18 July 2024, Thursday
KSFE Galaxy Chits Banner 2

വനിതാസംവരണ നിയമം സത്വരം നടപ്പാക്കണം

Janayugom Webdesk
September 20, 2023 5:00 am

രുപത്തിയേഴ് വർഷത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ സംവരണം ഉറപ്പുനൽകുന്ന ഭരണഘടനാ ഭേദഗതിബിൽ നരേന്ദ്രമോഡി സർക്കാർ പതിവ് രാഷ്ട്രീയ നാടകീയതയുടെ അകമ്പടിയോടെ ഇന്നലെ പാർലമെന്റിന്റെ അധോസഭയിൽ വീണ്ടും അവതരിപ്പിച്ചു. ഭരണഘടനാ ഭേദഗതിബിൽ എന്നതിനുപകരം ‘നാരി ശക്തി വന്ദൻ അധിനിയം’ എന്ന് സംസ്കൃതത്തിൽ നാമകരണം ചെയ്യപ്പെട്ട ബിൽ എല്ലാ അർത്ഥത്തിലും പുതിയ ലേബലിലും കുപ്പിയിലുമാക്കിയ പഴയ വീഞ്ഞുതന്നെ. അതിന്റെ പ്രയോജനം ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന വനിതകൾക്ക് ലഭിക്കണമെങ്കിൽ അഞ്ചുവർഷമെങ്കിലും കാത്തിരിക്കണമെന്ന് പുരുഷാധിപത്യ ഹിന്ദുത്വ ഭരണകൂടം ഉറപ്പുവരുത്താൻ ശ്രമിച്ചിട്ടുണ്ട്. പാർലമെന്റ് ഏകകണ്ഠമായി പാസാക്കുമെന്ന് ഏതാണ്ട് ഉറപ്പുള്ള ബിൽ നിയമമായാലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അത് ബാധകമാക്കിയേക്കില്ല. നിലവിലുള്ള 543 ലോക്‌സഭാ സീറ്റിൽ 33 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിന് പകരം നിർദിഷ്ട ബിൽ പ്രകാരം ലോക്‌സഭാ മണ്ഡല പുനർനിർണയം വരെ അവർ കാത്തിരിക്കേണ്ടിവരും. മൂന്ന് പതിറ്റാണ്ടോളം നിഷേധിക്കപ്പെട്ട നീതി വീണ്ടും അഞ്ചുവർഷംകൂടി വൈകിക്കുന്നത് പുരുഷാധിപത്യ ഭരണകൂടത്തിന്റെ ആസൂത്രിത ഗൂഢാലോചനയല്ലെങ്കിൽ മറ്റെന്താണ്? ഭരണവും ഭരണാധികാരവും ഒരു തുടർ പ്രക്രിയയാണെന്ന് ഒരിക്കലും അംഗീകരിക്കാൻ തയ്യാറാവാത്ത മോഡി ഭരണകൂടം വനിതാ സംവരണ ഭേദഗതിബില്ലിന്റെ കാര്യത്തിലും ഇന്ദ്രജാലക്കാരനെപ്പോലെ ശൂന്യതയിൽനിന്നും ആവാഹിച്ചെടുത്ത ഒന്നാണ് നാരി ശക്തി വന്ദൻ അധിനിയം എന്ന അവകാശവാദത്തിനാണ് മുതിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ പ്രസിദ്ധമായ കഥാപാത്രത്തെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ: എന്തുകൊണ്ട് ലോകായുക്ത ഭേദഗതി


