രാജ്യത്ത് പ്രതിദിനം കുട്ടികൾക്കെതിരെ നടക്കുന്നത് 350 ൽപരം അതിക്രമങ്ങൾ

Web Desk
Posted on October 26, 2019, 10:54 pm

ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2017 ൽ ഉത്തർപ്രദേശ് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദിവസവും 350 അതിക്രമങ്ങൾ നടന്നതായി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സംഘടനയായ സിആർവൈ പറയുന്നു.
അടുത്തിടെ പ്രസിദ്ധീകരിച്ച നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) യുടെ കണക്കുകൾ പ്രകാരം 2016–17 കാലയളവിൽ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് സിആർവൈ പറയുന്നു. ഇത് ഇന്ത്യയിലൊട്ടാകെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ 3.6 ശതമാനമാണ്. 2007 മുതൽ 2017 വരെയുള്ള കാലയളിൽ കുട്ടികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ 1.8 ൽ നിന്നും 28.9 ശതമാനമായി മാറിയെന്നും എൻസിആർബി റിപ്പോർട്ടിൽ പറയുന്നു.
കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലുണ്ടാകുന്ന ക്രമാതീതമായ വർധനവ് തീർത്തും ഭയപ്പെടുത്തുന്നതാണെന്നും രണ്ടു വർഷത്തിനു ശേഷം പ്രസിദ്ധീകരിച്ച എൻസിആർബി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2016‑ൽ ഇത്തരത്തിൽ 1,06,958 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2017 ൽ അത് 1,29,032 ആയി ഉയർന്നു.
ഉത്തർപ്രദേശും മധ്യപ്രദേശുമാണ് കുട്ടികൾക്കെതിരെ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്. 19,000 കേസുകളാണ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഝാർഖണ്ഡിൽ 73.9 ശതമാനത്തിന്റെ വർധനവും അതേസമയം മണിപ്പൂരിൽ 18.9 ശതമാനത്തിന്റെ കുറവും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.