ലോകത്തിലെ ആദ്യ ജനാധിപത്യ സോഷ്യലിസ്റ്റ് പാര്‍ട്ടി വലിയ രൂപഭേദങ്ങളോടെയാണെങ്കിലും ഇന്നും സജീവമായി നിലനില്ക്കുന്നു. ഫാസിസത്തിന്റെ ഉദയവും അസ്തമനവും കണ്ട ജര്‍മ്മനിയില്‍ ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എസ്‌പിഡി) കഴിഞ്ഞ 147 വര്‍ഷമായി സജീവമായി തന്നെ നിലനില്ക്കുന്നു. എസ്‌പിഡി യേക്കാള്‍ പഴക്കമുള്ളതും ഇന്നും നിലനില്ക്കുന്നതുമായ ഏക രാഷ്ട്രീയ കക്ഷി 1854ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ രൂപീകൃതമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ്.
ഫെര്‍ഡിനാന്റ് ലെസാലെ എന്ന 39 വയസുവരെ മാത്രം ജീവിച്ച ജര്‍മ്മന്‍ തത്വശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും പഠിച്ച, സോഷ്യലിസ്റ്റ്, യൂറോപ്പില്‍ തന്നെ ആദ്യമായി സോഷ്യലിസ്റ്റ് പാതയില്‍ ഒരു പാര്‍ട്ടി കെട്ടിപ്പടുക്കുകയും പ്രായപൂര്‍ത്തി വോട്ടവകാശത്തിനായി ശബ്ദമുയര്‍ത്തുകയും ചെയ്തു. പ്രഷ്യയിലെ അതിശക്തനായ ഭരണാധികാരി, ജര്‍മ്മനിയുടെ ഏകീകരണം സാധ്യമാക്കിയ ഓട്ടോവാന്‍ ബിസ്‌മാര്‍ക്കുമായി നേരിട്ടുതന്നെ ഭിന്നാഭിപ്രായം രേഖപ്പെടുത്താന്‍ ധീരത കാണിച്ചുകൊണ്ടാണ് ലെസാലെ 1863 മെയ് 23ന് ജര്‍മ്മന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഡിഎവി) സ്ഥാപിക്കുന്നത്. “എന്നാണ് ഒരു ലക്ഷം തൊഴിലാളികള്‍ ഈ സംഘടനയില്‍ അംഗങ്ങളാവുന്നത് അന്ന് നമ്മള്‍ ജര്‍മ്മനിയിലെ നിര്‍ണായക ശക്തിയായി മാറും” ലെസാലെ പ്രഖ്യാപിച്ചു. “തൊഴിലാളികള്‍ അവരുടെ അവസ്ഥയില്‍ മാറ്റമാഗ്രഹിക്കുന്നുവെങ്കില്‍, തൊഴിലാളികളെ സമന്‍മാരും സാമ്പത്തിക ഭദ്രതയുള്ളവരുമാക്കി മാറ്റാന്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കേണ്ടതുണ്ട്” എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ പുരോഗതിയിലൂടെയും മാത്രമേ തൊഴിലാളികളുടെ അവസ്ഥ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ലസാലെ വിശ്വസിച്ചു.
