17 September 2024, Tuesday
KSFE Galaxy Chits Banner 2

നിരത്തു വാഴുന്ന കണ്ടെയ്‌നര്‍ ലോറികളെ നിലയ്ക്കു നിര്‍ത്താന്‍ ആരുമില്ല

ജി ബാബുരാജ്
കൊച്ചി
October 18, 2022 8:40 pm

അവിനാശിയില്‍ 19 മലയാളികളുടെ മരണത്തിനിടയാക്കിയ ബസപകടത്തിനു പിന്നാലെ ആരംഭിച്ച കണ്ടെയ്നര്‍ ലോറി പരിശോധന ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പേ നിലച്ചു. വടക്കഞ്ചേരിയില്‍ ഒമ്പതു പേരുടെ ജീവനെടുത്ത അപകടത്തെ തുടര്‍ന്ന് ‘കാടിളക്കി’ നടത്തിവരുന്ന ടൂറിസ്റ്റ് ബസ് പരിശോധനയുടെ ഗതിയും ഈ സാഹചര്യത്തില്‍ കണ്ടറിയേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 20ന് പുലര്‍ച്ചെയാണ് തമിഴ്‍നാട്ടില്‍ തിരുപ്പൂരിനടുത്ത് അവിനാശിയില്‍ കെഎസ്ആര്‍ടിസിയുടെ വോള്‍വോ മള്‍ട്ടി ആക്സില്‍ ബസ് അപകടത്തില്‍പ്പെട്ടത്. ബംഗളുരുവില്‍ നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന എറണാകുളം ഡിപ്പോയിലെ ബസിലേയ്ക്ക് എതിര്‍ദിശയില്‍ ബംഗളുരുവിലേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡിലെ മീഡിയനും കടന്ന ലോറി വലതു ട്രാക്കിലൂടെ വന്ന ബസിന്റെ ഒരു ഭാഗം പാടേ തകര്‍ത്തു. എറണാകുളം ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ ബൈജു, ഗിരീഷ് എന്നിവരടക്കം ബസിലുണ്ടായിരുന്ന 19 പേരാണ് മരിച്ചത്.
കൊച്ചിയില്‍ നിന്ന് ഫ്ലോര്‍ ടൈലുകള്‍ കയറ്റി പോവുകയായിരുന്നു കണ്ടെയ്നര്‍ ലോറി. 25 അടി നീളമുള്ള കണ്ടെയ്നര്‍ പ്ലാറ്റ് ഫോമില്‍ ലോക്ക് ചെയ്ത് ഉറപ്പിക്കാതെ ക്രെയിനുപയോഗിച്ച് ലോറിയില്‍ വെറുതെ എടുത്തുവച്ച നിലയിലായിരുന്നു. ലോറി നിയന്ത്രണം തെറ്റി മീഡിയനിലേയ്ക്ക് ഇടിച്ചു കയറിയതോടെ 35 ടണ്‍ ഭാരം വരുന്ന കണ്ടെയ്നര്‍ കെഎസ്ആര്‍ടിസി ബസിനു മേലേയ്ക്ക് മറിഞ്ഞു. എന്നാല്‍ ലോറി മറിഞ്ഞതുമില്ല. ഓടി രക്ഷപ്പെട്ട പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ പിന്നീട് കീഴടങ്ങി.
ലോറിയുടെ പ്ലാറ്റ്ഫോമില്‍ ലോഡ് നിറച്ച കണ്ടെയ്നര്‍ ലോക്ക് ചെയ്ത് ഉറപ്പിച്ചിരുന്നെങ്കില്‍ കണ്ടെയ്നര്‍ ഭാഗം മാത്രമായി മറിയില്ലായിരുന്നുവെന്നാണ് വാഹനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. തുറമുഖത്തു നിന്ന് ലോഡ് കയറ്റിയ ശേഷം കണ്ടെയ്നറുകള്‍ ലോറിയില്‍ ലോക്ക് ചെയ്ത് ഉറപ്പിക്കണമെന്ന ചട്ടം അവിനാശിയില്‍ അപകടമുണ്ടാക്കിയ ഡ്രൈവര്‍ പാലിച്ചിരുന്നില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ലോറി മറിയാനിടയായാല്‍ കണ്ടെയ്നര്‍ മാത്രമായി റോഡിലേയ്ക്ക് വീഴണമെന്നും തങ്ങളുടെ ജീവന് അപകടമുണ്ടാവരുതെന്നുമുള്ള ലോറി ഡ്രൈവര്‍മാരുടെ ദുഷ്ടചിന്തയാണ് ലോക്ക് അഴിച്ചുമാറ്റിവയ്ക്കുന്നതിനു പിന്നില്‍.
