അരുതേ രാമനെ സീരിയൽ കില്ലർ ആക്കരുതേ! മദം പൊട്ടിയ സമയത്ത്‌ പോലും സാധു

Web Desk
Posted on February 14, 2019, 4:23 pm
ലക്ഷ്മി ബാല 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ !!
അല്പം അതിശയോക്തി ആണെങ്കില്‍ കൂടി, ഇവനെ അറിയാത്ത മലയാളികള്‍ വിരളമാണ് എന്ന്  പറയാം. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ആനകളിൽ രണ്ടാമൻ. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആന. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആന.
ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള, അപകടങ്ങൾ ഉണ്ടാക്കിയിട്ടുള്ള ആന. അങ്ങിനെ വിശേഷണങ്ങള്‍ ഏറെയുണ്ട് നാട്ടാനകളിലെ ഏക ഛത്രാധിപതി എന്ന് കേഴ്‌വികേട്ട  രാമചന്ദ്രന്. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ വാർത്തകളിൽ എല്ലാം രാമചന്ദ്രൻ കുപ്രസിദ്ധനായ കൊലയാളി ആനയാണ്. 13 പേരുടെ ജീവനെടുത്ത സീരിയൽ കില്ലർ !!!
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അറിയുന്നവർ, അവന്റെ ചരിത്രം അറിയുന്നവർ; പക്ഷെ ഒരിക്കലും അവനൊരു കൊലയാളി ആനയെന്ന് സമ്മതിച്ചു തരില്ല. കേരളത്തിലെ ഏറ്റവും മികച്ച ആനയെന്നതിനൊപ്പം തന്നെ ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഒരാന കൂടിയാണവൻ. മദം പൊട്ടി നിൽക്കുന്ന സമയത്ത്‌ പോലും പരിചയക്കാർ ചെന്ന് ഭക്ഷണം നൽകാൻ ധൈര്യപ്പെടുന്ന ഒരാന.
1964 ഇൽ ബീഹാറിൽ ജനിച്ച രാമചന്ദ്രനെ തൃശൂരിലെ വെങ്കിടാദ്രി സ്വാമിയാണ് വാങ്ങി കേരളത്തിൽ എത്തിച്ചത്. ചട്ടം പഠിപ്പിക്കുന്ന കാലത്ത് ഏതോ ഒരു പാപ്പാൻ കാണിച്ച ക്രൂരതയാണ് രാമന്റെ ഒരു കണ്ണ് ഇല്ലാതാക്കിയത് എന്നൊരു ശ്രുതി ആന പ്രേമികൾക്കിടയിൽ പരക്കെയുണ്ട്.
ഒരു വശത്തെ കാഴ്ച്ച നഷ്ടപ്പെട്ട കാലം മുതൽ രാമചന്ദ്രൻ ചുറ്റുപാടുകളെ ഭയന്നു ജീവിക്കുന്നവൻ ആയി മാറി. തന്റെ കാഴ്ചയ്ക്കപ്പുറം ഉള്ള ഏതൊരു സ്വരവും അവന്റെ സമനില തകർക്കാൻ തുടങ്ങി. എങ്കിലും ആരെയും മയക്കുന്ന ആകാരഭംഗിയും, ലക്ഷണങ്ങളും കേരളത്തിൽ രാമചന്ദ്രന് ആരാധകലക്ഷങ്ങളെ സമ്മാനിച്ചു. തലപ്പൊക്ക മത്സരവേദികളും, പൂരപ്പറമ്പുകളും രാമചന്ദ്രന്റെ ഉയർത്തിപ്പിടിച്ച ശിരസ്സിന് മുന്നിൽ ആർത്തിരമ്പി. പ്രായം അൻപത് പിന്നിട്ടിട്ടും രാമചന്ദ്രന്റെ സാന്നിധ്യം പൂരപ്പറമ്പുകൾക്ക് നൽകുന്ന ആർജ്ജവം തന്നെയാണ് അവന് കിട്ടിയ അനുഗ്രഹവും, ശാപവും.
അന്ധനായ മനുഷ്യൻ തന്റെ ചുറ്റുപാടുകളെ അതിജീവിക്കാൻ എത്ര മാത്രം ബുദ്ധിമുട്ടുന്നുവോ, അതിന്റെ ആയിരം മടങ്ങു ബുദ്ധിമുട്ടാണ് അന്ധതയുള്ള ഒരു മൃഗത്തിന് നേരിടേണ്ടി വരുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു എന്ന വാർത്തകൾ പൊതുവെ ശ്രദ്ധിച്ചാൽ കാണാവുന്ന ഒരു വസ്തുത, ആന വിരണ്ടോടാൻ കാരണമായ എന്തെങ്കിലും ഒരു ചെയ്‌തിയും അവിടെ സംഭവിച്ചു കാണും എന്നതാണ്. 2 ദിവസങ്ങൾക്ക് മുമ്പുണ്ടായ അപകടവും അത്തരത്തിൽ മനുഷ്യരാൽ ഉണ്ടാക്കപ്പെട്ട ഒന്നായിരുന്നു. കാഴ്ചയില്ലാത്ത ആനയുടെ പിന്നിൽ പടക്കം പൊട്ടിച്ചല്ല ആഘോഷം നടത്തേണ്ടത്. എന്ന സാമാന്യ വിവരം പോലും അവിടെ ഉള്ളവർക്കുണ്ടായിരുന്നില്ല.