1875 ല്‍ ലെസാലെയുടെ ജര്‍മ്മന്‍ വര്‍ക്കേഴ്സ് അസോസിയേഷനും ഓഗസ്റ്റ് ബേബന്‍ നേതൃത്വം നല്കിയ സോഷ്യല്‍ ഡെമോക്രാറ്റിക് വര്‍ക്കേഴ്സ് പാര്‍ട്ടിയും ഒന്നുചേര്‍ന്നാണ് ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി രൂപീകരിക്കുന്നത്. 19-ാം നൂറ്റാണ്ടിലെ രാജഭരണത്തിന് കീഴിലുള്ള ജര്‍മ്മനിയില്‍ ഭരണകൂടത്തിന് തൊഴിലാളികളുടെ സോഷ്യലിസ്റ്റ് ഭരണം സ്ഥാപിക്കുന്നതിനായുള്ള ഒരു പാര്‍ട്ടി നിലവില്‍ വന്നതും അവര്‍ പൗരാവകാശങ്ങള്‍ക്കും സാര്‍വത്രിക വോട്ടവകാശത്തിനുമായി ശബ്ദമുയര്‍ത്തുന്നതും അചിന്ത്യമായിരുന്നതിനാല്‍ 1878 മുതല്‍ 1890 വരെയുള്ള 12 വര്‍ഷക്കാലം പാര്‍ട്ടി നിരോധിക്കപ്പെട്ടു. എങ്കിലും ഈ വര്‍ഷങ്ങളിലെല്ലാം നിരോധനത്തെ തൃണവല്‍ഗണിച്ചുകൊണ്ട് പാര്‍ട്ടി വളര്‍ന്നു. തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്തു മാത്രമല്ല, പാര്‍ട്ടി കൂടുതല്‍ മാര്‍ക്സിയന്‍ ആശയങ്ങളിലേക്ക് അടുക്കുകയും ചെയ്തു. 1889ല്‍ പോളണ്ടില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ജര്‍മ്മനിയിലേക്ക് കുടിയേറിയ റോഡ ലെക്സംബര്‍ഗ് കണ്ട പാര്‍ട്ടി അവരുടെ തന്നെ വാക്കുകളില്‍ “പത്തു ലക്ഷത്തോളം അംഗസംഖ്യയും, 90 ദിനപ്പത്രങ്ങളുടെ ഉടമസ്ഥതയും, 3,500 ലധികം മുഴുവന്‍സമയ പ്രവര്‍ത്തകരുമുള്ള ലോകത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് സംഘടന” ആയിരുന്നു. 1890 ല്‍ നിരോധനം അവസാനിച്ച് പൊതുരംഗത്തേക്ക് തിരിച്ചുവന്ന പാര്‍ട്ടിക്ക് വമ്പിച്ച ജനപിന്തുണയാണുണ്ടായിരുന്നത്.
1912 ല്‍ ജര്‍മ്മന്‍ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്നു ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക്. ഇതേസമയം തന്നെ പാര്‍ട്ടിയുടെ വമ്പിച്ച ജനപിന്തുണയും പാര്‍ട്ടി ആര്‍ജിച്ച സ്ഥാപനങ്ങളുടെയും സ്വത്തിന്റെയും വലിപ്പവും പാര്‍ട്ടി സ്ഥാപകന്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങളില്‍ നിന്നും പിറകോട്ട് നയിച്ചു. ഈ നയഭ്രംശം ആദ്യമേ തന്നെ തിരിച്ചറിയുകയും അതിനെതിരേ പാര്‍ട്ടിക്കകത്തും പുറത്തും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തത് റോഡ ലക്സംബര്‍ഗും അവരോടൊപ്പം നിന്ന ഫ്രാന്‍സ് മെഹ്‌റിംഗ്, കാള്‍ലീ, ക്ലാരാ സെക്‌ടിന്‍, കാള്‍ റാഡക് തുടങ്ങിയ ചുരുക്കം നേതാക്കളുമായിരുന്നു. എഡ്വേഡ് ബേണ്‍സ്റ്റെണിന്റെ നേതൃത്വത്തില്‍ ഒരു തീവ്ര വലതുവിഭാഗവും കാള്‍ കൗട്സ്‌കിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷമായ മധ്യമാര്‍ഗത്തില്‍ നില്ക്കുകയും എന്നാല്‍ വലതുപക്ഷത്തിന് എല്ലാ ധാര്‍മ്മിക പിന്തുണയും നല്കുകയും ചെയ്ത ഒരു വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ നയഭ്രംശങ്ങളെക്കുറിച്ച് നിരന്തരമായി എഴുതുകയും പാര്‍ട്ടിക്കുള്ളില്‍ ആശയ സംവാദങ്ങള്‍ സജീവമായി നിലനിര്‍ത്തുകയും ചെയ്തത് റോഡ ലക്സംബര്‍ഗ് ആയിരുന്നു. 