കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4,37,282 വീടുകൾ നിർമ്മിച്ചു നൽകിയെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാദം വെറും തള്ള്. യുഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ചേർന്ന പതിനാറാം നിയമസഭ സമ്മേളനത്തിൽ 3,532 വീടുകൾ മാത്രമേ സർക്കാർ നിർമ്മിച്ചിട്ടുള്ളൂവെന്ന് ഉമ്മൻചാണ്ടിതന്നെ നിയമസഭയെ അറിയിച്ചു. 2016 ഫെബ്രുവരി 24ന് കോടിയേരി ബാലകൃഷ്ണൻ നൽകിയ ചോദ്യത്തിനായിരുന്നു മറുപടി.അഞ്ച് വർഷത്തിനുള്ളിൽ എത്രപേർക്ക് സർക്കാർ പദ്ധതികളിലൂടെ പാർപ്പിടം നൽകി. ഇപ്പോഴും പാർപ്പിടം ഇല്ലാത്ത കുടുംബങ്ങൾ എത്രയെന്ന് വ്യക്തമാക്കാമോയെന്നതായിരുന്നു ചോദ്യം.
എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്ന് നാല് വർഷം പിന്നിടുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് 2,14,262 വീടുകൾ പൂർത്തിയാക്കി നൽകിയെന്ന അപൂർവ്വം നേട്ടം കൈവരിച്ചതിനെ തുടർന്നാണ് യുഡിഎഫ് നേതാക്കൾ പുകമറ സൃഷ്ടിച്ചുകൊണ്ട് ഊതിപ്പെരുപ്പിച്ച കണക്കുകളുമായി രംഗത്തെത്തിയത്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഭവന നിർമ്മാണം നടത്തിയതിന്റെ വിശദാംശങ്ങൾ (അനുബന്ധം I) മറുപടിയിൽ ചേർത്തിട്ടുണ്ട്. അതിൽ കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി ഘട്ടം 1 പ്രകാരം 218 വീടുകൾ നിർമ്മിച്ച് കൈമാറിയതായി വ്യക്തമാക്കുന്നു. സാഫല്യം ഭവന പദ്ധതി (ഫ്ലാറ്റ് നിർമ്മാണത്തിന് രണ്ട് ലക്ഷം) ആദ്യ ഘട്ടം നിർമ്മിച്ചു വരുന്നതിൽ 48 എണ്ണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. പ്രഖ്യാപിച്ചത് 216 ഫ്ലാറ്റുകളാണ്.
രണ്ട് ലക്ഷം രൂപ മാത്രം സബ്സിഡി നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം 2013–14, 2014–15, 2015–16 വർഷങ്ങളിൽ യഥാക്രമം 525, 709, 1,500 വീടുകൾക്ക് അനുമതി നൽകുകമാത്രമാണുണ്ടായത്. 2015–16 വർഷത്തിൽ 1,500 വീട് പ്രഖ്യാപിച്ചതിൽ 1,050 ഗുണഭോക്താക്കളെ കണ്ടെത്തുകയും ആദ്യ ഗഡു അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സുരക്ഷ പദ്ധതി പ്രകാരം 2011–16 കാലയളവിൽ 698 വീടുകളും, എംഎൻ ലക്ഷം വീട് പുനർ നിർമ്മാണ പദ്ധതി പ്രകാരം ആകെ 2,191 വീടുകളും അനുവദിച്ചു.എന്നാൽ 2015 മാർച്ച് 31ന് കാലാവധി അവസാനിച്ച എംഎൻ ലക്ഷം വീട് അറ്റകുറ്റ പണി ചെയ്യുന്ന പദ്ധതി പ്രകാരം 772 വീടുകൾക്ക് 77,20,000 രൂപ സബ്സിഡി അനുവദിച്ചു. 74 പത്രപ്രവർത്തകർക്കുള്ള സബ്സിഡിയായി 54,03,169 രൂപയും സബ്സിഡി നൽകിയെന്നും വ്യക്തമാക്കുന്നു.
