Janayugom Online
ak balan

റവന്യുവകുപ്പും അഡ്വക്കേറ്റ് ജനറലും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല: മന്ത്രി എ കെ ബാലന്‍

Web Desk

തിരുവനന്തപുരം

Posted on November 01, 2017, 10:06 pm

രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിലെ കേസുകളില്‍ ആര് ഹാജരാകണമെന്ന് പറയാനുള്ള അവകാശം വകുപ്പ് മന്ത്രിക്കുണ്ടെന്ന് നിയമമന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, കേസ് നടത്തിപ്പ് ആരെ എല്‍പ്പിക്കണമെന്ന് തീരുമാനിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് സ്വാതന്ത്ര്യമുള്ളതായും അദ്ദേഹം പറഞ്ഞു. മാര്‍ത്താണ്ഡം കായല്‍ നികത്തിയ സംഭവത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ പങ്കുമായി ബന്ധപ്പെടുത്തിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി എ കെ ബാലന്‍.
റവന്യുവകുപ്പും അഡ്വക്കേറ്റ് ജനറലും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഭരണവുമായിബന്ധപ്പെട്ട് ഒരു അവ്യക്തതയുമില്ല. അഥവാ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും നടപടിയുണ്ടാകും. ഇതു സംബന്ധിച്ച് തല പുണ്ണാക്കേണ്ട കാര്യമൊന്നും ഇവിടെയില്ല. ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപരമായ പല വ്യാഖ്യാനങ്ങള്‍ക്കും വഴി തെളിക്കാം. അത് സര്‍ക്കാരിനെ തെറ്റായ വഴിക്ക് കൊണ്ടു പോകുകയോ വഴി തെറ്റിക്കുകയോയില്ലെന്നും മന്ത്രി പറഞ്ഞു.
വിഷയം വലിയ വാര്‍ത്താപ്രാധാന്യമായ സ്ഥിതിക്ക് നിയമമന്ത്രിയെന്ന നിലയില്‍ വിശദീകരണം നല്‍കുക മാത്രമാണ് ചെയ്യുന്നത്. വിവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടാവുകയാണെങ്കില്‍ അപ്പോള്‍ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.