങേട്ടുകാവ്, ഇരുവേരിക്കാവ്, താഴേക്കാവ് എന്നീ കാവുകളിലോരോന്നിലും നൂറുകണക്കിന് കാട്ടുവരയണ്ണാന്മാരുടെ സങ്കേതങ്ങളായിരുന്നു.
ഇവിടെ വെറും 106 കാട്ടുവരയണ്ണാന്മാരെ മാത്രമാണ് പഠനത്തില്‍ കണ്ടെത്താനായത്. ഇതില്‍ പകുതിയും നീലിയാര്‍കോട്ടം കാവില്‍. ഈ കാവിന് കാര്യമായ നശീകരണം സംഭവിച്ചിട്ടില്ല. ഇതില്‍ നിന്നും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയാണ് ഇവയുടെ വംശനാശത്തിനു കാരണമെന്നും തെളിയുന്നു.
മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനില്‍ നടത്തിയ പ്രഥമ പക്ഷിസര്‍വേയില്‍ 174 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. നേര്യമംഗലം, അടിമാലി, ദേവികുളം ഫോറസ്റ്റ് റേഞ്ചുകളും പത്ത് ബേസ് ക്യാമ്പുകളും കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയില്‍ 21 ഇനം പക്ഷികളും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണെന്നും വ്യക്തമായി. എന്നാല്‍ 11 ഇനം പക്ഷികള്‍ വംശനാശം നേരിടുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നീലഗിരി വുഡ്പിജിയന്‍ എന്നറിയപ്പെടുന്ന മരപ്രാവ്, നീലഗിരി പിപ്പിറ്റ് എന്ന കലവരമ്പന്‍, വെള്ളവയറന്‍ ചോലക്കിളി, മലബാര്‍ ചാരവേഴാമ്പല്‍, പോതക്കിളി, വടക്കന്‍ ചിലുചിലപ്പന്‍, ചാരത്തലയന്‍ ബുള്‍ബുള്‍, കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍, നീലക്കിളി പാറ്റപിടിയന്‍, മേനിപ്രാവ്, ചെമ്പന്‍ എറിയന്‍ എന്നയിനം പക്ഷികളാണ് മൂന്നാര്‍ ഡിവിഷനില്‍ മാത്രം വംശനാശം നേരിടുന്നവ. 

Eng­lish Sum­ma­ry: The wild squir­rel and the gray horn­bill are on the verge of extinction

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.