കെപിആറിനെ നോക്കി ഭ്രാന്തമായി ശപിച്ച കല്യാശേരിയിലെ ആ യുവാവ്

Web Desk
Posted on November 03, 2019, 9:40 pm

devika

മലയാളക്കരയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ തീനാളമായിരുന്നു സഖാവ് കെപിആര്‍ ഗോപാലന്‍. ഇരമ്പുന്ന കലാപങ്ങളുടെ പടനായകനായിരിക്കേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍‍. തൂക്കുമരത്തിലേക്കുള്ള ദൂരത്തിന്റെ ദിനാകലങ്ങള്‍ കുറഞ്ഞുവരുമ്പോഴും കെപിആര്‍ ആവേശഭരിതന്‍, ആഹ്ലാദചിത്തന്‍. ഇതിനിടെ മഹാത്മാഗാന്ധി ഇടപെട്ടതോടെ വധശിക്ഷ റദ്ദാക്കി അദ്ദേഹത്തെ മോചിപ്പിക്കുന്നു. ജയിലില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ കെപിആറിന്റെ ഭാരം അഞ്ചു കിലോ കൂടുതല്‍! കഴുമരത്തെ കൂസാത്ത അദ്ദേഹം സിപിഐയിലെ നിര്‍ഭാഗ്യകരമായ ഭിന്നിപ്പുണ്ടായപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. അനന്തിരവള്‍ ശാരദടീച്ചറും ഭര്‍ത്താവ് ഇ കെ നായനാരും കെപിആറിന്റെ ചേരിയില്‍. പാര്‍ട്ടി പിളര്‍ക്കാന്‍ അന്നു കാരണമായി പറഞ്ഞത് സിപിഐയ്ക്ക് വിപ്ലവവീര്യം പോരെന്നായിരുന്നു. സായുധ വിപ്ലവത്തിന് ഇന്ത്യ പരിപക്വമായിക്കഴിഞ്ഞിരിക്കുന്നുവെന്നും സിപിഐ(എം) പറഞ്ഞു. വിപ്ലവ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നവെന്ന ഉദ്ഘോഷണവും. സാമൂഹ്യവര്‍ഗബന്ധങ്ങളെ ഇഴകീറി പരിശോധിച്ചാല്‍ ഇന്ത്യ ഒരു സായുധ വിപ്ലവത്തിനു പാകമായിട്ടില്ലെന്നു പറഞ്ഞ സിപിഐയെ തിരുത്തല്‍ വാദികളായി സിപിഐ(എം) ചാപ്പകുത്തി. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അഭിരമിക്കുകയല്ല വിപ്ലവ പ്രവര്‍ത്തനമെന്നും സിപിഐ(എം) രേഖകള്‍ മലവെള്ളം പോലെ പ്രവഹിച്ചു.

വിപ്ലവം പടിവാതില്‍ക്കലെന്ന പ്രഖ്യാപനത്തോടെ ജന്മംപൂണ്ട സിപിഐ(എം) തുടര്‍ന്ന് കേരളത്തില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കി സിപിഐയുമായുള്ള മുന്നണി സര്‍ക്കാര്‍. അതേസമയം, ബംഗാളില്‍ സിപിഐ(എം) ദേശീയ നേതാക്കളായ ഹരേകൃ‍ഷ്ണ കോനാരും മറ്റും കൂട്ടുകക്ഷി മന്ത്രിസഭയിലും. സായുധ വിപ്ലവം പടിവാതില്‍ക്കലെത്തിയെന്നു കരുതി രണസജ്ജരായി സിപിഐഎമ്മില്‍ ചേര്‍ന്ന ആയിരക്കണക്കിനു യുവാക്കള്‍ നിരാശയുടെ നീര്‍ച്ചുഴിയിലേക്ക് വലിച്ചെറിയപ്പെട്ടപോലെ. 1964 നവംബര്‍ ഏഴിന് സോവിയറ്റ് വിപ്ലവ വാര്‍ഷികത്തില്‍ നിലവില്‍ വന്ന സിപിഐഎം വൈകാതെ തന്നെ സായുധവിപ്ലവം ഉപേക്ഷിച്ച് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോയപ്പോള്‍ അവര്‍ കൈവിട്ടത് ചൈനയേയും മാവോയിസത്തേയുമായിരുന്നു. പക്ഷേ, സായുധ വിപ്ലവമെന്ന മൂ‍ഗതൃഷ്ണ കണ്ട മോഹിച്ച വിഭാഗങ്ങള്‍ സായുധകലാപങ്ങളിലേക്ക് നീങ്ങി. ബംഗാളിലെ നക്സല്‍ബാരിയില്‍ 1967 ല്‍ കനുസന്യാലിന്റെയും ചാരുമജുംദാരുടേയും ജംഗാള്‍ സന്താളിന്റേയും നേതൃത്വത്തില്‍ കര്‍ഷകസായുധ വിപ്ലവത്തിന്റെ വെടിപൊട്ടിയപ്പോള്‍ ചൈന ആര്‍പ്പുവിളിച്ചു. ‘ഇന്ത്യയില്‍ വിപ്ലവവസന്തത്തിന്റെ ഇടിമുഴക്കം’.

