Web Desk

മലപ്പുറം

January 17, 2020, 10:06 am

നിയമസഭക്കു മുകളിൽ റസിഡന്റുമാരുടെ ആവശ്യമില്ല

Janayugom Online

പൗരത്വഭേദഗതി നിയമത്തിന്റെ പേരിലും ഓർഡിനൻസുകൾ ഒപ്പിടാതെ മടക്കിയും രാഷ്ട്രീയം കളിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ജനാധിപത്യസംവിധാനമാണ് നിലവിലുള്ളതെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ മറുപടി. നാട്ടുഭരണകാലത്ത് ബ്രിട്ടീഷുകാർ റസിഡന്റുമാരെ നിയമിച്ചിരുന്നു. എന്നാൽ ഭരണഘടന പ്രകാരം നിയമസഭക്ക് മുകളിൽ റസിഡന്റുമാർ ഇല്ലെന്ന് ഓർക്കുന്നത് നല്ലതാണ്. ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ആ ജനാധിപത്യ രാഷ്ട്രത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം കിഴക്കേതലയിൽ ഭരണഘടന സംരക്ഷണറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ റദ്ദാക്കണമെന്ന നിയമസഭയുടെ പ്രമേയം വന്നതോടെ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായി. കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാകിലെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യ രജിസ്റ്ററില്ലെങ്കിൽ പൗരത്വ രജിസ്ട്രറിന്റെ ഒരു പ്രവർത്തനവും നടക്കില്ല. അതാണ് കേരളം ഒറ്റക്കെട്ടായി സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകുന്ന ഉറപ്പെന്നും എന്നാൽ സാമൂഹ്യ സുരക്ഷയുടെ ഭാഗമായി അങ്കണവാടി ജീവനക്കാർ നടത്തുന്ന സർവ്വേയുടെ പേരിൽ ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരുവിഭാഗം ആളുകളുടെ മാത്രം പ്രശ്നമല്ല ഒരോ പൗരൻമാരുടെയും പ്രശ്നമാണ്. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് അസമിൽ നിന്ന് പുറത്താക്കപ്പെട്ട ഒരോരുത്തരും. അതുകൊണ്ട് തന്നെ എല്ലാവരും ഒറ്റകെട്ടയായി നിന്നുകൊണ്ട് വർഗീയ ശക്തികളെ ഒറ്റപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഒരു കരുതൽ തടങ്കലും കേരളത്തിലുണ്ടാവില്ല. മതനിരപേക്ഷത സംരക്ഷിക്കാൻ എല്ലാവരും യോജിക്കണം എന്നാൽ ഇപ്പോഴും രാജ്യത്തിന്റെ വാരിയെല്ല് തന്നെ അപകടത്തിലാണെന്ന് പലരും മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നടത്തിയ സത്യാഗ്രഹം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ആ ഒരുമയും ഇതിൽ നഷ്ടമായി. പ്രതിപക്ഷത്തിനുള്ളിൽ അത് ഒരു തർക്കവിഷയമായി മാറുകയും ചെയ്തു. ഇടുങ്ങിയ മനസ്സുള്ളവർക്ക് ഇക്കാര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. തർക്കിക്കാൻ മറ്റ് എന്തെല്ലാം വിഷയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ അധ്യക്ഷനായി. സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ഖലീൽ ബുഖാരി തങ്ങൾ, മന്ത്രി ഡോ. കെ ടി ജലീൽ, പാലോളി മുഹമ്മദ് കുട്ടി, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Eng­lish sum­ma­ry: There is no need for res­i­dents above the legislature

YOU MAY ALSO LIKE THIS VIDEO