August 9, 2022 Tuesday

Related news

July 8, 2022
March 31, 2022
January 7, 2022
November 19, 2021
June 22, 2021
April 3, 2021
February 19, 2021
January 30, 2021
June 30, 2020
May 25, 2020

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ല

Janayugom Webdesk
December 27, 2019 10:10 pm

തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് സർക്കാർ. തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ 2012 മുതൽ യുഡിഎഫ് സർക്കാർ ആരംഭിച്ച നടപടിക്രമങ്ങളെല്ലാം നിർത്തിവയ്ക്കാനും സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധവുംവ്യാജവുമാണ്. അത്തരമൊരു തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടില്ല. ഇതുസംബന്ധിച്ച യാതൊരു ഫയലും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

2012 ഓഗസ്റ്റിൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ കത്ത് മുഖേന അറിയിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോർട്ട് കാലാവധി തീർന്നശേഷവും അനധികൃതമായി രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും, ശിക്ഷാ കാലാവധി പൂർത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികൾക്കായി കാത്തിരിക്കുന്ന വിദേശികളെയും രാജ്യം വിടുന്നതുവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ ഇത്തരം സെന്റർ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചുചേർക്കുകയും അന്നത്തെ ഡിജിപിയും എഡിജിപി ഇന്റലിജൻസും, ജയിൽ വകുപ്പ് ഐജിയും ഉൾപ്പെടെ ആ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.

ഈ യോഗത്തിലാണ് സംസ്ഥാനത്ത് അടിയന്തരമായി അത്തരം സെന്ററുകൾ സ്ഥാപിക്കാൻ വേണ്ടുന്ന ശുപാർശ സമർപ്പിക്കാൻ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയത്. തുടർനടപടികളുടെ ഭാഗമായി സാമൂഹ്യനീതി ജില്ലാ ഓഫീസറും ജില്ലാ പൊലീസ് സൂപ്രണ്ടും ചേർന്ന മാനേജിംഗ് കമ്മിറ്റിയെയും നിശ്ചയിച്ചു. ഇത് സംബന്ധിച്ച് എത്രപേരെ പാർപ്പിക്കേണ്ടിവരും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടേറിയറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടു. ഈ വിശദാംശങ്ങൾ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയോടും ചോദിച്ചു. ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോർഡ്സ് ബ്യൂറോ ഇതുവരെ നൽകിയിട്ടില്ല. നേരത്തെ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈൻഡറുകൾ തുടർച്ചയായി കേന്ദ്രസർക്കാരിൽ നിന്ന് വകുപ്പുകൾക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.