Web Desk

June 02, 2020, 6:04 pm

അടച്ചിടലിന് ശേഷം രാജ്യത്തെ സാമ്പത്തിക പുനരുജ്ജീവനം സാധ്യമാകുക കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലൂടെ

കേരളം, പഞ്ചാബ്, തമിഴ്നാട്, ഹരിയാന, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളാകും ഇതിന് സഹായിക്കുക
Janayugom Online

മുംബൈ: മഹാരാഷ്ട്രയും ഗുജറാത്തും അടക്കമുള്ള വാണിജ്യ സംസ്ഥാനങ്ങള്‍ കൊറോണ ഭീഷണിയെ തുടര്‍ന്നുണ്ടായ അടച്ചിടലിന് ശേഷം സാമ്പത്തികമായി അമ്പേ തകര്‍ന്നടിയുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക പുനരുജ്ജീവനത്തിന് സഹായകമാകുക മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ 27ശതമാനം മാത്രം പങ്കാളിത്തമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ ആയിരിക്കുമെന്നും എലറാ സെക്യുരിറ്റിസിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു.

കേരളം, പഞ്ചാബ്, തമിഴ്നാട്, ഹരിയാന, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളാകും ഇതിന് സഹായിക്കുക എന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. വൈദ്യുതോപഭോഗം, ഗതാഗതം, കാര്‍ഷിക വിഭവങ്ങള്‍ മൊത്തക്കച്ചവട വിപണിയില്‍ എത്തിക്കല്‍, ഗൂഗിള്‍ മൊബിലിറ്റി വിവരങ്ങള്‍ എന്നിവ നിരീക്ഷിച്ചാണ് സാമ്പത്തിക വിദഗ്ദ്ധ ഗരിമ കപൂര്‍ ഇങ്ങനെ ഒരു വിലയിരുത്തല്‍ നടത്തുന്നത്. മഹാരാഷ്ട്രയും ഗുജറാത്തും പോലുള്ള വ്യവസായ സംസ്ഥാനങ്ങള്‍ കൊറോണ എന്ന മഹാമാരിയോട് ഇപ്പോഴും കടുത്ത പോരാട്ടത്തിലാണ്.

രാജ്യവ്യാപക അടച്ചിടല്‍ ഈമാസം എട്ട് മുതല്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമായ മേഖലകളില്‍ ഉപാധികളോടെ ആരാധനാലയങ്ങള്‍ അടക്കമുള്ളവ തുറന്ന് കൊടുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. സാധാരണ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ച് വരിക മാത്രമാണ് രാജ്യത്തെ ഏറ്റവും നല്ല ഉത്തേജക പരിപാടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചില സാമ്പത്തിക പരിപാടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് നാമമാത്രമാണെന്നും ഗരിമ ചൂണ്ടിക്കാട്ടുന്നു.

പഞ്ചാബിലും ഹരിയാനയിലും വൈദ്യുത ആവശ്യം വര്‍ദ്ധിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇവിടെ ജനജീവിതവും സാധാരണ നിലയിലായിട്ടുണ്ട്.

ഗൂഗിളിലെ തെരച്ചില്‍ രീതികളും ഗരിമ പരിശോധിച്ചിട്ടുണ്ട്. മാറിയ ഉപഭോഗ രീതികള്‍ ഇതില്‍ നിന്ന് മനസിലാക്കാനാകും. ജനങ്ങള്‍ ഒരുപുതു ജീവിതചര്യ സ്വായത്തമാക്കുകയാണ്.

സലൂണ്‍ സേവനങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, വിമാനയാത്ര, ബൈക്ക്, വാക്വം ക്ലീനറുകള്‍, വാഷിങ് മെഷീന്‍ തുടങ്ങിയവയുടെ ആവശ്യം കുറഞ്ഞിട്ടുണ്ട്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ മരുന്നുകള്‍, പലവ്യജ്ഞനങ്ങള്‍, ലിക്വിഡ് സോപ്പുകള്‍ എന്നിവയ്ക്ക് ആവശ്യക്കാരേറി. ഇയര്‍ ഫോണുകള്‍, തലയില്‍ തേക്കുന്ന എണ്ണ, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. വരും മാസങ്ങളില്‍ ആവശ്യങ്ങളില്‍ വൈറസ് അധിഷ്ഠിത മാറ്റങ്ങളുണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

eng­lish sum­ma­ry : these 5 States Are Lead­ing Indi­a’s Eco­nom­ic Recov­ery From Lockdown

you may also like this story