October 1, 2022 Saturday

Related news

October 1, 2022
September 30, 2022
September 29, 2022
September 28, 2022
September 28, 2022
September 27, 2022
September 25, 2022
September 25, 2022
September 23, 2022
September 23, 2022

അതിര്‍ത്തിപ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാവണം

Janayugom Webdesk
May 27, 2020 3:10 am

ന്ത്യ നേപ്പാള്‍ ബന്ധത്തില്‍ അടുത്തകാലത്തുണ്ടായ ഉലച്ചില്‍ അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം നിലനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ നയതന്ത്രചാതുരിക്ക് സംഭവിച്ച വീഴ്ചയായേ കാണാന്‍ കഴിയൂ. അടുത്തകാലത്തുണ്ടായ രണ്ട് ഭരണകൂട തീരുമാനങ്ങളാണ് ഇന്ത്യ നേപ്പാള്‍ ഉഭയകക്ഷി ബന്ധത്തില്‍ കല്ലുകടിയായി മാറിയത്. വിവാദ ജമ്മു കശ്മീര്‍ പുനഃസംഘടനയെത്തുടര്‍ന്ന് നവംബര്‍ രണ്ടിന് ഇന്ത്യ പ്രസിദ്ധീകരിച്ച രാഷ്ട്രീയ ഭൂപടമാണ് വിവാദത്തിന് തുടക്കംകുറിച്ചത്. നേപ്പാള്‍ അവകാശവാദം ഉന്നയിക്കുന്ന കാലാപാനി മേഖലയെ മുന്‍പെന്നതുപോലെ ഇന്ത്യയുടെ ഭാഗമാക്കി കാട്ടുന്ന പുതിയ ഭൂപടത്തിനെതിരെ നേപ്പാള്‍ പ്രതിഷേധിക്കുകയുണ്ടായി. തര്‍ക്കം സംബന്ധിച്ച് നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ക്ക് തീയതി നിശ്ചയിക്കപ്പെടാത്ത സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയായിരുന്നു.

ഈ മാസം എട്ടാം തീയതി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ടിബറ്റിലെ മാനസസരോവറിലേക്ക്, കാലാപാനിയിലൂടെ ലിപുലേഖിലേക്ക് കടന്നുപോകുന്ന ഒരു റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതായിരുന്നു മറ്റൊരു സംഭവം. 2012ല്‍ ഇന്ത്യ നിര്‍മ്മാണം ആരംഭിച്ച പ്രസ്തുത റോഡിന്റെ 19 കിലോമീറ്റര്‍ തങ്ങളുടെ ഭൂപ്രദേശത്തുകൂടിയാണ് കടന്നുപോകുന്നതെന്ന അവകാശവാദം നേപ്പാള്‍ ഉന്നയിക്കുകയുണ്ടായി. മെയ് 20ന് നേപ്പാള്‍ പുതിയ ഒരു രാഷ്ട്രീയ ഭൂപടം പുറത്തുവിട്ടു. കാലാപാനി മേഖലയില്‍ ഇന്ത്യയുടെ പരമാധികാരത്തെ നിഷേധിക്കുന്ന പ്രസ്തുത ഭൂപടം നയതന്ത്രതലത്തില്‍ രാഷ്ട്രീയമായി പരിഹാരം കാണേണ്ട വിഷയമാണ്. നേപ്പാളിന്റെ ഏകപക്ഷീയമായ നീക്കം ചരിത്രവസ്തുതകള്‍ക്കും തെളിവുകള്‍ക്കും അനുരോധമല്ലെന്നും ഇന്ത്യയുടെ പരമാധികാരത്തെയും ഭൂപരമായ സമ്പൂര്‍ണ്ണതയെയും നേപ്പാള്‍ അംഗീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

മഹാമാരിക്ക് ശമനമുണ്ടാകുന്ന മുറയ്ക്ക് വിവാദ വിഷയങ്ങളില്‍ ചര്‍ച്ചക്കുള്ള സന്നദ്ധതയും ഇന്ത്യ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നേപ്പാള്‍ മറ്റാര്‍ക്കോ വേണ്ടിയാണ് തര്‍ക്കം ഉന്നയിക്കുന്നതെന്ന കരസേനാ മേധാവി എം എം നര്‍വണെയുടെ പ്രതികരണം പ്രകോപനമായി മാറി. നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും തമ്മില്‍ 1816 ല്‍ അതിര്‍ത്തി നിര്‍ണയത്തിന് ആരംഭിച്ച ശ്രമങ്ങള്‍ വലിയൊരളവ് വിജയമായിരുന്നെങ്കിലും ഇനിയും പൂര്‍ത്തീകരിക്കേണ്ടതായാണ് അവശേഷിക്കുന്നത്. ഇരുരാജ്യങ്ങളും ത­മ്മിലുള്ള 1,800 കിലോമീറ്റര്‍ ദെെര്‍ഘ്യം വരുന്ന അതിര്‍ത്തിയുടെ 98 ശതമാനത്തിലും തീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മഹാകാളിനദി അതിര്‍ത്തിയിടുന്ന കാലാപാനി മേഖല സംബന്ധിച്ച തര്‍ക്കം ഇനിയും പരിഹരിക്കേണ്ടതായിട്ടുണ്ട്.

