തെന്നാലി രാമന്റെ ബുദ്ധി

Web Desk
Posted on June 09, 2019, 9:23 am

സന്തോഷ് പ്രിയന്‍

തെന്നാലിരാമനെക്കുറിച്ച് കുട്ടികള്‍ കേട്ടിട്ടുണ്ടാവുമല്ലോ. കൃഷ്ണദേവരായ ചക്രവര്‍ത്തിയുടെ കൊട്ടാരം വിദൂഷകനായ തെന്നാലിരാമന്‍ മഹാകൗശലക്കാരനും ബുദ്ധിമാനുമായിരുന്നു.
വിഷമം പിടിച്ച ഏത് ഘട്ടത്തില്‍നിന്നും രാജാവിനെ ബുദ്ധി ഉപയോഗിച്ച് രക്ഷപ്പെടുത്തിയിട്ടുള്ള തെന്നാലിരാമനെ രാജാവിന് ഇഷ്ടവുമായിരുന്നു.
അങ്ങനെ ഒരിയ്ക്കല്‍ രാമന്റെ നാട്ടുകാരനായ ഒരാളെ മോഷണകുറ്റത്തിന് രാജഭടന്മാര്‍ പിടികൂടി രാജാവിന്റെ മുമ്പിലെത്തിച്ചു. ദീനു എന്നായിരുന്നു അയാളുടെ പേര്. വിശന്നപ്പോള്‍ വഴിയരികിലെ കൊട്ടാരം വക പറമ്പിലെ മാവില്‍ നിന്നും മാമ്പഴം പറിച്ചുതിന്നതാണ് അയാള്‍ ചെയ്ത കുറ്റം. ചെറുതോ വലുതോ ആയ മോഷണം വലിയ കുറ്റമായാണ് അക്കാലത്ത് രാജാവ് കണക്കാക്കിയിരുന്നത്.
അങ്ങനെ രാജാവ് ദീനുവിന് ചാട്ടവാറിന് നൂറ്റിയൊന്ന് അടിയും തല മുണ്ഡനം ചെയ്യാനും കഴുതപ്പുറത്ത് കയറ്റി നാടുകടത്താനും ശിക്ഷ വിധിച്ചു.
‑പാവം ദീനു. നിസാരകാരണത്തിന് ഇത്രയും വലിയ ശിക്ഷയോ…അയാള്‍ കരയാന്‍ തുടങ്ങി. ഇക്കാര്യം തെന്നാലിരാമന്‍ അറിഞ്ഞു. പാവം ദീനുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് രാമന്‍ തീരുമാനിച്ചു. പക്ഷേ രാജാവ് ആകെ കോപാകുലനാണ്. അദ്ദേഹം താന്‍ പറയുന്നത് ഇപ്പോള്‍ കേള്‍ക്കാന്‍ തയ്യാറാകുമോ എന്ന് സംശയമാണ്.
എന്തായാലും രണ്ടും കല്‍പിച്ച് രാമന്‍ രാജാവിനെ കണ്ട് കേണപേക്ഷിച്ചു. അതുകേട്ടപ്പോള്‍ രാജാവ് ദേഷ്യത്തോടെ പറഞ്ഞു.
‘ഇതിനെകുറിച്ച് രാമന്‍ ഒരക്ഷരം പറയരുത്. മോഷണം നടത്തിയ ആളെ വെറുതേവിടാന്‍ പറ്റില്ല.’
അപ്പോള്‍ തെന്നാലി രാമന്‍ പറഞ്ഞു. ‘പ്രഭോ അടിയന്‍ പറയുന്നത് ശ്രദ്ധിച്ചു കേട്ടാലും.…’
‘വേണ്ട, രാമന്‍ ഒന്നും പറയണ്ട. നിങ്ങള്‍ പറയാന്‍ പോകുന്നത് എന്താണെന്ന് എനിക്കറിയാം. രാമന്‍ എന്താണോ പറയാന്‍ പോകുന്നത് അതിന്റെ വിപരീതമായേ നാം കല്‍പിക്കുകയുള്ളൂ.’
രാമന്‍ തുടര്‍ന്നു ‘മതി, അതുമതി. പ്രഭോ അടിയന്‍ പറയുന്നത് അയാള്‍ക്ക് അങ്ങ് വിധിച്ച ശിക്ഷ കൊടുക്കണമെന്നാ. അതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട.’
അതുകേട്ട് രാജാവ് അമ്പരന്നു. ‑ങേ, അയാള്‍ക്ക് ശിക്ഷ കൊടുക്കണമെന്നോ- രാമന്‍ പറയുന്നതിന് എതിരായിട്ട് ഞാന്‍ പ്രവര്‍ത്തിക്കാമെന്ന് വാക്കു കൊടുത്തതാണല്ലോ. രാമന്‍ പറഞ്ഞത് ശിക്ഷ കൊടുക്കാനല്ലേ, അതിന് എതിരാവുമ്പോള്‍ കൊടുക്കണ്ട എന്നര്‍ഥം. ഉടനെ രാജാവ് ദീനുവിന്റെ ശിക്ഷ പിന്‍വലിച്ചു. അപ്പോള്‍ തെന്നാലി രാമന് സന്തോഷമായി. രാമന് മാത്രമല്ല ദീനുവിനും. അയാള്‍ രാമന് നന്ദി പറഞ്ഞ് വീട്ടിലേക്ക് നടന്നു.