തെച്ചിക്കോട്ടുകാവ് ദേവസ്വത്തെ സംബന്ധിച്ചിടത്തോളം രാമചന്ദ്രൻ പണം കായ്ക്കുന്ന ഒരു മരം മാത്രമാണ്. ആനയെ കൊണ്ട് പരമാവധി വരുമാനം ഉണ്ടാക്കുക എന്ന അവരുടെ നയമാണ് അപകടങ്ങൾക്കും കാരണം. അന്ധനായ ഒരാനയെ ഇനി കാട്ടിൽ ഉപേക്ഷിക്കുക എന്നതിനേക്കാൾ ഭേദം അതിന് ദയാവധം നൽകുക എന്നതുമാകും. കുളിപ്പിച്ചു വൃത്തിയാക്കി, പൊട്ടും തൊടുവിച്ചു നിര്‍ത്തുമ്പോഴും, നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിക്കുമ്പോഴും മാത്രം ആര്‍ത്തു വിളിക്കുന്ന ഫാന്‍സ്‌ ആരും തന്നെ രാമചന്ദ്രൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥയെ കുറിച്ച് ബോധ്യമുള്ളവരല്ല, അല്ലെങ്കിൽ അവർക്കത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ല എന്നു വേണം കരുതാൻ.
രാമചന്ദ്രൻ കേരളത്തിൽ പീഡനം നേരിടുന്ന ഒരേയൊരു ആനയുമല്ല. കേരളത്തിലെ എല്ലാ നാട്ടാനകളുടെയും അവസ്ഥ സമാനമാണ്. 99.99% ആന ഉടമകൾക്കും ഇതൊരു വരുമാനമാർഗം ആയതിനാൽ, കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം എന്നതാണ് ശൈലി. കാലിനടിയിലെ മാംസം ഇളകി പോകാത്ത, ഉണങ്ങാത്ത മുറിവുകൾ ശരീരത്തിൽ അങ്ങിങ്ങായി കാണാവുന്ന ജന്മങ്ങളാണ് ഓരോ നാട്ടാനയും .ആനകളുടെ ദുരവസ്ഥ നേരിട്ടു കാണണം എങ്കിൽ പോകേണ്ട ഇടമാണ് ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലെ പുന്നത്തൂർ ആനക്കോട്ട.  ആനകളുടെ കോൺസൻട്രേഷൻ ക്യാമ്പ് എന്ന് തന്നെ പറയാവുന്ന ഒരിടമാണ് പുന്നത്തൂര്‍ കോട്ട. ശരീരത്തിനുള്ളില്‍ ചൂട് അനുഭവപ്പെടുന്ന ജീവിയാണ് ആന.
പുന്നത്തൂര്‍ കോട്ടയിൽ പല ആനകൾക്കും തണൽ ലഭിക്കാറില്ല. വളരെ ദൂരം നടക്കുന്നതും ജീവിതത്തിന്റെ ഭാഗമായൊരു  ജീവിയാണ് ആന. പക്ഷെ  കെട്ടുതറയില്‍ ദീർഘകാലമായി ബന്ധിക്കപ്പെട്ട അവസ്ഥയിലുള്ള ആനകളുമുണ്ട്. വർഷങ്ങളായി  ചങ്ങലയിൽ  ബന്ധിക്കപ്പെട്ടു, നില്ക്കുന്ന ഇടം  പോലും  മാറ്റാതെ ദുരിതം  അനുഭവിച്ച  ആനകൾ. പലയിടങ്ങളിലും വിസര്‍ജ്യങ്ങള്‍ അവയുടെ പരിസരത്ത് നിന്നും യഥാസമയം നീക്കം ചെയ്യപ്പെടാറില്ല. കാട്ടിലുള്ള ആന പുല്ല്,മുള, പഴവർഗങ്ങൾ തുടങ്ങി 72 ഇനത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും പട്ടയല്ലാതെ നാട്ടാനകള്‍ക്ക് വേറെ ഭക്ഷണവും കാര്യമായി കിട്ടാറില്ല. തണുപ്പുള്ള പ്രതലങ്ങളിൽ മാത്രം നടക്കാനുതകുന്ന ആനയുടെ കാലുകൾ നാട്ടിലെ ടാറിട്ട റോഡുകളിൽ വെന്തു പോകുന്നു. പൊതുവെ എല്ലാ നാട്ടാനകളുടെയും ചെവികളില്‍ തോട്ടിയിട്ടു പിടിച്ച തുളകള്‍ കാണാം, കാലില്‍ ചങ്ങല മുറുകിയ വ്രണങ്ങള്‍ കാണാം. ഏതൊരു നാട്ടാനയും ജീവിക്കുന്നത്, കാതില്‍ ചേര്‍ത്ത് വെച്ച തോട്ടി താഴെ വീഴുമോ എന്ന ഭയവും ഉള്ളില്‍ ഒതുക്കിയാണ്.ആ തൊട്ടിയൊന്ന് നിലത്തു വീണാൽ, ഉത്സവങ്ങളിൽ തലയെടുപ്പ് നില ഒന്ന് താഴ്ന്നാൽ എല്ലാം അവരെ കാത്തിരിക്കുന്നത് ക്രൂരപീഡനങ്ങളാണ്.
