ഡല്‍ഹി ആരോഗ്യമന്ത്രിയുടെ വീട്ടില്‍ മോഷണം

Web Desk
Posted on September 23, 2019, 10:34 am

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന്റെ വീട്ടില്‍ മോഷണം. മന്ത്രിയുടെ സരസ്വതി വിഹാറിലെ വീട്ടിലാണ് മോഷ്ടാക്കള്‍ അതിക്രമച്ചു കയറി വീട്ടുസാധനങ്ങളും ഉപകരണങ്ങളും മോഷ്ടിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ വീട്ടില്‍ മോഷണം നടന്നതായി ജെയിന്‍ ആരോപിച്ചത്. വീട്ടുസാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലുള്ള ഫോട്ടോകളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ മോഷ്ടാക്കള്‍ മണിക്കൂറുകളോളം പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. കള്ളന്‍മാര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും പോലീസിനെ ഭയമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കുറച്ചുകാലമായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടിലാണ് സംഭവം. ഗേറ്റ് തുറന്നുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു. അടുക്കള ഉപകരണങ്ങളും അലങ്കാരവസ്തുക്കളുമെല്ലാം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.