Web Desk

കൊച്ചി:

January 02, 2021, 9:59 pm

തിയേറ്റർ തുറക്കൽ; അനിശ്ചിതത്വം തുടരുന്നു

Janayugom Online

സർക്കാർ അനുമതി നൽകിയെങ്കിലും തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. 50 ശതമാനം കാഴ്ച്ക്കാരുമായി തിയേറ്ററുകൾ തുറക്കുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇത് സാമ്പത്തിക ബാധ്യത ഇരട്ടിയാക്കുമെന്ന് ചൂണ്ടിക്കാട്ടി തിയേറ്റർ ഉടമകൾ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. ജനുവരി അഞ്ച് മുതൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. അതേ ദിവസം തന്നെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. നിലവിലെ അവസ്ഥയിൽ തിയേറ്റർ തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ.

മാസങ്ങളായി അടഞ്ഞുകിടന്നതിനാൽ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റർ തുറന്നാൽ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കും. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കുടുംബങ്ങൾ തിയേറ്ററിലെത്താൻ മടിക്കുന്നതും തിരിച്ചടിയാവും. മാത്രമല്ല സിനിമകളുടെ റിലീസിനെക്കുറിച്ചും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ വിനോദ നികുതിയിളവ്, വൈദ്യുതി ഫിക്സഡ് ചാർജ് ഇനത്തിൽ ഇളവ് എന്നിവ വേണമെന്നാണ് തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ നഗരങ്ങളിലും പട്ടണങ്ങളിലുമുളള മാളുകളിലെ മൾട്ടി ഫ്ലക്സുകൾ ഫിയോക്കിൽ അംഗമല്ല. ഇത്തരം തിയേറ്ററുകളിൽ അന്യഭാഷാ ചിത്രങ്ങളടക്കം പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ കടുത്ത നിലപാടിലേക്ക് പോകാൻ ഫിയോക്കിനും പരിമിതിയുണ്ട്. നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കാൻ കഴിയുമോയെന്ന് ചർച്ച ചെയ്യാൻ ഫിലിം ചേംബറിന്റെ അടിയന്തര യോഗം ചേരുമെന്ന് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു.

തിയേറ്റർ തുറക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്

അഞ്ചാം തീയതി സിനിമാ തീയേറ്റർ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബർട്ടി ബഷീർ. കോവിഡ് കാലത്ത് പ്രശ്നങ്ങൾ നേരിട്ടപ്പോൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വൈദ്യതി ചാർജ് ഒഴിവാക്കുക, ജിഎസ്‌ടി ഒഴിവാക്കുക, മുൻസിപ്പൽ ടാക്സ് തുടങ്ങിയവ ഒഴിവാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ചൂണ്ടിക്കാണിക്കപ്പെട്ട പ്രശ്നങ്ങൾ അനുഭാവ പൂർവമായി പ്രതികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വരുന്ന ബുധനാഴ്ച യോഗം ചേരുന്നുണ്ട്. രാജ്യാന്തര ചലചിത്ര മേള തലശേരിയിൽ വരുന്നത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: The­ater open­ing; Uncer­tain­ty remains

YOU MAY ALSO LIKE THIS VIDEO