കണ്ടെയ്നര്‍ ലോറിക്കാരുടെ ഈ സൂത്രപ്പണിക്ക് തടയിടാനാണ് വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെമ്പാടും കണ്ടെയ്നര്‍ പരിശോധനകള്‍ക്ക് അന്ന് തുടക്കമിട്ടത്. പരിശോധന നടക്കുന്നതറിഞ്ഞപ്പോള്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍മാര്‍ മര്യാദക്കാരായി. എന്നാല്‍ അവിനാശി അപകടം വാര്‍ത്തകളില്‍ നിന്ന് മറഞ്ഞതോടെ വാഹന പരിശോധനയും അവസാനിച്ചു. കൊട്ടിഘോഷിച്ചു നടത്തിയ’ഓപ്പറേഷന് ’ രണ്ടു മാസം പോലും ആയുസുണ്ടായില്ല. അതോടെ കണ്ടെയ്നര്‍ ഡ്രൈവര്‍മാര്‍ വീണ്ടും നിരത്തു ഭരിക്കാന്‍ തുടങ്ങി.
കൊച്ചിയില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ മാത്രം 7500 കണ്ടെയ്നര്‍ ലോറികളാണുള്ളത്. ഇതിനു പുറമേ മംഗലാപുരം, തൂത്തുക്കുടി തുറമുഖങ്ങളില്‍ നിന്നടക്കം നിത്യേന കേരള നിരത്തിലൂടെ ആയിരം കണ്ടെയ്നര്‍ ലോറികളെങ്കിലും തലങ്ങും വിലങ്ങുമോടുന്നുണ്ട്. ഇവ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നതെന്ന് കണക്കാക്കിയാല്‍ പോലും ശരാശരി 5000 കണ്ടെയ്നര്‍ ലോറികളെങ്കിലും ദിവസേന ചീറിപ്പായുന്നുണ്ട്. അവയില്‍ 90 ശതമാനവും കണ്ടെയ്നറുകളുടെ ലോക്ക് അഴിച്ചിട്ടാണ് ഓടുന്നതെന്നത് അത്യന്തം ആശങ്കാജനകമാണ്. ലോറിക്ക് ചെറിയൊരു ഉലച്ചിലുണ്ടായാല്‍ പോലും വഴിയേ പോകുന്നവരുടെ തലയിലേയ്ക്കാവും 35 മുതല്‍ 65 ടണ്‍ വരെ ഭാരമുള്ള കണ്ടെയ്നര്‍ പതിക്കുക.
പതിവു വാഹന പരിശോധനയുടെ ഭാഗമായി ഇപ്പോഴും ഒറ്റപ്പെട്ട കണ്ടെയ്നര്‍ പരിശോധന നടക്കുന്നുണ്ട്. ലോക്ക് ഇല്ലാത്തവ പിടിക്കപ്പെട്ടാല്‍ 2500 രൂപയാണ് പിഴ. കൊച്ചിയില്‍ നിന്ന് മധുര, ദിണ്ടിഗല്‍, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് 30,000 മുതല്‍ 40,000 രൂപ വരെ വാടക ഈടാക്കി ലോഡ് കൊണ്ടു പോകുന്ന ഡ്രൈവര്‍മാര്‍ ഈ ചെറിയ പിഴ സംഖ്യയെ ഒട്ടും ഗൗരവത്തോടെ കാണുന്നില്ല.
റോഡപകടങ്ങള്‍ തടയാന്‍ റോഡ് സുരക്ഷാ വിഭാഗവും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാരും നിലവിലുണ്ടെങ്കിലും വാഹന പരിശോധനകള്‍ ചടങ്ങായി മാറുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

Eng­lish Sum­ma­ry: There is no one to stop the con­tain­er lor­ries that rule the road

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.