വായനക്കാരനെക്കൊണ്ട് വായിപ്പിക്കുകയാണ് എഴുത്തുകാരന്‍റെ ബാധ്യത: എം ടി

Web Desk

കോഴിക്കോട്

Posted on February 23, 2018, 9:54 pm
വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ കോഴിക്കോട്ട് എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരനെക്കൊണ്ട് വായിപ്പിക്കുക എന്നതാണ് എഴുത്തുകാരന്റെ ബാധ്യതയെന്ന് എം ടി വാസുദേവന്‍ നായര്‍. കഥാകൃത്ത് വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രചനകളില്‍ ലാളിത്യവും സാരസ്യവും ചേരുമ്പോഴാണ് വായിച്ചുപോകുന്നത്. തന്റെ കൃതികളില്‍ വി ആര്‍ സുധീഷ് തുടക്കം മുതല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്നും എം ടി പറഞ്ഞു.

ആത്മവിശ്വാസത്തോടൊപ്പം ആത്മവിമര്‍ശനവും എഴുത്തുകാര്‍ ഉള്‍ക്കൊള്ളണം. താനെഴുതിയതിനപ്പുറം മറ്റൊന്നുമില്ലെന്നാണ് പലരുടെയും ചിന്ത. നിരസിക്കേണ്ടതിനെ നിരസിക്കാനും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനുമുള്ള മനസുവേണം. ഭാഷയോടുള്ള പ്രതിബദ്ധത ചെറിയ കാര്യമല്ലെന്നും അത് നിലനിര്‍ത്തുമ്പോഴാണ് എഴുത്തുകാരന്‍ തന്റെ ജോലിയോട് നീതിപുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐ ബുക്‌സ് പുറത്തിറക്കിയ രജനി സുബോധന്റെ കഥയുടെ പ്രപഞ്ച വഴികള്‍ എന്ന പുസ്തകം എം ടി എഴുത്തുകാരി സുഷമാ ബിന്ദുവിന് നല്‍കി പ്രകാശനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മുഖ്യാതിഥിയായിരുന്നു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി ജെ ജോഷ്വ, റിനീഷ് പേരാമ്പ്ര, ഒ പി സുരേഷ് എന്നിവര്‍ സംസാരിച്ചു.