തൊരു തുടക്കമായിരുന്നു. കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും നിന്നും സിപിഐഎമ്മില്‍ നിന്ന് നക്സലൈറ്റ് പ്രസ്ഥാനം എന്ന മാവോയിസ്റ്റ് വര്‍ഗത്തിലേക്ക് ഒഴുകി. കേരളത്തില്‍ ഫിലിപ്പ് എം പ്രസാദ്, അജിത, കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, കെ പി നാരായണന്‍, വെള്ളത്തൂവല്‍സ്റ്റീഫന്‍, വര്‍ഗീസ്, കെ വേണു, രാവുണ്ണി, ഗ്രോവാസു തുടങ്ങിയവര്‍ സായുധ വിപ്ലവത്തിന്റെ പേരില്‍ നിരവധി ആക്രമണങ്ങളും സംഘടിപ്പിച്ചു. സായുധ വിപ്ലവം എന്ന പുല്ലിന്‍ കഷണത്തില്‍ ആകര്‍ഷിക്കപ്പെട്ടവരുടെ നിരാശാജനകമായ ആക്ഷനുകളായിരുന്നു അവ. ക്രമേണ ജന്മനാവിപ്ലവകാരിയായ കെപിആര്‍ ഗോപാലനും നക്സലൈറ്റ്-മാവോയിസ്റ്റ് പക്ഷക്കാരനായി. അദ്ദേഹത്തിന്റെ അവസാനനാളുകളില്‍ ഇപ്പോഴും ജീവിച്ചിരിപ്പുള്ള ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകന്‍ കെപിആറിനെ കാണാനെത്തിയ സംഭവം പത്രത്തില്‍ വന്നത് ഓര്‍മ്മ വരുന്നു. ഏകാകിയായ കെപിആറിനു കൂട്ടായി ഒരു വളര്‍ത്തുനായ മാത്രം കോലായിലുണ്ട്. ‘വരിക, വരിക, പേടിക്കണ്ട. അവന്‍ കുരയ്ക്കുകയേയുള്ളൂ, കടിക്കില്ല.’ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സായുധവിപ്ലവ സാഹചര്യങ്ങള്‍ക്ക് വായ്ത്തല പോയെന്ന പശ്ചാത്താപം പോലുള്ള ബിംബസമാനമായ കെപിആറിന്റെ വാക്കുകള്‍, ആയുധമെടുക്കാന്‍ സമയമായെന്നു പറഞ്ഞ് ലക്ഷക്കണക്കിന് ചെറുപ്പക്കാരെ പ്രലോഭിച്ച് നിരാശയിലാഴ്ത്തിയ സിപിഐ(എം) നേതൃത്വത്തി നിശിതമായി വിമര്‍ശിച്ച ആ വിപ്ലവകാരിയുടെ അവസാനത്തെ അഭിമുഖമായിരുന്നു അത്. അവസാനമായി കെപിആര്‍ തനിക്കുണ്ടായ അനുഭവത്തിന്റെ ഒരു വാങ്മയ ചിത്രവും വരച്ചുകാട്ടി. കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരന്‍ ഇവിടെ വന്ന് എന്നെനോക്കി ഒരുപാട് ശാപവചനങ്ങള്‍ ചൊരിഞ്ഞു. വിപ്ലവം പടിവാതില്‍ക്കലെ പറഞ്ഞ് ഞങ്ങളെയൊക്കെ വ‍ഞ്ചിച്ചില്ലേ? എത്ര തലമുറകളിലേക്കാണ് നിങ്ങള്‍ തുടങ്ങിവച്ച സിപിഐ(എം) ഈ പണി തുടരാന്‍ പോകുന്നത്. പാര്‍ട്ടിയിലെ മുത്തായിരുന്നു അവന്‍. പിന്നീട് നക്സലും മാവോയിസ്റ്റുമായി. സായുധ വിപ്ലവം കണ്ണെത്താദൂരത്തെന്ന് ബോധ്യമായ നിരാശയില്‍ തികഞ്ഞ മദ്യപാനിയായി. മുന്നില്‍ കാണുന്നവരെയെല്ലാം ശപിക്കും. കെപിആര്‍ അതു പറഞ്ഞപ്പോള്‍ മൂന്നാം തലമുറയിലേക്ക് നീളുന്ന വഞ്ചിക്കപ്പെട്ട സായുധവിപ്ലവത്തിന്റെ പ്രയാണപഥങ്ങള്‍. മാവോയിസ്റ്റ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നായകരായിരുന്ന കനു സന്യാല്‍ പ്രസ്ഥാനം വഞ്ചിക്കപ്പെട്ടതിലുള്ള നിരാശയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ജംഗള്‍സന്താള്‍ കെപിആര്‍ പറഞ്ഞ കഥയിലെ ചെറുപ്പക്കാരനെപ്പോലെ നിരാശയിലും മദ്യത്തിലുമാണ്ടു കഴിയുകയായിരുന്നു അവസാന നാളുകളില്‍ ചാരുമജുംദാരെ സായുധ വിപ്ലവം പറഞ്ഞുപറ്റിച്ചവരുടെ ജയിലില്‍ പീഡിപ്പിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോലും ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തില്ല. ഇപ്പോഴും ആ ചരിത്രം ആവര്‍ത്തിക്കുന്നു.

