26 March 2024, Tuesday

ഓണക്കാലത്ത് ആളും ആരവവും ഇല്ലാതെ തീയേറ്ററുകള്‍

കെ കെ ജയേഷ്
കോഴിക്കോട്
August 21, 2021 12:58 pm

1986 ലെ ഒരു ഓണക്കാലം. അന്നാണ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചുകൊണ്ട് വിൻസെന്റ് ഗോമസും ഇൻസ്പെക്ടർ ബൽറാമും എത്തിയത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനും ഐ വി ശശിയുടെ ആവനാഴിയും ഏറ്റുമുട്ടിയ ആ ഓണക്കാലം പല പ്രേക്ഷകരുടെയും മനസ്സിൽ ഇന്നുമുണ്ടാവും. ഇതുപോലെ മലയാളികളെ ആവേശഭരിതരാക്കിയ നിരവധി കഥാപാത്രങ്ങളും സിനിമകളുമാണ് ഓരോ ഓണക്കാലത്തും പുറത്തിറങ്ങിയത്. ആ കാലമെല്ലാം മാറി. ആളുകൾ ടിക്കറ്റിനായി തിക്കിത്തിരക്കി നിന്ന തിയേറ്റർ പരിസരങ്ങൾ പലതും ഇന്ന് കാടുപിടിച്ച് കിടക്കുകയാണ്. താരങ്ങളുടെ മാസ് എൻട്രിക്ക് ആവേശപൂർവം കൈയ്യടിച്ചിരുന്ന തിയേറ്ററിനുൾവശം ഇരുട്ട് നിറഞ്ഞ് ഏകാന്തമായി കിടക്കുന്നു.ആർപ്പും ആരവവും നിറഞ്ഞ തിയേറ്റർ അനുഭവം ഓർമ്മയായി മാറിയെന്ന് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര പറഞ്ഞു. താരമൂല്യമുള്ള സിനിമകൾക്ക് മാത്രമെ ഒടിടി റിലീസുകൊണ്ട് കാര്യമുള്ളുവെന്ന് തന്റെ അനുഭവത്തിൽ നിന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. 

പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ ഓണക്കാലത്ത് തിയേറ്ററുകളെ ഇളക്കിമറിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്റർ ഉടമകൾ. ഓഗസ്റ്റ് 12 നായിരുന്നു ഈ ചിത്രത്തിന്റെ റിലീസിങ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ സിനിമ ഇനിയെന്ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർക്ക് ഇപ്പോൾ ഉറപ്പ് പറയാൻ സാധിക്കുന്നില്ല. ബിഗ് ബജറ്റിലൊരുങ്ങിയ ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടൊവീനോ തോമസ് ചിത്രം മിന്നൽ മുരളി ഒടിടി റിലീസായി എത്തുമെന്നാണ് അറിയുന്നത്. ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോയും ഈ ഓണക്കാലത്ത് തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

2019 ലായിരുന്നു തിയേറ്ററുകൾക്ക് അവസാനത്തെ ഓണാഘോഷം. 2018 ലെ ഓണമാവട്ടെ പ്രളയം കവർന്നെടുത്തിരുന്നു. കോവിഡ് വ്യാപിച്ചതോടെ 2020 ൽ തിയേറ്ററുകളിൽ ഓണം റിലീസ് ഉണ്ടായില്ല.ആദ്യ ലോക്ഡൗണിന് ശേഷം ഈ വർഷം ജനുവരിയിൽ വിജയ് നായകനായ മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകൾ തുറന്നത്. വെള്ളം, കള, വൺ, പ്രീസ്റ്റ്, ഓപ്പറേഷൻ ജാവ, നായാട്ട്, നിഴൽ, ചതുർമുഖം തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററിൽ റിലീസ് ചെയ്തെങ്കിലും പിന്നീട് കോവിഡ് വ്യാപനത്തെത്തുടർന്ന് തിയേറ്ററുകൾ അടച്ചു. ഒ ടി ടി സജീവമാകുമ്പോഴും തിയേറ്ററുകളുടെ സാധ്യത അവസാനിക്കുന്നില്ലെന്ന് തന്നെയാണ് ചലച്ചിത്ര പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. തിയേറ്റർ അനുഭവം ഒരിക്കലും ഒടിടിയിൽ കിട്ടില്ലെന്നാണ് സംവിധായകൻ ജിത്തു ജോസഫ് വ്യക്തമാക്കുന്നത്.പ്രദർശനം നടക്കുന്നില്ലെങ്കിലും തിയേറ്ററുകൾ പരിപാലിക്കാൻ വലിയ തുകയാണ് ചെലവ് വരുന്നത്. കൊടുക്കാൻ സാധിക്കാത്തതുകൊണ്ട് പലരും ജീവനക്കാരുടെ ശമ്പളം പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്. ബാങ്ക് ലോൺ ഉൾപ്പെടെ എടുത്ത് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് പല ഉടമകളും തിയേറ്ററുകൾ നവീകരിച്ചത്. സിനിമകൾ പ്രദർശിപ്പിക്കാൻ സാധിക്കാതെ വന്നതോടെ പലരും തിയേറ്ററുകൾ വിൽപ്പന നടത്തുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് കാണാൻ സാധിക്കുന്നത്.
eng­lish summary;Theaters dur­ing Onam season
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.