ഇന്ത്യ‑നേപ്പാ­ള്‍­-ചെെന അതിര്‍ത്തിയിലുള്ള ഈ പ്രദേശം ഇന്ത്യക്ക് തന്ത്രപ്രാധാന്യമുള്ളതാണ്. എന്നാല്‍ തര്‍ക്കങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണണമെന്ന നിലപാടാണ് ഇരുരാജ്യങ്ങളും കാലങ്ങളായി തുടര്‍ന്നുപോന്നത്. അതിന് രാഷ്ട്രീയമായി മാത്രമെ പരിഹാരം കാണാനാവൂ എന്നതും അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. രണ്ട് വലിയ രാജ്യങ്ങളുടെ നടുവിലുള്ള നേപ്പാള്‍ ഇരുരാജ്യങ്ങളുമായും സമതുലിത ബന്ധം നിലനിര്‍ത്തുക എന്നത് ശ്രമകരമാണ്. പരമ്പരാഗതമായി ഇന്ത്യയുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന നേപ്പാളിനെ ചെെനക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പരോക്ഷമായെങ്കിലും കരസേന മേധാവി ആരോപിച്ചത് നയതന്ത്ര മര്യാദകള്‍ക്ക് തീര്‍ത്തും അനുചിതമായി. ഒരു ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ സെെന്യത്തിന് ഇന്ത്യന്‍ ഭരണഘടനയോ കീഴ്‌വഴക്കങ്ങളോ വിദേശബന്ധമടക്കം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ അനുമതി നല്‍കുന്നില്ല.

എന്നാല്‍ സമീപകാലത്തായി സെെനിക മേധാവികള്‍ അത്തരം കീഴ്‌വഴക്കങ്ങളെ ലംഘിക്കുന്നുവെന്നത് ആശങ്കാജനകവും അനുചിതവുമാണ്. പ്രത്യേകിച്ചും ഇതര അയല്‍രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ നേപ്പാള്‍ ബന്ധവും സുദൃഢവും ചരിത്രപരവുമാണ്. നര്‍വണെയുടെ പ്രസ്താവന ആ ബന്ധത്തില്‍ അനാവശ്യമായ പിരിമുറുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ കരസേനയില്‍ ഇവിടെ പരിശീലനം സിദ്ധിക്കുകയും രാജ്യത്തിന്റെ സുരക്ഷാതാല്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്ത നേപ്പാളി പൗരന്മാര്‍ ഉള്‍പ്പെട്ട ഏഴ് ഗൂര്‍ഖാ സെെനിക ദളങ്ങളാണ് ഉള്ളത്.

അവര്‍ രാജ്യത്തിന്റെ ഭൂപരമായ സമ്പൂര്‍ണ്ണതയും രാഷ്ട്രീയപരമാധികാരവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരും ധീരോദാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരും ഉന്നത സെെനിക പുരസ്കാരങ്ങളാല്‍ ആദരിക്കപ്പെട്ടവരുമാണ്. ഇന്ത്യയുടെ പ്രഥമ കരസേനാ മേധാവിയായിരുന്ന ജനറല്‍ കരിയപ്പ മുതല്‍ ജനറല്‍ ബിപിന്‍ റാവത്ത് വരെ ഇരു രാജ്യങ്ങളുടെയും ജനറല്‍മാര്‍ക്ക് പരസ്പരം സേനകളുടെ ജനറല്‍ സ്ഥാനം നല്‍കി ആദരിച്ചുപോന്നിരുന്നു എന്നത് ഇരുസേനകളും രാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സേനയിലെ സേവനത്തിന് പെന്‍ഷന്‍ ആനുകൂല്യം പറ്റുന്ന ഒന്നര ലക്ഷത്തോളം നേപ്പാളി പൗരന്മാരുണ്ടെന്നതും ആ ബന്ധത്തിന് അടിവരയിടുന്നു. ഇപ്പോഴത്തെ അതിര്‍ത്തി പ്രശ്നത്തിനു രാഷ്ട്രീയപരിഹാരം കാണാന്‍ ഇതിലേറെ ദൃഢമായ എന്ത് അടിത്തറയാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.