വനിതാ സംവരണ നിയമം എന്നപേരിൽ അറിയപ്പെടുന്ന 108-ാമത് ഭരണഘടനാ ഭേദഗതി ബിൽ 1996 സെപ്റ്റംബർ 12നാണ് എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിൽ, സിപിഐ അടക്കം ഇടതുപാർട്ടികൾ ഉൾപ്പെട്ട, ഐക്യമുന്നണി സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യാനും പരിവൃത്തി അടിസ്ഥാനത്തിൽ ആ സംവരണ സീറ്റുകൾ നിർണയിക്കാനും ബിൽ വ്യവസ്ഥ ചെയ്തിരുന്നു. നിയമമാകുന്നതുമുതൽ 15 വർഷത്തേക്ക് സംവരണം തുടരുമെന്നായിരുന്നു ബിൽ വിഭാവനം ചെയ്തത്. ബില്ലിന് സഭയുടെ അംഗീകാരം ലഭിക്കാതെ വന്നതോടെ, സിപിഐ നേതാവ് ഗീതാ മുഖർജി അധ്യക്ഷയായ പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കുവിടുകയും അവർ അതിന് ഏഴ് ഭേദഗതികൾ നിർദേശിക്കുകയുമുണ്ടായി. പിൽക്കാലത്ത് ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിൽ സ്ത്രീ സംവരണ പ്രശ്നം സ്ഥാനംപിടിക്കുകയും ബില്ലിന്റെ പുതിയ പതിപ്പിൽ ഗീതാ മുഖർജി കമ്മിറ്റിയുടെ അഞ്ചു ഭേദഗതികൾ ഇടംനേടുകയുമുണ്ടായി. 2010 മാർച്ച് ഒമ്പതിന് രാജ്യസഭ ഒന്നിനെതിരെ 186 വോട്ടുകൾക്ക് ആ ബിൽ പാസാക്കുകയും ചെയ്തു. അതിനുമുമ്പ് 1988, 1999, 2002, 2003 വർഷങ്ങളിൽ ബിൽ ലോക്‌സഭയുടെ പരിഗണനയ്ക്ക് വന്നെങ്കിലും പാസാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. 2010ൽ രാജ്യസഭ പാസാക്കിയ ബിൽ പിന്നീടൊരിക്കലും പരിഗണനയ്ക്ക് വരാതെ 2014ൽ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ അസാധുവാകുകയായിരുന്നു. ലോക്‌സഭയുടെ പരിഗണനയ്ക്ക് ബിൽ വന്ന ഒരവസരത്തിലും അന്നത്തെ സർക്കാരുകൾക്ക് ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എന്നാൽ നരേന്ദ്രമോഡി ഭരണം പിന്നിടുന്ന കഴിഞ്ഞ ഒമ്പതരവർഷത്തെ സ്ഥിതി അതായിരുന്നില്ല.


ഇതുകൂടി വായിക്കൂ: വനപരിപാലന ഭേദഗതി കോര്‍പറേറ്റുകൾക്കു വേണ്ടി


മൂന്ന് പതിറ്റാണ്ടോളം വൈകിയ വനിതാ സംവരണ ബിൽ വീണ്ടും പാർലമെന്റിന്റെ പരിഗണനയ്ക്ക് വന്നിരിക്കുന്നു എന്നതും അത് നിയമമാകും എന്ന പ്രതീക്ഷയും സ്വാഗതാർഹവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുമാണെന്നതിൽ സംശയമില്ല. ഇക്കാലയളവിനുള്ളിൽ പല ഘട്ടങ്ങളിലും ബില്ലിനെതിരെ നിലകൊണ്ടവരുടെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. എല്ലാവിഭാഗം വനിതകൾക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുംവിധം അവർ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ അവഗണിക്കാവുന്നതല്ല. ബിൽ നിയമമായാലും അത് സത്വരം നടപ്പാക്കുന്നതിന് പകരം തൊടുന്യായങ്ങൾ ഉന്നയിച്ച് കാലവിളംബം വരുത്തുന്നതിന് ഒരു ന്യായീകരണവുമില്ല. അത് തികഞ്ഞ നീതിനിഷേധമാണ്. സ്ത്രീ സംവരണത്തിന്റെ പേരിൽ വോട്ടർമാരിൽ പകുതിയിലേറെ വരുന്ന പൗരജനങ്ങളെ കബളിപ്പിച്ച് അധികാരം ഉറപ്പിക്കാമെന്ന മോഡിയുടെയും ബിജെപിയുടെയും വ്യാമോഹമാണ് അതിനു പിന്നിലുള്ളത്. പാർലമെന്റിലെ പ്രതിപക്ഷവും രാജ്യത്തെ പൗരജനങ്ങളും ഈ വഞ്ചനയ്ക്കും കാപട്യത്തിനുമെതിരെ പ്രതിഷേധ കൊടുങ്കാറ്റുതന്നെ ഉയർത്തുമെന്നുവേണം പ്രതീക്ഷിക്കാൻ. ഭരണത്തുടർച്ചയുടെ തത്വങ്ങൾ നിരാകരിച്ച് ബിജെപിയും മോഡിയും നടത്തുന്ന അവകാശവാദങ്ങളുടെ കാപട്യം തിരിച്ചറിയാനുള്ള ചരിത്രബോധവും ജനാധിപത്യ പ്രതിബദ്ധതയും പ്രബുദ്ധരായ ഇന്ത്യൻ ജനതയ്ക്ക് ഉണ്ടെന്ന വസ്തുത ഭരണവർഗം വിസ്മരിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.