
ഓസ്ട്രേലിയയ്ക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി ഇന്ത്യ. രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 81 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യന്‍ യുവതാരങ്ങൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തി. രണ്ട് ദിവസങ്ങള്‍ മാത്രമാണ് വിജയിക്കാനെടുത്തത്. ഇതോടെ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു. നേരത്തെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ വൈഭവ് സൂര്യവന്‍ഷി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണറായ ആയുഷ് മാത്രെയും മടങ്ങി. 13 റണ്‍സെടുത്താണ് താരം പുറത്തായത്. വിഹാന്‍ മല്‍ഹോത്രയാണ് പുറത്തായ മറ്റൊരു താരം. 21 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 33 റണ്‍സുമായി വേദാന്ത് ത്രിവേദിയും 13 റണ്‍സുമായി രാഹുല്‍ കുമാറും പുറത്താകാതെ നിന്നു.
ആദ്യ ഇന്നിങ്സില്‍ ഓസീസ് 135 റണ്‍സിന് ഓള്‍ഔട്ടായി. 66 റണ്‍സ് നേടിയ അലക്സ് ലീ യങ്ങാണ് ടോപ് സ്കോറര്‍. ഇന്ത്യക്കായി ഹെനില്‍ പട്ടേലും കിലാന്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ഉദവ് മോഹന്‍ രണ്ട് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 171 റണ്‍സെടുത്ത് 34 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. 28 റണ്‍സ് നേടിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഖിലന്‍ പട്ടേല്‍ (26), വേദാന്ത് ത്രിവേദി (25), ഹെനില്‍ പട്ടേല്‍ (22), വൈഭവ് സൂര്യവന്‍ഷി (20), വിഹാല്‍ മല്‍ഹോത്ര (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 116 റണ്‍സിന് പുറത്തായി. 78 പന്തിൽ 38 റൺസടിച്ച അലക്സ് ലീ യങ്ങാണ് ടോപ് സ്കോറർ. കേസി ബാർടൻ (28 പന്തിൽ 19), അല്ക്സ് ടേണർ (34 പന്തിൽ 10) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാർ. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ അണ്ടർ 19 ഇന്നിങ്സിനും 58 റൺസിനും ജയിച്ചിരുന്നു. നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.