വസ്തുതകൾ ഇതാണെന്നിരിക്കെ സംസ്ഥാനത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സുപ്രധാന പദ്ധതിയാണ് ലൈഫ്. മാന്യവും സുരക്ഷിതത്വവുമുള്ള ഭവനത്തോടൊപ്പം ജീവനോപാധികള്‍ കൂടി ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ പദ്ധതി വിഭാവനം ചെയ്തത്. ഒന്നാംഘട്ടത്തിൽ 2000-01 മുതൽ 2015–16 വരെ വിവിധ സർക്കാർ ഭവനനിർമ്മാണ പദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷൻ ഏറ്റെടുത്ത ദൗത്യം. ഒന്നാംഘട്ടത്തിൽ നിർമ്മിക്കേണ്ട 54,173 വീടുകളിൽ 52,050 വീടുകൾ 670 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കി. ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ രേഖാപരിശോധനയിലൂടെ 1,00,460 ഗുണഭോക്താക്കളാണ് അർഹത നേടിയത്. ഇവരിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടത് 92,213 പേരാണ്. അതിൽ 74,674 ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തിയാക്കി. ഇതിനുപുറമെ ലൈഫ്-പിഎംഎവൈ (അർബൻ) പദ്ധതി പ്രകാരം 79,520 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 47,144 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ്-പിഎംഎവൈ (റൂറൽ) പദ്ധതി പ്രകാരം 17,475 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 16,640 വീടുകൾക്ക് 5,851.23 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിക്കുകയും ചെയ്തു.
പട്ടികജാതി വകുപ്പിനു കീഴിൽ 18,811 വീടുകളും പട്ടികവർഗ വകുപ്പിനു കീഴിൽ 738 വീടുകളും പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പ് നിർമിച്ച വീടുകളുടെ എണ്ണം 3,725 ചേർത്ത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ പൂർത്തിയാക്കിയത് 2,14,000 ത്തിൽപ്പരം വീടുകളാണെന്നതും വസ്തുതയാണ്.
ഐഎവൈ പദ്ധതിയിൽ ഒരു ലക്ഷംപോലുമില്ല
തിരുവനന്തപുരം: ഇന്ദിര ആവാസ് യോജനാ (ഐഎവൈ) പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങൾക്ക് യുഡിഎഫ് സർക്കാരിന്റെ 2011–16 കാലയളവിൽ വീടുവച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തത് 2,00,894 വീടുകളായിരുന്നു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ അഞ്ച് വർഷക്കാലം കൊണ്ട് പൂർത്തീകരിച്ചത് 66,596 വീടുകൾ മാത്രമാണ്. അതും വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ അവസാന കാലയളവിൽ നിർമ്മാണത്തിന്റെ സിംഹഭാഗവും പൂർത്തീകരിച്ചവ. ഇതാണ് യുഡിഎഫ് സർക്കാരിന്റെ പേരിൽ 2011–12ൽ എഴുതി ചേർക്കപ്പെട്ട 52,010 വീടുകൾ. 2015–16 കാലയളവിൽ 14,586 വീടുകൾ മാത്രമാണ് പൂർത്തീകരിക്കാൻ സർക്കാരിനായതെന്ന് മറ്റൊരു മറുപടിയിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ 59,060 വീടുകൾക്ക് നിർമ്മാണാനുമതി നൽകിയെങ്കിലും ഫണ്ട് അനുവദിച്ചിരുന്നില്ല.
2011-12 ൽ പുതിയ വീടുകൾ നിർമ്മിക്കാൻ അനുമതി നൽകിയത് 54,717, 2012–13ൽ 44,902, 2013–14 ൽ 42,125 വീടുകൾക്കുമാണ്.ഇതും നിയമസഭ രേഖകളിൽ വ്യക്തമാണ്. 2015–16ൽ പണി പൂർത്തിയാക്കിയ വീടുകളുടെ എണ്ണം താരതമ്യം ചെയ്ത് ഓരോ വർഷത്തെയും ശരാശരി എണ്ണം എല്ലാം ചേർത്താലും ഒരുലക്ഷം പോലും തികയുന്നില്ല. എന്നിട്ടും ഇന്ദിര ആവാസ് യോജന പ്രകാരം 2,37,938 വീടുകൾ നിർമ്മിച്ചതായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചതും വിചിത്രമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.