June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഇവർ ഉറപ്പുനൽകുന്നു; ജലദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ

By Janayugom Webdesk
February 5, 2020

സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തതയും ബോട്ട് ജീവനക്കാരുടെ അശ്രദ്ധയും പരിശോധന കാര്യക്ഷമമാക്കേണ്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് ജലദുരന്തങ്ങൾ വർധിക്കുവാൻ കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പ്രധാന ഘടകമാണ്. ഈ വിഷയത്തിൽ ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയോട് പ്രമുഖർ പ്രതികരിക്കുന്നു. 

ജലഗതാഗത മേഖലയിൽ സേഫ്റ്റി ഓഫീസറെ നിയമിക്കണം: ജസ്റ്റിസ് കെ നാരായണകുറുപ്പ്

ലഗതാഗത മേഖലയിൽ സേ­ഫ്റ്റി ഓഫീസറെ വച്ചാ­ൽതന്നെ ദുരന്തം ഒരു പരിധിവരെ തടയുവാൻ കഴിയുമെന്ന് കുമരകം ബോട്ട് ദുരന്തത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് കെ നാരായണകുറുപ്പ് പറഞ്ഞു. ബോട്ട് ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനം അപ്രായോഗികമാണ്. ബോട്ടുകളുടെ മെയിന്റനൻസ് ജോലികൾ സമയബന്ധിതമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ശക്തമായ പരിശോധനയും വേണം. ഗ്യാസ്, ഇലക്ട്രിക്കൽ വയറിങ്ങുകൾ എന്നിവയിൽ നിന്നുമാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. ഫിറ്റ്നസ് ഇല്ലാത്ത ബോട്ടുകളെ സർവ്വീസിന് ഇറക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബോട്ടുകൾക്ക് ലൈസൻസ് നിർബന്ധമാക്കും: എം അഞ്ജന (ആലപ്പുഴ ജില്ലാ കളക്ടർ)

ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനായി ലൈ­സൻസ് നിർബന്ധമാക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. രജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം നൽകും. ജീവനക്കാരുടെ കുറവുമൂലം രജിസ്ട്രേഷൻ ഊർജ്ജിതമാക്കുന്നതിൽ പോർട്ട് അതോറിറ്റിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ജില്ലാ ഭരണകൂടം ഉറപ്പാക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഹൗസ് ബോട്ടുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് നടപടിയെടുക്കും. സുരക്ഷാ സംബന്ധമായ മാനദണ്ഡം തീരുമാനിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ഒരു ഉപദേശകസമിതി രൂപീകരിക്കും. പോ­ർട്ട് അതോറിറ്റി, നേവി, ടൂറിസം, പൊലീസ്, അഗ്നിശമനസേന, വൈദ്യുതി, ജില്ലാ പ­ഞ്ചായത്ത്, ഹൗസ് ബോട്ട് ഉടമാ പ്രതിന്ധികൾ, കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗം തുടങ്ങിയവ അടങ്ങുന്നതാകും സമിതി. ജില്ലാ ഭരണകൂടം അനുവദിക്കുന്ന സമയത്തിന് ശേഷവും രജിസ്റ്റർ ചെയ്യാത്ത ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.

കൊല്ലം, കൊടുങ്ങല്ലൂർ പോർട്ടുകളിലെ ലൈസൻസ് അംഗീകരിക്കില്ല: പി കെ സുധീർബാബു (കോട്ടയം ജില്ലാ കളക്ടർ)

കൊല്ലം കൊടുങ്ങല്ലൂർ, പോർട്ടുകളിൽ നിന്നുള്ള ലൈസൻസ് ഉപയോഗിച്ച് വേമ്പനാട് കായലിൽ ബോട്ടുകളെ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്നും ആലപ്പുഴ പോർട്ടിന്റെ ലൈ­സൻസാണ് വേണ്ടതെന്നും കോട്ടയം ജില്ലാ കളക്ടർ പി കെ സുധീർബാബു പറഞ്ഞു. ഇത്തരം അനധികൃത ബോട്ടുകൾ വേമ്പനാട് കായലിൽ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബോട്ടുകൾ സാധാരണ കിടക്കാറുള്ള ജെട്ടി ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം. നിശ്ചിത യോഗ്യതയും ജോലി പരിചയവുമുള്ളവരെ മാത്രമേ ജോലിക്കാരായി നിയോഗിക്കാവൂ. ഇവർക്ക് യൂണിഫോം നിർബന്ധമാക്കണം. അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് ഒഴിവാക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസുള്ള ബോട്ടുകളിൽ മാത്രമേ ഭക്ഷണം തയ്യാറാക്കി വിതണം ചെയ്യാൻ അനുവാദമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വേണ്ടത് ബോധവൽക്കണം: ടോമി പുലിക്കാട്ടിൽ (ഹൗസ് ബോട്ട് വ്യവസായി)