1912ല്‍ ജര്‍മ്മനിയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കൈവരിച്ചെങ്കിലും ഈ അവസരം സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നേറാന്‍ ഉപയോഗിക്കുന്നതിനു പകരം, യാഥാസ്ഥിതികരുമായി കൂട്ടുകൂടുവാനും സാര്‍വദേശീയ സോഷ്യലിസ്റ്റ് ഐക്യത്തെ തള്ളിപ്പറയുവാനുമാണ് പാര്‍ട്ടി ഉപയോഗിച്ചത്. പാര്‍ലമെന്റില്‍ പാര്‍ട്ടി എംപിമാര്‍ സങ്കുചിത ദേശീയ വാദത്തെ പുകഴ്‌ത്തുവാനും ജര്‍മ്മനിയുടെ സാമ്രാജ്യ മോഹത്തെ അനുകൂലിക്കുവാനും തുടങ്ങി. ഇതിന്റെ പര്യവസാനം യൂദ്ധച്ചെലവിലേക്കുള്ള ധനാഭ്യര്‍ത്ഥന 1913ല്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമ്പോള്‍ കാള്‍ ലിബ്നീഷ് ഒഴികെയുളള എല്ലാ സോഷ്യല്‍ ഡമോക്രാറ്റ് എംപിമാരും ധനാഭ്യര്‍ത്ഥനയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതാണ്. പിറ്റേദിവസം യുദ്ധവിരുദ്ധ പ്രവര്‍ത്തകരുടെ യോഗത്തില്‍ റോഡ പ്രസ്താവിച്ചു “ഇന്നുമുതല്‍ ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രസി ഒരു ചീഞ്ഞുനാറുന്ന ശവമായി മാറിക്കഴിഞ്ഞു.” “ദി ഇന്റര്‍നാഷണല്‍” എന്ന ഒരു പത്രം അവര്‍ ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി “സ്പാര്‍ട്ടക്കസ് ലെറ്റേഴ്സ്” എന്ന് രഹസ്യമായി അച്ചടിച്ച ലഘുലേഖകളും പ്രചരിച്ചുതുടങ്ങി. ഇവയിലൂടെയാണ് സ്പാര്‍ട്ടക്കസ് ലീഗ് എന്ന പേരില്‍ സംഘടനാരൂപം പ്രഖ്യാപിച്ചതും. ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിലെത്തിയതും രൂപം പ്രാപിച്ചതും. 1918ല്‍ ഒന്നാം ലോകമഹായുദ്ധത്തിലെ ദയനീയമായ പരാജയത്തെ തുടര്‍ന്ന് കൈസര്‍വില്യം രണ്ടാമന്‍ രാജാവ് സ്ഥാനത്യാഗം നടത്തിയതിനു പിറകെ വെയ്‌മര്‍ റിപ്പബ്ലിക് സ്ഥാപിച്ചുകൊണ്ട് 1918 മുതല്‍ 1933 വരെയുള്ള കാലഘട്ടം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഭരണം നടത്തി. യുദ്ധം മൂലമുണ്ടായ കടവും വര്‍ധിച്ച തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം ദുര്‍ബലമായ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ഭരണകൂടത്തിന് നാസികളുടെ വളര്‍ച്ചയെ തടയുവാനായില്ല. എങ്കിലും സംഭവിച്ച വീഴ്ചകളില്‍ നിന്നും പാഠം പഠിച്ച സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഹിറ്റ്‌ലര്‍ക്കെതിരെ ഒരുമിച്ചു നിന്നു. 1933 മാര്‍ച്ച് 23ന് വെയ്‌മര്‍ റിപ്പബ്ലിക്കിന്റെ അന്ത്യം കുറിച്ചുകൊണ്ട് ജര്‍മ്മന്‍ പാര്‍ലമെന്റില്‍ ഹിറ്റ്‌ലര്‍ വെയ്‌മര്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 68 മുതല്‍ 77 വരെയുള്ള വകുപ്പുകള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ക്ക് ബാധകമല്ല എന്ന “ഇനേബ്ലിംഗ് ആക്ട്” കൊണ്ടുവന്നു. ഈ നിയമം അവതരിപ്പിക്കുമ്പോള്‍ ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 81 അംഗങ്ങളെയും സോഷ്യല്‍ ഡെമോക്രാറ്റുകളുടെ 120 എംപിമാരില്‍ 26 പേരെയും പാര്‍ലമെന്റില്‍ പ്രവേശിക്കാനനുവദിച്ചില്ല. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി എല്ലാ ഫാസിസ്റ്റ് ഭരണകാലങ്ങളിലുമെന്നപോലെ ഫാസിസ്റ്റ് ഭരണത്തിനൊപ്പം നിന്നു. എങ്കിലും പാര്‍ലമെന്റില്‍ കടന്നിരിക്കാന്‍ സാധിച്ച 94 സോഷ്യല്‍ ഡമോക്രാറ്റ് എംപിമാരും ഹിറ്റ്‌ലറുടെ കിരാത നിയമത്തിനെതിരെ വോട്ടു ചെയ്തു.
