നാവിക സേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്ന വിക്രാന്ത് വിമാന വാഹിനി കപ്പലിന്റെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകൾ മോഷണം പോയതിന് പിന്നിൽ കപ്പലിലെ വിവിധ ജോലികൾ ഏറ്റെടുത്ത കരാർ കമ്പനികൾ തമ്മിലുള്ള കുടിപ്പകയെന്ന് നിഗമനം. എന്നാൽ ഏതൊക്കെ കമ്പനികൾക്കാണ് ഇതിൽ പങ്ക് എന്ന് കണ്ടുപിടിയ്ക്കാനാവാതെ ദേശീയ അന്വേഷണ ഏജൻസി കുഴങ്ങുന്നു. പൊലീസ് സഹായത്തോടെ പതിനായിരത്തിലധികമാളുകളുടെ വിരലടയാളം എൻഐഎ പരിശോധിച്ചെങ്കിലും പ്രതികളെ സംബന്ധിച്ചു സൂചനകൾ ലഭിച്ചില്ല. വിക്രാന്തിൽ നേരത്തെയും കേബിൾ മുറിക്കൽ ഉൾപ്പടെ കരാറുകാർ തമ്മിലുള്ള കയ്യാങ്കളി നടന്നിരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ വിവരശേഖരണം നടത്താനുള്ള നീക്കവും പരാജയപെട്ടു.
കരാർ കമ്പനികളുടെ കൈവശം ജീവനക്കാരുടെ മുഴുവൻ വിവരവും ഇല്ലായെന്നതായിരുന്നു ഈ നീക്കം പരാജയപ്പെടാൻ കാരണം .ഇതേ തുടർന്ന് കരാർ ജീവനക്കാരെ വിശദമായ സ്കാനിങ്ങ് അടക്കമുള്ള പരിശോധനകൾ നടത്താൻ കേന്ദ്ര ഏജൻസികൾ നിർദേശിച്ചു. എന്നാൽ കരാർ തൊഴിലാളികൾ പ്രതിഷേധവും ജോലിയിൽ നിന്ന് വിട്ട് നിൽക്കലും ഉൾപ്പടെയുള്ള സമരമാർഗങ്ങൾ നടത്തിയതോടെ പരിശോധനകൾ നാമമാത്രമായി. കൊച്ചി കപ്പൽശാലയിലെ ചില കരാറുകാരും ചില കുത്തക യൂണിയനുകളും തമ്മിലുള്ള ഒത്തുകളിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇവർ പരസ്യമായി രംഗത്തുവരുന്നില്ല.
ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം സംബന്ധിച്ച അഞ്ചോളം ഹാർഡ് ഡിസ്‌ക്കുകൾ, റാമുകൾ, മൈക്രോ പ്രോസസറുകൾ, കേബിൾ, ചില യന്ത്രഭാഗങ്ങൾ എന്നിവയാണ് മോഷണം പോയത്. യുദ്ധക്കപ്പലുകളിൽ ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങൾ നടന്നാൽ കപ്പൽ ശാലയിലെ അഗ്നിശമനസേനയാണ് അകത്ത് കടക്കാറുള്ളത്. കേന്ദ്ര മന്ത്രി ഉൽഘാടനത്തെത്തിയപ്പോൾ വൈകി കപ്പലിൽ കയറിയ എസ്ഐയ്ക്ക് വഴി തെറ്റി ഒരുമണിക്കൂറിലധികമാണ് കപ്പലിൽ കുടുങ്ങിയത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച കേന്ദ്ര ഏജൻസി കപ്പലിലെ പരിചിതരായ ആളുകളാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലെത്തുകയായിരുന്നു.
English Summary; ins vikrant robbery
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.