March 24, 2023 Friday

പിഎം കെയെഴ്സ് പദ്ധതിയിൽ നിഗൂഢതകൾ ഏറെ

Janayugom Webdesk
ന്യൂഡൽഹി
March 31, 2020 9:05 pm

കൊറോണ പ്രതിസന്ധി മറികടക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും ഫണ്ട് സ്വീകരിക്കാനുള്ള പിഎം കെയെഴ്സ് പദ്ധതിയിൽ നിഗൂഢതകൾ ഏറെയുണ്ടെന്ന് നിയമവിദഗ്ധർ. രാജ്യത്ത് പ്രകൃതിക്ഷോഭം, പകർച്ച വ്യാധികൾ, മറ്റ് സമാനമായി ദുരന്തങ്ങൾ എന്നിവ നേരിടുന്നതിനാണ് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി 1948 ൽ രൂപീകരിച്ചത്. എല്ലാ ചട്ടങ്ങളും അനുസരിച്ചാണ് ദേശീയ ദുരിതാശ്വാസ നിധി രൂപീകരിച്ചത്. എന്നാൽ ഇതിനെയൊക്കെ കാറ്റിൽപ്പറത്തി കൊറോണ പ്രതിസന്ധി നേരിടുന്നതിനായി രൂപീകരിച്ച പദ്ധതിയിൽ ശക്തമായ ആക്ഷേപങ്ങളാണ് ഉയരുന്നത്. സർക്കാർ സഹായങ്ങൾക്ക് അതീതമായി പൊതുജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഒരു ട്രസ്റ്റിനുള്ളത്. ഇവിടെയാണ് സംശയം ഉയരുന്നത്. ദേശീയ ദുരിതാശ്വാസ നിധിയിലുള്ള ഫണ്ട് സംസ്ഥാനങ്ങൾക്ക് അടിയന്തിര ഘട്ടങ്ങളിൽ നൽകുക എന്നത് ഭരണഘടനാ ബാധ്യതയാണ്. എന്നാൽ ഒരു ട്രസ്റ്റിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കണമെന്ന കാര്യത്തിൽ നിയമപരിരക്ഷ ഉണ്ടാകില്ല. ഇതോടെ ചില സംസ്ഥാനങ്ങൾക്ക് സഹായം അനുവദിക്കുകയും മറ്റ് സംസ്ഥാനങ്ങളെ അവഗണിക്കാനും കഴിയും. ഇത് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് ട്രസ്റ്റ് അംഗങ്ങളാണ്. ഇത് നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപീക്കാനും കഴിയില്ല.

പ്രധാനമന്ത്രി അധ്യക്ഷനായ പിഎം കെയേഴ്സ് ട്രസ്റ്റിൽ ധനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരാണ് അംഗങ്ങൾ. ഇവരുടെ തീരുമാനമാണ് അന്തിമമായത്. കൂടാതെ സർക്കാർ തലത്തിലുള്ള നയപരമായ തീരുമാനങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. എന്നാൽ ഇക്കാര്യത്തിൽ അത് ഉണ്ടായില്ലെന്ന് ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷം ആരോപിക്കുന്നു. ട്രസ്റ്റ് രൂപീകരിക്കുന്നതിന് മുന്നോടിയായി അതുമായി ബന്ധപ്പെട്ട പ്രവർത്തന ചട്ടങ്ങൾ ( ട്രസ്റ്റ് ഡീഡ്) തയ്യാറാക്കണം. എന്നാൽ ഇക്കാര്യത്തിൽ അത് ഉണ്ടായില്ല. പൊതു ജന സേവനത്തിനായി സർക്കാരിന്റെ ഭാരം കുറയ്ക്കുക എന്നതാണ് ട്രസ്റ്റ് എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. അമേരിക്കൻ കോടതി അംഗീകരിച്ച നിർവചനമാണ് ട്രസ്റ്റിന്റെ കാര്യത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള ഭൂരിഭാഗം രാജ്യങ്ങളും മാതൃകയാക്കിയത്. പിഎം കെയേഴ്സ് ഈ അടിസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പൊതുജനങ്ങൽക്ക് സഹായം ചെയ്യുന്ന ട്രസ്റ്റിലെ അംഗങ്ങൾക്ക് പ്രായോജകരമായി യാതൊരു ബന്ധവും പാടില്ലെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ പിഎം കെയേഴ്സ് ട്രസ്റ്റിലെ അംഗങ്ങൾ അതിന്റെ പ്രയോജകരായ രാജ്യത്തെ ജനങ്ങളോട് ഭരണഘടനാപരമായ ബന്ധമുണ്ട്. രാജ്യത്തെ മന്ത്രിമാർ എന്ന നിലയിൽ ജനങ്ങളോട് ഭരണഘടനാ പരമായ ബാധ്യതയാണുള്ളത്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ മോഡി സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ മറ്റുള്ള സംസ്ഥാനങ്ങളിൽ ട്രസ്റ്റുകൾ വ്യക്തമായ ചട്ടക്കൂടിന് അനുസൃതമായല്ല പ്രവർത്തിക്കുന്നത്. മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലെ ട്രസ്റ്റുകൾ 1950 ബോംബെ പബ്ലിക് ട്രസ്റ്റ് ചട്ടങ്ങൾക്കും അതിന് സമാനമായ നിയമങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ ട്രസ്റ്റുകളുടെ പ്രവർത്തനം 1882 ലെ ട്രസ്റ്റ് ആക്ട് പ്രകാരം ആയിരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിയമം പബ്ലിക് ട്രസ്റ്റിനും ബാധകമാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. പബ്ലിക് ട്രസ്റ്റുകൾ 1908ലെ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ പിഎം കെയേഴ്സിന്റെ കാര്യത്തിൽ ഇത് ഉണ്ടായില്ല. പാൻകാർഡിന് അപേക്ഷിക്കുക, ബാങ്ക് അക്കൗണ്ട് തുറക്കുക, അംഗങ്ങളെ നിയമിക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ട്രസ്റ്റ് പ്രമേയം പാസാക്കണമെന്നാണ് ചട്ടം. എന്നാൽ പിഎം കെയേഴ്സ് ഇതൊന്നും പാലിച്ചിട്ടില്ല. ഇതൊന്നും പാലിക്കാതെയാണ് പിഎം കെയേഴ്സ് സംവിധാനം മോഡി സർക്കാർ നടപ്പാക്കിയത്.

Eng­lish Sum­ma­ry: There are many mys­ter­ies in the PM Cares program

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.