
2022ൽ ‘വിദ്യാഭ്യാസ വിപ്ലവം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ‘എംബിബിഎസ് ഇൻ ഹിന്ദി’ സംരംഭം പാളുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി 2022ല്‍ മധ്യപ്രദേശിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. തുടർന്ന് ഛത്തീസ്ഗഢ്, രാജസ്ഥാൻ, യുപി, ബിഹാർ എന്നിവിടങ്ങളിലും ആരംഭിച്ചു. ചെറിയ ഒരു ശതമാനം വിദ്യാര്‍ത്ഥികള്‍ പഠന മാധ്യമമായി ഹിന്ദി തെരഞ്ഞെടുത്തുവെങ്കിലും പല സംസ്ഥാനങ്ങളിലും മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഹിന്ദിയില്‍ പരീക്ഷയെഴുതുന്നവര്‍ ആരും തന്നെയില്ല എന്ന അവസ്ഥയായി. 2022 ഒക്ടോബർ 16ന് ഭോപ്പാലിൽ ഹിന്ദിയിൽ എംബിബിഎസ് കോഴ്‌സ് ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാർത്ഥികളുടെ മാതൃഭാഷകളിൽ പ്രാഥമിക, സാങ്കേതിക, മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിന് ഊന്നൽ നൽകിയ 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമാണിതെന്ന് പറഞ്ഞിരുന്നു. ”നമ്മുടെ ഭാഷകളുടെ അഭിമാനം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വിദ്യാഭ്യാസ വിപ്ലവം” എന്ന് വിശേഷിപ്പിച്ച അമിത് ഷാ, എംബിബിഎസ് ഒന്നാം വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക് 10 കോടി രൂപ ചെലവിൽ വിവർത്തനം ചെയ്ത് വാങ്ങി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാന സർക്കാരുകളും ഈ സംരംഭം ആവർത്തിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.
തുടക്കത്തില്‍ ചില വിദ്യാർത്ഥികൾ തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയിൽ വൈദ്യശാസ്ത്രം പഠിക്കുക എന്ന ആശയത്തിൽ ആവേശഭരിതരായി. ജെ പി പബ്ലിക്കേഷൻ, എൽസെവിയർ തുടങ്ങിയ പ്രസാധകരുടെ വിതരണങ്ങളെ തുടർന്ന് കോളജ് ലൈബ്രറികളിൽ സൂക്ഷിച്ചിരിക്കുന്ന പാഠപുസ്തകങ്ങൾ തെരഞ്ഞെടുത്തു. പക്ഷേ ഈ സംസ്ഥാനങ്ങളിലൊന്നും ഇതുവരെ ഒരു വിദ്യാർത്ഥി പോലും ഹിന്ദിയിൽ എംബിബിഎസ് പരീക്ഷ എഴുതിയിട്ടില്ല. എംബിബിഎസിന്റെ മൂന്നാം വർഷം വരെയുള്ള ഹിന്ദി പാഠപുസ്തകങ്ങൾ താല്പര്യമുള്ളവർക്ക് ലഭ്യമാണെന്ന് എംപി മെഡിക്കല്‍ സയിന്‍സ് സര്‍വകലാശാലയുടെ കീഴിലുള്ള 18 സർക്കാർ മെഡിക്കൽ കോളജുകളും ഉറപ്പാക്കിയിട്ടുണ്ടെങ്കിലും, ഏകദേശം 10–15% വിദ്യാർത്ഥികൾ മാത്രമേ ഈ പുസ്തകം തെരഞ്ഞെടുത്തിട്ടുള്ളൂ. കൂടാതെ, ഹിന്ദിയിലെ പരീക്ഷകൾക്ക് ആരും തന്നെയില്ല. മറ്റ് സംസ്ഥാനങ്ങളിലും സമാന പ്രതികരണമാണ്. ബിഹാറിൽ, കഴിഞ്ഞ വർഷം ഏതാനും സർക്കാർ മെഡിക്കൽ കോളജുകളിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളിൽ ഏകദേശം 20% പേർ ഹിന്ദി പുസ്തകങ്ങൾ തെരഞ്ഞെടുത്തിരുന്നുവെങ്കിലും ഈ വർഷം ആരും ആ ഭാഷയിൽ പരീക്ഷ എഴുതിയില്ല. ഒടുവില്‍ കഴിഞ്ഞ മാസം മധ്യപ്രദേശ് സർക്കാർ വാർഷിക പരീക്ഷകൾ ഹിന്ദിയിൽ എഴുതാൻ തെരഞ്ഞെടുക്കുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസിൽ 50% ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചു. ഹിന്ദിയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡുകളും നൽകും, ഏറ്റവും ഉയർന്ന പ്രതിഫലം രണ്ട് ലക്ഷം രൂപയായിരിക്കും. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ ഹിന്ദിയോട് മുഖം തിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.