കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയേറ്ററുകളിൽ വീണ്ടും ആരവം ഉയർന്നു. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് കാണാൻ ധാരാളം പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തിയത് തിയേറ്റർ ഉടമകൾക്കും ജീവനക്കാർക്കും ആശ്വാസമായി. നേരത്തെ തമിഴ് സൂപ്പർതാരങ്ങളായ രജനീകാന്തിന്റെയും വിശാലിന്റെയും ഉൾപ്പെടെ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നെങ്കിലും തിയേറ്ററുകളുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടായിരുന്നില്ല. രജനീകാന്തിന്റെ അണ്ണാത്തെ വൻ പ്രദർശന വിജയം നേടുമെന്നായിരുന്നു തിയേറ്റർ ഉടമകളുടെ പ്രതീക്ഷ.
വിശാലും ആര്യയും ഒന്നിച്ച മാസ് ആക്ഷൻ ത്രില്ലർ എനിമി എന്ന ചിത്രത്തിനും സ്വീകാര്യത ലഭിച്ചില്ല. തമിഴ്നാട്ടിൽ നൂറു കോടി ക്ലബിൽ ഇടം നേടിയ ശിവകാർത്തികേയൻ നായകനായി വേഷമിട്ട ഡോക്ടർ എന്ന തമിഴ് ചിത്രത്തിനും കാര്യമായ പ്രതികരണം ഉണ്ടായില്ല. ജോജു ജോർജ് നായകനും പൃഥിരാജ് അതിഥി താരവുമായി എത്തിയ മലയാള ചിത്രം സ്റ്റാറും തിയേറ്ററിൽ പരാജയപ്പെട്ടു. പ്രദർശനം ആരംഭിച്ച സിനിമകൾ പിൻവലിക്കുകയും കൂടുതൽ ചിത്രങ്ങൾ ഒടിടിയിലേക്ക് പോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ തിയേറ്റർ ഉടമകൾ കൂടുതൽ ആശങ്കയിലായി. നിവിൻ പോളി നായകനായ കനകം കാമിനി കലഹം എന്ന ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. മിന്നൽ മുരളി ഉൾപ്പെടെ വൻ ബജറ്റ് ചിത്രങ്ങൾ പലതും ഒടിടിയിൽ പ്രേക്ഷകർക്ക് മുമ്പിലെത്താനും പോവുകയാണ്. തിയേറ്ററുകളിലെ ഈ ദയനീയാവസ്ഥകൾക്കിടയിലാണ് കുറുപ്പ് റിലീസ് ചെയ്തത്.
കോവിഡ് കാലത്തിന് മുമ്പത്തേതുപോലെ ചെണ്ടമേളങ്ങളും ബാന്റ് മേളവുമെല്ലാമായാണ് ആരാധകർ കുറുപ്പിനെ വരവേറ്റത്. ഇതിനിടെ ഒടിടിയിൽ പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തുമെന്ന സാംസ്ക്കാരിക മന്ത്രിയുടെ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് തിയേറ്റർ ഉടമകൾക്കും ജീവനക്കാർക്കും നൽകുന്നത്.
പകുതി സീറ്റുകളിൽ മാത്രമെ പ്രേക്ഷകരെ പ്രവേശിപ്പിക്കാൻ കഴിയു എന്നുള്ളതും മിനിമം വൈദ്യുതി ചാർജ്, കെട്ടിട നികുതി എന്നിവയെല്ലാമായിരുന്നു തിയേറ്റർ ഉടമകളെ പ്രയാസത്തിലാക്കിയിരുന്നത്. ഇക്കാര്യത്തിലും സർക്കാർ പ്രഖ്യാപനങ്ങൾ ആശ്വാസം പകരുന്നുണ്ട്.
2021 ഏപ്രിൽ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സിനിമാ ടിക്കറ്റിന്മേൽ വിനോദ നികുതി ഒഴിവാക്കിയിട്ടുണ്ട്. തിയേറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി തുകയ്ക്ക് ഇളവ് നൽകാനും അടഞ്ഞു കിടന്ന സമയത്തെ കെട്ടിട നികുതി പൂർണമായി ഒഴിവാക്കാനുമുള്ള സർക്കാർ തീരുമാനവും ആശ്വാസകരമാണ്.
English Summary : theatres in kerala active again post lockdown
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.