“ഞങ്ങളുടെ സ്വാതന്ത്ര്യവും ജീവിതവും നിങ്ങള്‍ക്ക് ഇല്ലാതാക്കാനാവും. എന്നാല്‍ ഞങ്ങളുടെ അഭിമാനം നശിപ്പിക്കാനാവില്ല” എന്ന് ഹിറ്റ്‌ലറുടെ മുഖത്തു നോക്കി സോഷ്യല്‍ ഡമോക്രാറ്റുകളുടെ ചെയര്‍മാന്‍ ഓട്ടോ വെല്‍സ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പക്ഷെ സമയം വൈകിപ്പോയിരുന്നു. 1919 ജനുവരി 15ന് റോഡാ ലക്സുംബര്‍ഗിനെയും കാള്‍ ലിബനിഷിനെയും അറസ്റ്റ് ചെയ്ത് ക്രൂരമായി വധിക്കാന്‍ യാഥാസ്ഥിതികര്‍ക്ക് കൂട്ടുനിന്ന സോഷ്യല്‍ ഡെമോക്രാറ്റുകള്‍ നാസിഭരണകാലത്ത് അതിന് വലിയവില നല്കേണ്ടിവന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് നാറ്റോയിലും യൂറോപ്യന്‍ എക്കണോമിക്സ് കമ്മ്യൂണിറ്റിയിലും അംഗമാകേണ്ടിവരികയും ചെയ്ത ജര്‍മ്മനിയില്‍ 1959 ല്‍ സോഷ്യല്‍ ഡമോക്രാറ്റുകള്‍ ഒരു നൂറ്റാണ്ടുകാലത്തെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ നിന്ന് പിന്‍വാങ്ങി. യഥാര്‍ത്ഥത്തില്‍ ഈ പിന്‍മാറ്റം 1912 ല്‍ തന്നെ ആരംഭിച്ചിരുന്നു. 1961 മുതല്‍ യാഥാസ്ഥിതിക കക്ഷികളുമായി ചേര്‍ന്ന് ജര്‍മ്മനിയില്‍ വീണ്ടും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഭരണത്തിലെത്തി. 1969 മുതല്‍ 1982 വരെ വില്ലി ബ്രാന്റ് തുടര്‍ന്ന് ഹെല്‍മറ്റ് ഷ്മിറ്റ് എന്നീ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ജര്‍മ്മന്‍ ചാന്‍സലര്‍മാരായി. 1982 മുതല്‍ 98 വരെ അധികാരത്തിനു പുറത്തായിരുന്നു. 1998 ല്‍ ജറാള്‍ഡ് സ്ട്രോട്ടരുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. 2017 ലെ പൊതുതെരഞ്ഞെടുപ്പില്‍ 20 ശതമാനം നേടുവാനേ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് സാധിച്ചുള്ളു. 2018ല്‍ ആഞ്ചലമെര്‍ക്കലിന്റെ വിശാലസഖ്യത്തില്‍ അംഗമായി ഭരണത്തിലെത്തി. ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി അതിന്റെ നൂറ്റമ്പതോളം വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ പലതവണ തകര്‍ന്നുപോയിരുന്നെങ്കിലും വീണ്ടും തിരിച്ചുവന്നിട്ടുണ്ട്. സോഷ്യല്‍ ഡമോക്രാറ്റായ ചാന്‍സലര്‍ വില്ലിബ്രാന്റ് ആണ് പോളണ്ടിലെ വാര്‍ഡോ യുദ്ധസ്മാരകത്തില്‍ മുട്ടുകുത്തി നിന്ന് രണ്ടാം ലോകമഹായുദ്ധകാലത്തെ ജര്‍മ്മന്‍ നാസികളുടെ പോളണ്ടിനോടുള്ള കുറ്റകൃത്യങ്ങള്‍ക്ക് മാപ്പു ചോദിച്ചത്. പ്രതീകാത്മകമായി ഇത് ആഭ്യന്തര വൈരുധ്യങ്ങള്‍ കാരണവും തെറ്റായ സഖ്യരൂപീകരണങ്ങളിലൂടെയും അധികാരത്തിന്റെ തണലില്‍ ആദര്‍ശങ്ങള്‍ കൈവിട്ടതിലൂടെയും ന്യൂനപക്ഷമായിരുന്ന നാസികള്‍ക്ക് ജര്‍മ്മനിയില്‍ അധികാരം കൈയാളാന്‍ അവസരം സൃഷ്ടിച്ചതിന്റെ മാപ്പപേക്ഷ കൂടിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.