
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിഷേധവും പ്രതിപക്ഷാംഗങ്ങള്‍ക്കുനേരെ ഭരണപക്ഷ ആക്രമണവും വരെയെത്തിയ സമ്മേളനം സംഭവ ബഹുലമായിരുന്നു.
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് ഇടയിലും ബജറ്റ് അപ്രോപ്രിയേഷന്‍ ബില്‍ ഉള്‍പ്പെടെയുള്ളവ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കാന്‍ സര്‍ക്കാരിനായി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനും സര്‍ക്കാരിനു കഴിഞ്ഞു. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം ബില്‍ പരിശോധിക്കാനുള്ള ജെപിസിയിലെ എംപിമാരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ 39 ആയി ഉയര്‍ത്തി. കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ രാധാകൃഷ്ണന്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്നലെ ചേര്‍ന്ന ലോക്‌സഭ ചോദ്യവേളയിലേക്ക് കടന്നെങ്കിലും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം അണിനിരന്നതോടെ സമ്മേളിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ ആദ്യം 12 വരെ നിര്‍ത്തിയ സഭയില്‍ ഭരണ‑പ്രതിപക്ഷ നേതാക്കന്മാരെ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ചേംബറിലേക്ക് വിളിപ്പിച്ചു. ശേഷം സമ്മേളിച്ച സഭ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അനിശ്ചിത കാലത്തേക്ക് പിരിയുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.