ഈ പ്രയാണവഴികളിലെ പഥികരാണ് കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ പൊലീസ് അരുംകൊല ചെയ്ത കുപ്പു ദേവരാജം അജിതയും സി പി ജലീലും മണിവാസകവും രമ എന്ന ശ്രീമതിയും അരവിന്ദും കാര്‍ത്തിയും. പ്രത്യയശാസ്ത്രം ഒരു കുറ്റവും രാജ്യദ്രോഹവുമാവുന്നത് ബൂര്‍ഷ്വാഭരണകൂടങ്ങള്‍ക്കാണ്. ഈയടുത്ത ദിവസങ്ങളില്‍ അട്ടപ്പാടിയിലെ മഞ്ചിക്കണിയില്‍ തണ്ടര്‍ബോള്‍ട്ട് കിരാതസംഘം കൊന്നൊടുക്കിയ നാലു മാവോവാദികളും കൊടുംകാടുകള്‍ക്കുള്ളിലെ ആദിവാസികളുമായി സൗഹൃദത്തില്‍ കഴിഞ്ഞവരാണ്. ആയുധം വച്ച് കീഴടങ്ങാനെത്തിയവരാണ്. അവര്‍ കാട്ടിനുള്ളില്‍ വിശപ്പടക്കാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് കണ്ണില്‍ ചോരയില്ലാതെ വെടിവച്ചുകൊന്നത്. കണ്ണുകള്‍ തുരന്നെടുത്തത്, തലച്ചോറ് വെടിവച്ചു ചിന്നിച്ചിതറിച്ചത്, ആഹാരം കഴിച്ചുകൊണ്ടിരുന്ന കൈപ്പത്തിയെ തീയുണ്ടയേല്‍പിച്ചു ഛിന്നഭിന്നമാക്കിയത്. തങ്ങള്‍ക്ക് സായുധകലാപത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയവരുടെ മര്‍ദ്ദനോപകരണമായ പൊലീസാണ് തങ്ങളെ വകവരുത്തുന്നതെന്ന് പറയാവുന്ന മട്ടിലുള്ള ഉച്ചിവച്ച കൈകൊണ്ടുള്ള ഉദകക്രിയ. എന്നിട്ട് മാവോയിസ്റ്റുകള്‍ ആക്രമിച്ചപ്പോള്‍ തിരിച്ച് ആക്രമിച്ചുള്ള ഏറ്റുമുട്ടല്‍ മരണങ്ങളെന്ന കള്ളക്കഥയും. ഇതേക്കുറിച്ച് വസ്തുതാന്വേഷണ പഠനസംഘത്തെ സിപിഐ നിയോഗിച്ചപ്പോള്‍ എന്തെല്ലാം ബഹളം. ബലാല്‍സംഗ കേസ് മൂടിവയ്ക്കാനുള്ള വസ്തുതാന്വേഷണ കമ്മിഷനെ നയിച്ച ഒരു മാന്യന്‍ പറഞ്ഞത് സിപിഐയുടെ സത്യാന്വേഷണ ദൗത്യം തെറ്റായ സന്ദേശം നല്‍കുമെന്ന്. മറ്റൊരു പാലക്കാട്ടുകാരന്റെ ഭാഷ്യം അതിലും വിചിത്രം. മാവോയിസ്റ്റുകള്‍ തോക്കും കൊണ്ടു കാട്ടില്‍ നടക്കുന്നത് പുല്ലുപറിക്കാനാണോ എന്നാണ് ഈ ശിങ്കിടി മുങ്കന്റെ ശോദ്യം. തോക്കുകൊണ്ടു പുല്ലു പറിക്കാന്‍ മണിവാസകത്തേയും സംഘത്തേയും പഠിപ്പിച്ചത് ആരാണെന്ു കൂടി പറഞ്ഞുതന്നാല്‍ കൊള്ളാം.

