Saturday
23 Mar 2019

കല്ല്യാണവീട്ടില്‍ കടന്ന കള്ളന്‍ ബന്ധുവോ ശത്രുവോ

By: Web Desk | Monday 28 May 2018 10:09 PM IST


Car Thief Car Robbery

കൊട്ടാരക്കര: വീട്ടുകാര്‍ മറുവീടിനു പോയ സമയത്ത് വിവാഹ വീട്ടില്‍ കവര്‍ച്ച. കൊട്ടാരക്കര നീലേശ്വരം തടവിള പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്റെ (അപ്പി) വീട്ടിലാണ് ഞായറാഴ്ച വൈകിട്ട് ഏഴിന് കവര്‍ച്ച നടന്നത്. വിവാഹ ദിവസം വൈകിട്ട് മകളെ വിവാഹം ചെയ്തയച്ച വീട്ടിലേക്ക് ബന്ധുക്കളുമൊത്ത് വീട്ടുകാര്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. സംഭാവനയായി ലഭിച്ച വന്‍ തുക നഷ്ടപ്പെട്ടതായി വീട്ടുകാര്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി.
രാധാകൃഷ്ണന്റെ മകള്‍ രവീണയുടെ വിവാഹം ഞായറാഴ്ച നെടുവത്തൂര്‍ എന്‍എസ്എസ് ആഡിറ്റോറിയത്തില്‍ നടന്നിരുന്നു. വൈകിട്ട് 4.30 നാണ് വധുവിന്റെ ബന്ധുക്കള്‍ വരന്റെ വീട്ടിലേക്ക് മറുവീട് പോയത്. രാത്രി 9.30 ഓടെ തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. പൂട്ടിയിട്ടിരുന്ന വീടിന്റെ മുന്‍വാതില്‍ താക്കോലുപയോഗിച്ചു തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. കിടപ്പു മുറിയിലെ അലമാരക്കുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പണത്തില്‍ വലിയൊരു ഭാഗം നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. 93,000 രൂപ ബാഗില്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കവറില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന പണവും ഊരിയിട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും, മറ്റൊരു ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടിട്ടില്ല. വിവാഹ ദിവസവും തലേന്നാളും സംഭാവനയായി ലഭിച്ച പണമായതിനാല്‍ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നില്ല. ബാഗിലുണ്ടായിരുന്ന പണത്തിന്റെ ഒരു പങ്ക് ഉപേക്ഷിച്ചതും, മുന്‍വാതില്‍ താക്കോല്‍ ഉപയോഗിച്ചു തുറന്നതും ദുരൂഹതയുളവാക്കുന്നു.

Related News