പി പി ചെറിയാൻ

വാഷിംഗ്ടൺ

September 22, 2020, 1:10 pm

ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച് യുവതി അറസ്റ്റില്‍

Janayugom Online
arrest for sexually assault a boy janayugom online

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോർക്ക്-കാനഡ അതിർത്തിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.  തുടരന്വേഷണത്തിന്റെ ഭാഗമായി യുവതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയക്കാൻ ശ്രമം നടന്നത്.

എന്നാൽ കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുൻപ് തടഞ്ഞുവെന്ന് യു. എസ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റിസിൻ എന്ന വിഷവസ്തുവാണ് കത്തിൽ രഹസ്യമായി സൂക്ഷിച്ചിരുന്നത്. യു. എസ് പോസ്റ്റൽ സംവിധാനം കേന്ദ്രീകരിച്ച് കത്ത് എവിടെ നിന്നുവന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും യു. എസ് രഹസ്യാന്വേഷണ ഏജൻസിയും. കാനഡയിൽ നിന്നാണ് പാക്കേജ് വന്നതെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നുവെന്ന് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

കനേഡിയൻ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു.

കാസ്റ്റർ ബീൻസിൽ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന രാസവസ്തുവാണ് റിസിൻ. ഇത് വിഴുങ്ങുകയോ, ശ്വസിക്കുകയോ, കുത്തിവെക്കുകയോ ചെയ്താൽ ചർദ്ദി, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ പരാജയം എന്നിവയ്ക്ക് കാരണമാകും.

റിസിനെതിരെ ഫലപ്രദമായ മരുന്നില്ല. റിസിൻ ഉള്ളിൽച്ചെന്നാൽ 36 മുതൽ 72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുമെന്ന് യു. എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. ഇതിനു മുമ്പും റിസിൻ ഉപയോഗിച്ചുള്ള പാക്കേജുകൾ വൈറ്റ് ഹൗസിലെത്തിയിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 2014ൽ മിസിസിപ്പിയിലെ ഒരാൾ റിസിൻ അടങ്ങിയ കത്ത് അയച്ചിരുന്നു. പ്രസ്തുത കേസിൽ ഇയാൾക്ക് 25 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 2018ൽ നാവിക സേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെതിരെയും റിസിൻ അടങ്ങിയ വിഷവസ്തു പെന്റഗണിലേക്കും വൈറ്റ് ഹൗസിലേക്കും അയച്ചതിൽ കേസെടുത്തിരുന്നു.