ജീവനക്കാർക്കും യാത്രക്കാർക്കും തുടർച്ചയായി ബോധവൽക്കരണം നൽകിയാൽ ഹൗസ് ബോട്ട് അപകടങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഹൗസ് ബോട്ട് വ്യവസായി ടോമി പുലിക്കാട്ടിൽ പറഞ്ഞു. ലൈസൻസ് ഉൾപ്പെടെയുള്ള വിഷയത്തിൽ ഉടമകൾ ഉത്തരവാദിത്വം കാണിക്കണം. ബോട്ടുടമകളെ കൊണ്ട് ലൈസൻസ് എടുപ്പിക്കാൻ ഉദ്യോഗസ്ഥരും കുറച്ചുകൂടി കാര്യക്ഷമമായി പ്രവർത്തിക്കണം. ഹൗസ് ബോട്ട് മേഖലയിൽ പരിശോധനയും ശക്തമാക്കണം. ഇതിനായി പോർട്ട് വകുപ്പിന് ആവശ്യമായ ജീവനക്കാരേയും നൽകണം. ഹൗസ് ബോട്ട് ഉടമയും ജീവനക്കാരും ഒരേ മനസ്സോടെ പ്രവർത്തിക്കണം.

 

പോർട്ട് ഓഫീസിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കണം: ക്യാപ്റ്റൻ ഹരി അച്യുതവാര്യർ (ആലപ്പുഴ പോർട്ട് ഓഫീസർ)

ബോട്ടുകളിൽ സുരക്ഷാ പരിശോധന കൃത്യമായി നടത്താൻ ആലപ്പുഴ പോർട്ട് ഓഫീസിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കണമെന്ന് ആലപ്പുഴ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുത വാര്യർ പറഞ്ഞു. പോർട്ട് വകുപ്പിന് കീഴിൽ എൻഫോഴ്സ്മെന്റ് വിംഗും വേണം. പരിശോധന നടത്താൻ അടക്കം പോർട്ട് ഓഫീസിന് സ്വന്തമായി ബോട്ടില്ല. പലപ്പോഴും ഡിടിപിസി അടക്കമുള്ളവരുടെ ബോട്ടുകൾ വാടകയ്ക്ക് എടുത്താണ് പരിശോധന നടത്തുന്നത്. ഇതിനാൽ പരിശോധന വിവരം പുറത്താകുകയും ചെയ്യും. കൂടാതെ വാഹനങ്ങളും അനുവദിക്കണം. ആലപ്പുഴ പോർട്ട് ഓഫീസിൽ രണ്ട് വാഹനങ്ങൾ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പുകൾ അടക്കം വന്നാൽ പോർട്ട് ഓഫീസിന്റെ വാഹനം ഏറ്റെടുക്കുന്നത് പരിശോധനയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഹൗസ് ബോട്ട് ജീവനക്കാർക്ക് പരിശീലനം ഊർജ്ജിതമാക്കും: ഡോ. ബിന്ദുനായർ (കോട്ടയം ഡിടിപിസി സെക്രട്ടറി)

ഹൗസ് ബോട്ട് ജീവനക്കാർക്ക് ഡിടിപിസിയുടെ നേതൃത്വത്തിൽ നൽകുന്ന പരിശീലനം ഊർജ്ജിതമാക്കുമെന്ന് കോട്ടയം ഡിടിപിസി സെ­ക്രട്ടറി ഡോ. ബിന്ദുനായർ പറഞ്ഞു. ടൂറിസ്റ്റുകൾ കയറുമ്പോൾ ജീവനക്കാർ അവരെ ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണ്. സുരക്ഷാ ഉപകരണങ്ങൾ എവിടെയിരിക്കുന്നു അതെങ്ങനെ ഉപയോഗിക്കും എന്നത് സംബന്ധിച്ചും യാത്രക്കാരെ ബോധവൽക്കരിക്കണം. ഡിടിപിസി വഴി ബുക്കിംഗ് എടുക്കുന്ന യാത്രക്കാർക്ക് അംഗീകാരമുള്ള ബോട്ടുകൾ മാത്രമേ നൽകൂവെന്നും അവർ പറഞ്ഞു.

