19 April 2024, Friday

ഇടതു സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ

Janayugom Webdesk
കോഴിക്കോട്
January 9, 2022 10:38 pm

ഇടതു സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സർക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന ഒരു സർക്കാരിൽ നിന്ന് നമുക്കവകാശപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വേണ്ടി വിദ്വേഷ സമീപനം സ്വീകരിക്കാതെ ഇരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തന്ത്രപരമായ ഒരു സമീപനം എന്ന് മാത്രം കരുതിയാൽ മതി. വിമർശിക്കപ്പെടേണ്ട കാര്യമല്ല എന്നും സമസ്ത നേതാവ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ള എല്ലാവരും വിശ്വാസികൾ അല്ലാത്തവരാണ് എന്ന് പറയുന്നില്ല. പാർട്ടിയിലെ എല്ലാവരും നിരീശ്വരത്വം അംഗീകരിച്ചവരോ ഇടത് സൈദ്ധാന്തിക ദർശനം പഠിച്ചവരോ ആകണമെന്നില്ല. വിശ്വാസികളായിട്ടുള്ളവരും പാർട്ടിയിലുണ്ട്. കേരളം ഭരിക്കുന്നത് പൂർണമായും കമ്മ്യൂണിസ്റ്റുകളല്ല. മതവിശ്വാസികൾ കൂടി ചേർന്നിട്ടുള്ള മുന്നണിയാണ് ഇപ്പോൾ ഭരിക്കുന്നത് എന്നും പൂക്കോട്ടൂർ പറഞ്ഞു. കാര്യങ്ങളെ വേർതിരിച്ച് കാണാനുള്ള കെൽപ്പ് വിവേകമുള്ളവർക്കുണ്ട്. ബാക്കിയുള്ളവർ വെറുതെ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അബ്ദുസമദ് പൂക്കോട്ടൂരിന്റെ ഈ പ്രസ്താവന അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സർക്കാരിനോടും ഇടതുമുന്നണിയോടും സഹകരിക്കുന്നതിൽ തെറ്റില്ലെന്ന സമസ്തയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനക്ക് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വഖഫ് വിഷയത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച സമീപനം സർക്കാരിന് അനുകൂലമായ രീതിയിലായിരുന്നു. ഇത് ലീഗിന് തിരിച്ചടിയാകുകയും ചെയ്തിരുന്നു.

eng­lish sum­ma­ry; there was noth­ing wrong with coop­er­at­ing with the  government

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.