മഹേഷ് കോട്ടയ്ക്കല്‍

മലപ്പുറം:

January 13, 2021, 8:32 am

തിയേറ്ററുകള്‍ ഇന്ന് തുറക്കും: ഇരുപത്തിയഞ്ചിലധികം ചിത്രങ്ങള്‍ പ്രദർശനത്തിന്

Janayugom Online

മഹേഷ് കോട്ടയ്ക്കല്‍

സിനിമ മേഖലകള്‍ക്ക് പുത്തന്‍ പ്രതീക്ഷകളേകി തീയേറ്ററുകളില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം പുനരാരംഭിക്കും. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററാണ് ആദ്യ റിലീസിനായി തീയേറ്ററുകളില്‍ എത്തുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രദര്‍ശനം നടക്കുക. മലയാള സിനിമക്ക് കോവിഡ് കാലത്തെ അടച്ചിടല്‍മൂലം വരുത്തിയ നഷ്ടം ഏകദേശം ആയിരം കോടി രൂപയ്ക്ക് മുകളില്‍ വരുമെന്നാണ് പ്രാഥമികമായ കണക്ക്. 2020 മാര്‍ച്ച് നാലിനാണ് ഏറ്റവുമൊടുവില്‍ സിനിമകള്‍ തിയേറ്ററുകളിലെത്തിയത്. കപ്പേള, ടു സ്റ്റേറ്റ്‌സ്, കോഴിപ്പോര്, വര്‍ക്കി എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നുവെങ്കിലും കോവിഡ് ഭീതി പിടിമുറുക്കിയതോടെ ഈ സിനിമകളുടെ പ്രദര്‍ശനം അവസാനിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 11 മുതല്‍ കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ സിനിമ മേഖല തീര്‍ത്തും പ്രതിസന്ധിയിലായി.

വിഷു, ഈസ്റ്റര്‍, ഓണം, ക്രിസ്മസ് സീസണുകളും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയി. വിഷു, ഈസ്റ്റര്‍ റിലീസുകള്‍ മുടങ്ങിയതിനാല്‍ ഏകദേശം 300 കോടിയോളം രൂപ നഷ്ടം വരുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. അതോടൊപ്പം ഓണം, ക്രിസ്മസ് സീസണുകള്‍ കൂടി ഇല്ലാതായതോടെ നഷ്ടം ആയിരം കോടി കടക്കുമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്നു. ജനുവരി അഞ്ചിന് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും സംഘടനകളുടെ തീരുമാന പ്രകാരം അന്ന് തുറന്നിരുന്നില്ല. തിയേറ്റര്‍ വ്യവസായം നേരിട്ട പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള സിനിമാസംഘടന ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ചര്‍ച്ചക്കു പിന്നാലെയാണ് തിയേറ്ററുകള്‍ ഇന്ന് തുറക്കുമെന്ന് കേരള ഫിലിം ചേംബര്‍ അറിയിച്ചത്. ചര്‍ച്ച തീരുമാന പ്രകാരം വിനോദ നികുതി ഒഴിവാക്കുകയും, വൈദ്യുതി നിരക്കില്‍ ഇളവ് അനുവദിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് സിനിമാതാരങ്ങളടക്കം മലയാള സിനിമാ ലോകം ഒന്നടങ്കം നന്ദി പറഞ്ഞു കൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടു.

മാര്‍ച്ച് 11ന് അടച്ച തിയേറ്ററുകള്‍ 309-ാം ദിനമായ ഇന്ന് പ്രദര്‍ശനം പുനരാരംഭിക്കുമ്പോള്‍ 100 കോടി രൂപ ചെലവിട്ട് മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ടീം ഒരുക്കിയ 2020 മാര്‍ച്ചില്‍ പ്രദര്‍ശനത്തിനൊരുങ്ങിയ ചിത്രം ‘കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’, 2020 മാര്‍ച്ച് 22ന് തിയേറ്ററുകളിലെത്തേണ്ട കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന ചിത്രം ‘വണ്‍’, 2020 ജൂലൈ 31ന് ഈദ് റിലീസായി നിശ്ചയിക്കപ്പെട്ടിരുന്ന മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റ്’ തുടങ്ങി ഇരുപത്തഞ്ചിലധികം ചിത്രങ്ങള്‍ ഉള്‍പ്പെടെ സിനിമകളുടെ വലിയ നിര തന്നെ തിയേറ്റര്‍ റിലീസിനായി കാത്തുനില്‍ക്കുന്നുണ്ട്.

ENGLISH SUMMARY: THEATRES OPEN ON TODAY

YOU MAY ALSO LIKE THIS VIDEO