ലഖ്നൗ: സമാധാനാന്തരീക്ഷം തകർത്തതും നിരോധന സ്വഭാവമുള്ള ഉത്തരവുകൾ ലംഘിച്ചതുമായും ബന്ധപ്പെട്ടു രാഷ്ട്രീയ നേതാക്കൾക്കെതിരെ നിലനിൽക്കുന്ന 20, 000 കേസുകൾ പിൻവലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. ഇതു സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ ജില്ലാ മജിസ്ട്രേറ്റുമാർക്കു കത്തയച്ചുകഴിഞ്ഞു. ഇക്കാര്യം ഡിസംബർ 22‑ന് ഉത്തർപ്രദേശ് ക്രിമിനൽ നിയമ ഭേദഗതി ബില്ലിൽ നിയമസഭയിൽ ചർച്ച നടക്കവെ യോഗി വ്യക്തമാക്കിയിരുന്നു.
പിൻവലിക്കുന്ന കേസുകളിൽ യോഗിക്കും ഉപമുഖ്യമന്ത്രി കേശവ് മൗര്യക്കും ബിജെപി എംപി സാക്ഷി മഹാരാജിനും കേന്ദ്രമന്ത്രി ശിവ് പ്രതാപ് ശുക്ലയ്ക്കും എതിരായ കേസുകളുണ്ട്. മാത്രമല്ല, സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനെതിരായ കേസും ഇതിൽപ്പെടും.
ബിജെപി എംഎൽഎമാരായ സംഗീത് സോം, സുരേഷ് റാണ, ശീതൾ പാണ്ഡെ, തുടങ്ങിയവരും പട്ടികയിൽപ്പെടും.
യോഗിക്കെതിരെ 22 വർഷം പഴക്കമുള്ള കേസാണ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിയമ വകുപ്പ് ഗോരഖ്പുർ ജില്ലാ മജിസ്ട്രേറ്റിനു കത്തയച്ചിരിക്കുന്നത്. ഈ കേസിൽ യോഗിയെക്കൂടാതെ, ശിവ് പ്രതാപ് ശുക്ലയും ശീതൾ പാണ്ഡെയും പ്രതികളാണ്.
യോഗിക്കെതിരായ കേസിൽ ഗവർണർ രാം നായിക്കിന്റെ അനുമതി ലഭിച്ചതോടെ പിൻവലിക്കാനുള്ള നടപടിക്രമങ്ങളുമായി ഗോരഖ്പുർ ജില്ലാ മജിസ്ട്രേറ്റ് മുന്നോട്ടുപോയിട്ടുണ്ടെന്നാണ് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തത്. സിആർപിസി 107,109 വകുപ്പുകൾ പ്രകാരമുള്ള കേസുകളാണു പിൻവലിക്കാൻ പോകുന്നത്. 2015 ഡിസംബർ 31 വരെയുള്ള കേസുകൾക്കു മാത്രമാണ് ഇതു ബാധകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.