പാപ്പാന്മാരുടെ ക്രൂര മർദ്ദനം മൂലം മുൻകാലുകൾ ഒടിഞ്ഞ പതിനെട്ടുകാരനായ ആദിത്യൻ എന്നൊരു ആനയെ കുറിച്ചും ആനപ്രേമികൾക്ക് അന്വേഷിക്കാവുന്നതാണ്. കേരളത്തിലെ അറിയപ്പെടുന്ന മറ്റൊരു പ്രശ്നക്കാരൻ ആണ് തിരുവമ്പാടി കുട്ടിശങ്കരന്‍. പാപ്പാന്മാർ എങ്ങിനെയെല്ലാം അടിച്ചൊതുക്കാൻ നോക്കിയിട്ടും കുട്ടിശ്ശങ്കരന്റെ ദേഷ്യത്തിനൊരു കുറവും വന്നിട്ടില്ല. പത്തിലധികം പേരെ അവനും കൊന്നിട്ടുണ്ട്.
ആനപ്രേമത്തിൽ അല്പം വിപ്ലവം ചേർത്താൽ,താനൊരിക്കലും മനുഷ്യന്റെ നിയന്ത്രണത്തിൽ നിൽക്കില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന വിപ്ലവകാരിയാണ് കുട്ടിശങ്കരൻ എന്ന് വിശേഷിപ്പിക്കേണ്ടി വരും. എന്നിട്ടും ആ ആനയെ ക്രൂരമായി മുറിവേല്പിച്ച് പൂരപ്പറമ്പുകളിൽ വിൽക്കാൻ കൊണ്ടു നടക്കുകയാണ്. ഉത്സവ കേരളം നാട്ടാനകളോട് ചെയ്യുന്ന ക്രൂരതയ്ക്കുള്ള പ്രതികാരങ്ങൾ കൂടിയാണ് കുട്ടിശ്ശങ്കരനെ പോലുള്ളവർ മനുഷ്യനെ കൊന്നു കൊലവിളിച്ച് ചെയ്യുന്നത്.
 പണ്ട് കാലങ്ങളില്‍ ഭാരിച്ച ജോലികള്‍ ചെയ്യിക്കാന്‍ വേണ്ടി ആനയെ ഉപയോഗിച്ച് തുടങ്ങിയ മനുഷ്യര്‍, പിന്നീട് സവാരിക്കും യുദ്ധങ്ങള്‍ക്കും വരെ അവയെ ഉപയോഗിച്ചു. രാജകീയ സവാരികള്‍ക്ക് ആനകളെ ഉപയോഗിച്ച നാടുവാഴികള്‍, ദേശനാഥനായ/ നാഥയായ പ്രതിഷ്ഠയ്ക്കും അതെ യാത്ര എന്ന ആശയം നടപ്പിലാക്കി. ആനയെഴുന്നള്ളിപ്പ് എന്ന ആചാരത്തിനു പിന്നിലെ ചരിത്രം ഇത്രയേ ഉള്ളൂ. കാലം മാറി. ഇപ്പോള്‍ ഭാരം ചുമക്കാന്‍ യന്ത്രങ്ങളുണ്ട്. രാജകീയ സവാരികള്‍ക്ക് വാഹനങ്ങളും. ബാലിശമായ വാദങ്ങളുടെ പേരിൽ ഇനിയും ആ സാധു മൃഗങ്ങളെ പീഡിപ്പിക്കാതിരിക്കുക. കേരളത്തിന് പുറത്ത് തേരുകളിൽ എഴുന്നള്ളിപ്പ് നടക്കുന്ന ശൈലി പൊതുവേയുണ്ട്. ഇത്തരം ശൈലികൾ സ്വീകരിക്കാവുന്നതുമാണ്. സ്വയം ആനപ്രേമി എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നവർ, ആനകൾ അനുഭവിക്കുന്ന ക്രൂരതകളെ കണ്ടില്ലെന്ന് നടിക്കുന്നവർ മാത്രമാണ്. ഉത്സവങ്ങളുടെ ആനപ്പൊലിമ കൂടുംതോറും കൊല്ലപ്പെടുന്ന നിരപരാധികളുടെ എണ്ണവും കൂടും.