Web Desk

ന്യൂഡല്‍ഹി

August 08, 2021, 9:47 pm

‘അങ്ങനെയൊരു കമ്മിറ്റിയേ ഇല്ല’: ഓക്സിജന്‍ സമിതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍

Janayugom Online

ഓക്സിജന്‍ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട ഒമ്പതംഗ സമിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നാടകീയമായി നിലപാട് മാറ്റി.

അത്തരമൊരു സമിതിയും രൂപീകരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച ഏറ്റവും പുതിയ മറുപടി. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കാലയളവില്‍ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം കാരണം നൂറുകണക്കിന് പേര്‍ മരണമടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വിവരങ്ങള്‍ നല്‍കാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി ശ്രദ്ധേയമാകുന്നത്.

പത്രപ്രവര്‍ത്തകനായ സൗരവ് ദാസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ജൂലൈ 29ന് കേന്ദ്രസര്‍ക്കാരിനോട് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി രാജ്യം ഓക്സിജന്‍ ക്ഷാമത്തില്‍ ദുരിതമനുഭവിച്ചിരുന്ന ഏപ്രില്‍ മാസത്തിലാണ് പത്രപ്രവര്‍ത്തകനായ സൗരവ് ദാസ് ഒമ്പതംഗ കമ്മിറ്റിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നല്‍കിയത്.

2020 ഏപ്രില്‍ മാസത്തില്‍ രൂപീകരിച്ച സമിതിയുടെ കീഴില്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റുകള്‍, മാസ്കുകള്‍, കയ്യുറകള്‍ തുടങ്ങിയവയുടെ ലഭ്യതയുടെ ഉത്തരവാദിത്തമാണ് നിക്ഷിപ്തമാക്കിയിരുന്നത്. പിന്നീട് ഓക്സിജന്‍ വിതരണത്തിന്റെ ചുമതലയും സമിതിക്ക് നല്‍കുകയായിരുന്നു.

ഈ സമിതിയുടെ യോഗങ്ങള്‍ നടന്ന തീയതികളും അജണ്ടകളും യോഗത്തിന്റെ മിനുട്ട്സും ഉള്‍പ്പെടെയാണ് സൗരവ് ദാസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ജൂണ്‍ 11ന് കേന്ദ്ര പൊതു വിവരാവകാശ ഓഫീസര്‍ മറുപടി നല്‍കി. ഈ നിലപാട് തള്ളിക്കൊണ്ടാണ് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനോട് പത്ത് ദിവസത്തിനകം കൃത്യമായ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെത്തുടര്‍ന്ന് ഓഗസ്റ്റ് ആറിന് കേന്ദ്ര വാണിജ്യ‑വ്യവസായ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ അമ്പരപ്പിക്കുന്ന നിലപാട് മാറ്റം.

അപേക്ഷയില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഏപ്രില്‍ 2020ല്‍ അത്തരമൊരു സമിതിയും രൂപീകരിച്ചിട്ടില്ലെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. കമ്മിറ്റി യോഗങ്ങളുടെ തീയതിയും മിനിട്ട്സും ഉള്‍പ്പെടെയുള്ള വിവരങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും സമിതി രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ അതിനൊന്നും മറുപടിയില്ലെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ ഇതേ മന്ത്രാലയം തന്നെയാണ് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന് മുമ്പാകെ പോലും നിര്‍ബന്ധം പിടിച്ചതെന്ന് അപേക്ഷകനായ സൗരവ് ദാസ് പറയുന്നു.

ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് വിവരാവകാശ നിയമത്തെപ്പോലും പരിഹസിച്ചുകൊണ്ട് നല്‍കിയ മറുപടിയുടെ പിന്നിലെന്ന് വ്യക്തമാവുകയാണ്. നേരത്തെ ഓക്സിജന്‍ ക്ഷാമം കാരണം രാജ്യത്ത് ഒരാള്‍ പോലും മരണമടഞ്ഞിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ വാദത്തിനെതിരെ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ അടക്കം നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ഒളിച്ചുകളികളും കേന്ദ്രം നടത്തുന്നത്.

Eng­lish Sum­ma­ry: ‘There is no such com­mit­tee’: Cen­tral Gov­ern­ment on Oxy­gen Committee

You may like this video also