വിവേചനത്തിന് ഇനിയും ഇരകളുണ്ടാവരുത്

Web Desk
Posted on November 15, 2019, 10:45 pm

ജാതി മതങ്ങളുടെയും പഠനത്തിന്റെയും പേരിലുള്ള വിവേചനങ്ങൾ ജീവനെടുക്കുന്ന സംഭവങ്ങൾ അടുത്തിടെയായി നമ്മുടെ കാമ്പസുകളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. അതിൽ അവസാനത്തേതാണ് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ സംഭവം. നവംബർ എട്ടിന് രാത്രിയാണ് ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഫാത്തിമയുടെ മാതാവ് വിളിച്ചുവെങ്കിലും ഫോണിൽ ലഭ്യമാകാതിരുന്നതിനാൽ സഹപാഠികളോട് വിവരം പറയുകയും അതിന്റെ അടിസ്ഥാനത്തിൽ അവർ ഹോസ്റ്റൽ മുറിയിലെത്തിയപ്പോൾ അകത്തുനിന്നും കുറ്റിയിട്ടനിലയിലായിരുന്നു. തുടർന്ന് അധികൃതരെ അറിയിച്ചു. അവരെത്തി മുറി ബലംപ്രയോഗിച്ച് തുറന്നപ്പോൾ ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പല ആരോപണങ്ങളും അതോടൊപ്പം തന്നെ ചില സംശയങ്ങളും ഇതുസംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.

എന്നുമാത്രമല്ല പൊലീസ് കണ്ടെടുത്തിരുന്ന ഫാത്തിമയുടെ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട നടപടികൾക്ക് മുന്നോടിയായി ഫാത്തിമയുടെ മൊബൈൽഫോൺ ഇരട്ടസഹോദരി വാങ്ങി പ്രവർത്തിപ്പിച്ചപ്പോഴാണ് അതിൽ സ്ക്രീൻ സേവറിൽ ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങൾ വ്യക്തമാക്കുന്ന കുറിപ്പ് കണ്ടത്. ഇത് ഒരു അധ്യാപകനാണ് മരണത്തിന് കാരണമെന്നായിരുന്നു. സുദര്‍ശന്‍ പത്മനാഭൻ എന്ന അധ്യാപകനെതിരെയായിരുന്നു പരാമര്‍ശം. സുദര്‍ശന്‍ കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് ഇരുപതില്‍ 13 മാര്‍ക്കാണു ഫാത്തിമയ്ക്ക് ലഭിച്ചത്. 18 മാര്‍ക്കിനു യോഗ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. ഇതേതുടർന്ന് അധ്യാപകനിൽ നിന്ന് മാനസികപീഡനം നേരിട്ടതായും പറയപ്പെടുന്നുണ്ട്. ഇതിന് പുറമേ മതപരമായ വിവേചനവും നേരിടേണ്ടിവന്നതായും ആരോപണമുണ്ട്. മതം വ്യക്തമാകുന്ന വിധത്തിലുള്ള വസ്ത്രധാരണരീതി (ശിരോവസ്ത്രം) ഒഴിവാക്കേണ്ടിവന്നുവെന്ന് മാതാവ് പരാതി പറഞ്ഞിട്ടുമുണ്ട്. അഖിലേന്ത്യാ ഐഐടി എന്‍ട്രന്‍സില്‍ ഒന്നാംറാങ്ക് നേടിയാണ് ഫാത്തിമ മദ്രാസ് ഐ­ഐടിയില്‍ പ്രവേശനം നേ­ടിയത്. രാജ്യത്തെ ഏറ്റവും പ്രമുഖവും മികച്ച നിലവാരമുള്ളതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് മദ്രാസ് ഐ­ഐടി.

എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ മികവിന്റെ കാര്യത്തിൽ ഒന്നാമതാണ് ഇതിന്റെ സ്ഥാനം. അതേസമയം തന്നെ പഠനാന്തരീക്ഷത്തിൽ വിദ്യാർഥികളെ സംബന്ധിച്ച് മോശം കാലാവസ്ഥയുള്ള സ്ഥാപനവുമാണിതെന്ന് അടുത്തിടെ പുറത്തുവന്ന വാർത്തകളിലും റിപ്പോർട്ടുകളിലും പറയുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ദുരൂഹമായ സാഹചര്യത്തിൽ ഇവിടെ അഞ്ച് ആത്മഹത്യകൾ നടന്നിട്ടുണ്ട്. സെപ്റ്റംബറിൽ ഓഷ്യൻ എൻജിനിയറിംഗ് വിദ്യാർഥി എസ് സഹൽ കോർമത്ത് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ജനുവരിയിൽ രഞ്ജന കുമാരിയെന്ന ഗവേഷണ വിദ്യാർഥിയും ഗോപാൽ ബാബുവെന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിയും ആത്മഹത്യ ചെയ്യുകയുണ്ടായി. ഇതിൽ നാലാമത്തേതാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫാത്തിമ ലത്തീഫ്. 2018 ഡിസംബറിൽ അദിതി സിംഹയെന്ന അധ്യാപകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയുണ്ടായി. ഏറ്റവും വിഷമകരമെന്ന് അഭിപ്രായമുള്ള പ്രവേശന പരീക്ഷ കടന്നാണ് വിദ്യാർഥികൾ ഐഐടികളിൽ പഠനത്തിനെത്തുന്നത്. അതുകൊണ്ടുതന്നെ ചെറിയ സമ്മർദ്ദങ്ങൾ അവരെ മാനസിക സംഘർഷത്തിലാക്കാനിടയില്ല. അങ്ങനെ വരുമ്പോൾ മദ്രാസ് ഐഐടിയിലെ വിദ്യാർഥികൾ ചിലരെങ്കിലും ആത്മഹത്യ ചെയ്യാനിടയാകുന്നുവെങ്കിൽ അനുഭവിക്കുന്ന മാനസിക പീഡനം അത്ര കടുത്തതായിരിക്കുമെന്ന് വേണം ഊഹിക്കാൻ.

മാനസിക പീഡനവും ജാതി — മത വിവേചനവും കാരണം ആത്മഹത്യകളും വിദ്യാഭ്യാസമുപേക്ഷിക്കലും വ്യാപകമാകുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ചിലതെല്ലാം വൻവാർത്തകളാവുകയും വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്യുന്നുവെന്നതിനാൽ നമ്മുടെ ശ്രദ്ധയിലെത്തുന്നു. ഹൈദരാബാദ് സർവ്വകലാശാലയിലെ രോഹിത് വെമുല ഇപ്പോഴും അണയാത്ത കനലായി നമ്മുടെ മനസിലുണ്ട്. മുംബൈയിലെ ബിവൈഎൽ നായർ മെഡിക്കൽ കോളജിലെ പായൽ തഡ്‌വിയുടെ മരണവും അടുത്തകാലത്ത് നമ്മെ വല്ലാതെ ഉലച്ചതായിരുന്നു. ഇവ രണ്ടും ജാതി വിവേചനത്തിന്റെ ഫലമായിരുന്നു. ഇതെല്ലാംകൊണ്ട് ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. അതിന് ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് നടപടികൾ ഉണ്ടാവണം. ഇപ്പോൾ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തേ ലോക്കൽ പൊലീസ് അന്വേഷിച്ചപ്പോൾ അവരുടെ നടപടികളിൽ ചില സംശയങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അതേതുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പ്രസ്തുത അന്വേഷണം പോരെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് ഫാത്തിമയുടെ ബന്ധുക്കളും സഹപാഠികളുമടക്കം ആവശ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കണമെങ്കിൽ സമഗ്രമായ അന്വേഷണവും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷയും ഉറപ്പുവരുത്തുകയാണ് വേണ്ടത്. അതിന് അനുയോജ്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ഉണ്ടാകേണ്ടതുണ്ട്.