കേരളാ പൊലീസ് മാവോയിസത്തിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറുന്നോ എന്ന സംശയവും ബലപ്പെടുന്നു. സിപിഐ(എം) അംഗങ്ങളായ കോഴിക്കോട് പന്തീരാങ്കാവിലെ രണ്ടു യുവാക്കളെ കരിനിയമമായ യുഎപിഎ ചുമത്തി പൊലീസ് കല്‍ത്തുറുങ്കിലടച്ചിരിക്കുന്നു. യുഎപിഎ കരിനിയമം മാത്രമല്ല കാട്ടാള നിയമവുമാണെന്ന കാര്യത്തില്‍ സിപിഐക്കും സിപിഐഎമ്മിനും ഏകാഭിപ്രായമാണ്. സിപിഐ(എം) നേതാവ് പി ജയരാജനെതിരേ യുഎപിഎ ചുമത്തിയപ്പോള്‍ ഇടതുപക്ഷത്തിന്റെ രോഷാഗ്നി ജ്വലിച്ചത് അതുകൊണ്ടായിരുന്നു. എന്നാല്‍ മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചെന്ന കുറ്റം ചാര്‍ത്തിയാണ് രണ്ട് സിപിഐ(എം)കാരായ വിദ്യാര്‍ഥികളെ ജയിലിലടച്ചിരിക്കുന്നത്. ജയരാജന്റെ കാര്യത്തിലെ കരിനിയമം പന്തീരാങ്കാവിലെ വിദ്യാര്‍ഥികളായ അലന്റെയും താഹയുടേയും കാര്യത്തില്‍ ശുഭ്രനിയമമാകുന്നതെങ്ങനെ. അഥവാ മാവോയിസമോ മാവോയിസ്റ്റ് സാഹിത്യമോ കൈവശം വയ്ക്കുന്നത് വായിക്കുന്നതും കുറ്റകരമല്ലെന്ന് സുപ്രീം കോടതി പോലും വിധിച്ചിരിക്കേ നാളെ മാര്‍ക്സിസം-ലെനിനിസ്റ്റ് ഗ്രന്ഥങ്ങളും മൂലധനവും മാവോ സെ തൂംഗിന്റെ കൃതികളും വായിക്കുന്നവരും സര്‍ക്കാര്‍ ചെലവില്‍ ഊണുകഴിക്കണമെന്ന് പറയുന്നത് വങ്കത്തരമാണ്. കണ്ണാടിപോലെ തെളി‌ഞ്ഞ കാപട്യമാണ്. നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ നായകനായ ചാരുമജുംദാര്‍ രചിച്ച എട്ടു ചരിത്ര രേഖകള്‍എന്ന ഗ്രന്ഥം ഇന്ന് ഏറെ വായിക്കപ്പെടുന്ന കൃതിയാണ്. ഇതു വായിച്ചു തീര്‍ന്നയുടന്‍ പിണറായിയും കാനം രാജേന്ദ്രനും ഇന്‍സ്റ്റന്റ് മാവോയിസ്റ്റുകളായിപ്പോകുമോ? അക്ഷരനിഷേധവും ആശയ നിരാസവും മോഡിക്കും ഫാസിസത്തിനുമാകാം. ഇടതുപക്ഷങ്ങളുടെ അജന്‍ഡയിലുള്ളവയല്ല ആശയങ്ങളുടെ നിരോധനവും നിരാസവും. ഇതെല്ലാം ജനം പറ‍ഞ്ഞുതരേണ്ട കാര്യങ്ങളാണോ! ഇത് പ്രബുദ്ധ കേരളമല്ലേ? ചുവന്നുകൊണ്ടിരിക്കുന്ന കേരളം