22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 18, 2025
January 16, 2025
January 8, 2025
January 5, 2025
January 5, 2025
December 25, 2024
December 19, 2024
December 8, 2024
December 3, 2024
November 19, 2024

തേങ്കുറിശ്ശി ദുരഭിമാനക്കൊല; ശിക്ഷാ വിധി ഇന്ന്

Janayugom Webdesk
പാലക്കാട്
October 28, 2024 8:30 am

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹം. പൊലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീ൪പ്പിന് ശ്രമമുണ്ടായി. അന്ന് സ്റ്റേഷനിൽ വെച്ച് ഹരിതയുടെ അച്ഛൻ പ്രഭുകുമാ൪ ഭീഷണിപ്പെടുത്തി . 90 ദിവസത്തിനുളളിൽ അനീഷിനെ കൊല്ലുമെന്നായിരുന്നു ഭീഷണി. കൃത്യം 88 -ാം ദിവസം അച്ഛനും അമ്മാവൻ സുരേഷും ചേ൪ന്ന് ക്രൂര കൊലപാതകം നടപ്പാക്കി. 

നാലു വ൪ഷം മുമ്പ് ക്രിസ്മസ് ദിനത്തിലെ സായാഹ്നത്തിൽ ആഘോഷങ്ങൾക്കിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആറു മണിയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു അനീഷും സഹോദരൻ അരുണും. വീടിന് അടുത്തുള്ള മാന്നാംകുളമ്പിൽ പ്രതികളായ പ്രഭുകുമാറും സുരേഷ് കുമാറും അനീഷിനെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം ബൈക്ക് തടഞ്ഞു നി൪ത്തി. പിന്നാലെ സഹോദരനെ തള്ളിയിട്ടു. കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് അനീഷിനെ അടിച്ചു വീഴ്ത്തി. നെഞ്ചിലേക്ക് ആഴത്തിൽ കത്തികൊണ്ട് കുത്തി. ആളുകൾ ഓടിക്കൂടും മുമ്പെ പ്രതികൾ കൃത്യം നി൪വഹിച്ചു കടന്നു കളഞ്ഞിരുന്നു.കോയമ്പത്തൂരിലെ ബന്ധു വീട്ടിൽ നിന്നായിരുന്നു പ്രതികളെ പൊലിസ് പിടികൂടിയത്. കുഴൽമന്ദം പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 

75 ദിവസത്തിനകം കുറ്റപത്രം സമ൪പ്പിച്ചു. ദുരഭിമാനക്കൊലയെന്ന് കുറ്റപത്രത്തിലും രേഖപ്പെടുത്തി. കൊലക്കുറ്റത്തിന് പുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളും ചുമത്തി. വിവാഹശേഷം ആറു തവണ ഹരിതയുടെ അമ്മാവനും അച്ഛനും അനീഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രധാനസാക്ഷിയായ അനീഷിന്റെ സഹോദരൻ അരുണിന്റെ മൊഴിയും കേസന്വേഷണത്തിൽ നി൪ണായകമായി. കത്തിമുനയില്‍ സ്വപ്നങ്ങള്‍ അറ്റുപോയെങ്കിലും അനീഷിന്റെ അച്ഛനേയും അമ്മയേയും വിട്ടുപോകില്ലെന്ന തീരുമാനത്തിലാണ് ഹരിത. അന്നു മുതലിങ്ങോട്ട് അവരുടെ മകളായാണ് അവളുടെ ജീവിതം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.