February 5, 2023 Sunday

ലോക്ഡൗണിന് ശേഷവും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാകില്ല: മന്ത്രി തിലോത്തമൻ

Janayugom Webdesk
തിരുവനന്തപുരം
April 6, 2020 8:44 pm

ലോക്ഡൗൺ കാലത്തിന് ശേഷവും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമൻ. ആവശ്യമായ അരി സ്റ്റോക്കുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ തത്സമയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ റേഷൻ വിതരണ നടപടികൾ ഫലപ്രദമായാണ് നടക്കുന്നത്. 80 ശതമാനം ആളുകളും വാങ്ങി. ആകെ 87.22 ലക്ഷം റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 63.64 ലക്ഷം കാർഡുടമകളും ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റി കഴിഞ്ഞു.

ഈ മാസം 20 ന് ശേഷം മുൻഗണനാ വിഭാഗങ്ങൾക്ക് വേണ്ടി വീണ്ടും സൗജന്യ അരിവിതരണം ആരംഭിക്കും. കേന്ദ്രത്തിൽ നിന്നും അധികം ലഭിക്കുന്ന അരിയാണ് ഇതിനായി വിതരണം ചെയ്യുക. റേഷൻ വാങ്ങിയവരുടെ എണ്ണം സർ‍വകാല റെക്കോഡ് ആണ്. സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നുണ്ട്. ഒരു മാസം സംസ്ഥാനത്ത് റേഷൻ കൊടുക്കാൻ 1.18 ലക്ഷം മെട്രിക് ടൺ അരിയാണ് ആവശ്യം. അത് കേന്ദ്രം എല്ലാ മാസവും തരും. അതോടൊപ്പം കേന്ദ്രവില ഉപയോ​ഗിച്ച് സംസ്ഥാനത്ത് എത്ര നെല്ല് ശേഖരിക്കുന്നുവോ അതിന്റെ 68 ശതമാനം കണക്കാക്കി എഫ്‌സിഐക്ക് നൽകണം. ഏപ്രിൽ മാസത്തെ ഇപ്പോൾ വിതരണം ചെയ്തു കഴിഞ്ഞു. മെയ് മാസത്തേക്കുള്ളത് കൈവശമുണ്ട്. ജൂണിലേക്ക് വേണ്ടത് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. റേഷനിൽ കൃത്രിമം കാണിക്കുന്നുണ്ടെങ്കിൽ കർശന നടപടി നേരിടേണ്ടി വരും. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടിയുൾപ്പെടെ സ്വീകരിച്ചിട്ടുണ്ട്.

റേഷൻ കാർഡ് ഉടമയ്ക്ക് കേരളത്തിലെവിടെ നിന്നും ഭക്ഷ്യധാന്യം വാങ്ങാം. അതു പറ്റില്ലെന്ന് ഒരു റേഷൻ കാർഡ് ഉടമയ്ക്കും പറയാനാവില്ല. രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ആളുകൾക്ക് എവിടെ നിന്നും അരി വാങ്ങാനും അവസരമുണ്ട്. അതിൽ ഏതെങ്കിലും കടയുടമ എതിർപ്പ് കാണിച്ചാൽ അവർക്കെതിരെ നടപടിയുണ്ടാകും. പലവ്യഞ്ജന കിറ്റ് എന്ന് മുതൽ ലഭിക്കുമെന്ന് എന്ന് പൊതുജനങ്ങളെ അറിയിക്കും. റേഷൻകാർഡില്ലാത്തവർക്ക് ആധാർനമ്പർ ഉപയോഗിച്ച് 15 കിലോ അരി ലഭിക്കും. ഇത് ലഭിക്കുന്നില്ലെന്ന് പരാതികൾ ചിലയിടത്ത് ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ വിലക്കയറ്റം പിടിച്ച് നിർത്തുമെന്ന് പ്രകടന പത്രികയിൽ തന്നെ പറഞ്ഞിട്ടുണ്ട്. അത് പാലിച്ചു കൊണ്ടാണ് മുന്നോട്ട്പോകുന്നത്. സമൂഹ അടുക്കള നടത്തുന്നവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാൽ സിവിൽ സപ്ലൈസ് വഴി ധാന്യം തരാൻ ശുപാർശ ലഭ്യമാകും. റേഷൻ ആരുടെയും ഔദാര്യമല്ല ജനത്തിന്റെ അവകാശമാണ്. ആർക്ക്, എങ്ങിനെ, എത്ര അളവിൽ റേഷൻ എന്ന കൃത്യമായ നിബന്ധന സർക്കാർ പറഞ്ഞിട്ടുണ്ട്. കൃത്യമായ അളവിൽ ധാന്യം ചോദിച്ച് വാങ്ങിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. റേഷൻ വ്യാപാരികൾക്കൊപ്പം സർക്കാർ എന്നും നിന്നിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ എല്ലാ റേഷൻ വ്യാപാരികളും സർക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: There will be no price hike or food short­age after Lok­down: Min­is­ter Tilothaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.