കാലപ്പഴക്കമുള്ള ബോട്ടുകൾ ഒഴിവാക്കും: ഷാജി വി നായർ (ജലഗതാഗത വകുപ്പ് ഡയറക്ടർ)

ലസേചന വകുപ്പ് കാലപ്പഴക്കമുള്ള ബോട്ടുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ പഴയ ബോട്ടുകൾ പൂർണ്ണമായും ഒഴിവാക്കും. കലണ്ടർ വെച്ച് ജീവനക്കാർക്ക് ട്രെയിനിംഗും നൽകും. അപകടത്തിൽപെടുന്നവരെ രക്ഷിക്കുന്നതിനും സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുമായാണ് ട്രെയിനിംഗ് നൽകുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ വിവിധ ഭാഷകളിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഹൗസ് ബോട്ട് നിർമാണത്തെപറ്റി ശാസ്ത്രീയമായ പഠനം വേണം: മന്ത്രി പി തിലോത്തമൻ

ഹൗസ്ബോട്ടുകളുടെ നിർമാണത്തെപറ്റി ശാസ്ത്രീയമായ പഠനം വേണമെന്ന് ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. കാറ്റിനേയും മഴയേയും പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാവണം നിർമാണം. സർവ്വീസ് നടത്തുന്ന മുഴുവൻ ഹൗസ് ബോട്ടുകളിലും സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണം. സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ് പല അപകടങ്ങൾക്കും കാരണം. ലൈസൻസും രജിസ്ട്രേഷനുമില്ലാത്ത നൂറുകണക്കിന് ബോട്ടുകളാണ് വേമ്പനാട് കായലിലൂടെ സഞ്ചരിക്കുന്നത്. അപകടത്തിൽപെടുന്നതിൽ ഭൂരിഭാഗവും ഇത്തരം ബോട്ടുകളാണെന്നതും ശ്രദ്ധേയമാണ്. കായലിനെ പറ്റി യാതൊരു പരിചയവും ഇല്ലാത്തവരാണ് കൂടുതലായി യാത്രയ്ക്കായി എത്തുന്നത്. ഇവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടത് അനിവാര്യമാണ്. ഹൗസ് ബോട്ടുകളിൽ മദ്യം വിളമ്പുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തടിബോട്ടുകൾ മാറ്റി കൂടുതൽ സ്റ്റീൽ ബോട്ടുകൾ സർവ്വീസിന് ഇറക്കും: മന്ത്രി എ കെ ശശീന്ദ്രൻ

ബോട്ടപകടങ്ങൾ ഒഴിവാക്കാൻ ഘട്ടംഘട്ടമായി തടിബോട്ടുകൾ ഒഴിവാക്കി ആ­ധുനിക സ്റ്റീൽബോട്ടുകൾ ജലഗതാഗത വകുപ്പ് സർവ്വീസിന് ഇറക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കൂടാതെ മൂന്ന് എ സി യാത്രാബോട്ടുകളും പുതിയതായി നീറ്റിലിറക്കും. ജലയാത്രയിലെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. വെള്ളത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാൻ കഴിയുന്ന വാട്ടർബസുകളുടെ നിർമാണവും ജലഗതാഗത വകുപ്പിന്റെ സജീവ പരിഗണനയിലാണ്. ചരക്ക് ഗതാഗതത്തിനായി ബോട്ടുകൾ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനം പൂർത്തിയായി. സോളാർ ഇലക്ട്രിക്കൽ റോ-റോ സർവ്വീസ് അടുത്തവർഷം ആരംഭിക്കും. ഇന്ത്യയിൽ ആദ്യത്തെ സോളാർബോട്ട് സർവ്വീസ് വിജയകരമായി നടക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഡീസൽ ഇനത്തിൽ മാത്രം 60 ലക്ഷം രൂപയുടെ ലാഭമാണ് ഇതിലൂടെ ലഭിച്ചത്. കൂടാതെ 96 ടൺ കാർബണ്‍ പ്രസരണവും ഒഴിവാക്കാനായി. ഇതിനെ തുടർന്ന് കൂടുതൽ സോളാർബോട്ടുകൾ സർവ്വീസിന് ഇറക്കുന്നത് ജലഗതാഗത വകുപ്പ് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.