ബിജെപി ഫാസിസ്റ്റാണെന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംശയമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം എം കെ ശശി നഗറില്‍ (നവനീതം ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ് ആശയം അതേപോലെ പകർത്തുന്നവരാണ് ആർഎസ്എസും അവർ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന ബിജെപിയും. ആര്‍ക്കെങ്കിലും അവര്‍ അര്‍ധഫാസിസ്റ്റാേ നിയോഫാസിസ്റ്റാേ ആയി തോന്നുണ്ടെങ്കില്‍ അതൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിഷയമല്ല. ബിജെപിയും ആര്‍എസ് എസും പറയുന്ന ഭാരതാംബയും ദേശീയതയും ഒന്നും യാഥാർത്ഥ്യമല്ല. ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്ത്യാ സഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിന് വേണ്ടത്ര പങ്കുവഹിക്കാനായില്ല. അവര്‍ ചിന്തിച്ചത് അവരുടെ പാര്‍ട്ടിക്കകത്തെ താല്പര്യങ്ങള്‍ മാത്രമാണ്. വിശാലമായ ലക്ഷ്യങ്ങളെ പറ്റി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചിന്തിക്കാനായില്ല. അതുകൊണ്ട് സഖ്യത്തിന് വേണ്ടത്ര മുന്നോട്ടുപോകാനായില്ല. അതല്ലായിരുന്നെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ സാധിക്കുമായിരുന്നു.
വിമർശനവും ചർച്ചകളും പാർട്ടിയെ ദുർബലമാക്കില്ലെന്ന ബോധ്യം യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനുണ്ട്. പക്ഷെ വിമർശനങ്ങൾ പാർട്ടിക്കകത്താകണം, സമൂഹമാധ്യമങ്ങളിലൂടെയല്ല നടത്തേണ്ടത്. സമൂഹമാധ്യമങ്ങളെ സത്യത്തിനു വേണ്ടിയും ജനനന്മയ്ക്ക് വേണ്ടിയും ഉപയോഗിക്കണം. കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരണപ്പെട്ടത് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ ആ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപന്‍ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് കെ വി ഗംഗാധരന്‍ പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സന്തോഷ് കുമാർ എംപി, കെ പി രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ, ദേശീയ കൗൺസിൽ അംഗങ്ങളായ സത്യൻ മൊകേരി, പി വസന്തം, ദേശീയ കൗണ്‍സിലംഗവും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയുമായ ജി ആര്‍ അനില്‍, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ആർ രാജേന്ദ്രൻ, സി പി മുരളി, സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.