അങ്ങകലെ ശൂന്യാകാശത്തിലെ ഒരു തുരുത്താണ് രാജ്യാന്തര ബഹിരാകാശ നിലയം. ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ദൂരമുള്ള ഈ നിലയത്തിലേക്ക് ഇടയ്ക്കിടെ ബഹിരാകാശ സഞ്ചാരികൾ വന്നും പോയുമിരിക്കുന്നു. അമേരിക്കയും റഷ്യയും ജപ്പാനുമടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ അവിടെ ഗവേഷണ, പരീക്ഷണങ്ങൾ നടത്തിവരികയാണ്. ആക്കൂട്ടത്തിലേക്ക് ലഖ്‌നൗ സ്വദേശിയായ ശുഭാംശു ശുക്ല കൂടി ഉടനെ പോകുന്നതോടെ ബഹിരാകാശത്ത് മുദ്ര പതിപ്പിച്ച ഇന്ത്യൻ വേരുള്ളവരുടെ എണ്ണം ആറ് ആകും. 1984ൽ സോവിയറ്റ് യൂണിയന്റെ സഹകരണത്തിലൂടെ ബഹിരാകാശ സഞ്ചാരം നടത്തിയ രാകേഷ് ശർമ്മയ്ക്കും ശുഭാംശുവിനും മാത്രമാണ് ഇന്ത്യൻ പൗരത്വമുള്ളതെങ്കിൽ മറ്റ് നാലുപേരുടെയും കുടുംബങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് വിദേശങ്ങളിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരാണ്. അവരിൽ ലോകത്തിന്റെ കണ്ണീരായി മാറിയ കൽപനാ ചൗളയും ഉൾപ്പെടുന്നു. സുനിതാ വില്യംസ്, രാജ ചാരി, സിരിഷ ബാൻഡ്‌ല എന്നിവരാണ് മറ്റ് മൂന്ന് പേർ.
മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന് ശുഭാംശുവിന്റെ യാത്ര മുതൽകൂട്ടാവുമെന്ന പ്രതീക്ഷയയിലാണ് ഇന്ത്യ. ബഹിരാകാശ ദൗത്യങ്ങളിൽ മുന്നിട്ടു നിൽക്കുന്ന അമേരിക്ക, റഷ്യ, ജപ്പാൻ തുടങ്ങിയ രാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യക്കും ഒരു സ്ഥാനം ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ കോടികൾ ചെലവിട്ടാണ് ഇന്ത്യ ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. 500 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) അമേരിക്കയുടെ ബഹിരാകാശ പഠന പര്യവേക്ഷണ സ്ഥാപനമായ നാഷണൽ എയ്റോനോട്ടിക്സ് ആന്റ് സ്പെ യ്സ് അഡ്മിനിസ്ട്രേഷനും (നാസ) തമ്മിലുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ശുഭാംശുവിന്റെ യാത്ര. ഇന്ത്യ ഒറ്റയ്ക്കാണ് ഈ ബഹിരാകാശ ദൗത്യം നടത്തിയിരുന്നതെങ്കിൽ ചെലവ് ഇരട്ടിയിലധികമായേനെ. ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് പോലും കോടികൾ ചെലവാകുമ്പോൾ ബഹിരാകാശ യാത്രയ്ക്ക് എത്ര രൂപ വേണ്ടി വരുമെന്നത് ഊഹിക്കാവുന്നതേ ഉള്ളു.
പഞ്ചാബിലെ പട്യാലയിൽ ജനിച്ച രാകേഷ് ശർമ്മ 1984 ഏപ്രിൽ രണ്ടിന് സോവിയറ്റ് പേടകമായ സോയൂസ് ടി-11ൽ ബഹിരാകാശത്തെത്തിയപ്പോൾ കൈവന്ന നേട്ടങ്ങൾ പലതായിരുന്നു. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായി രാകേഷ് മാറി. ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന 14-ാംമത്തെ രാജ്യമായി ഇന്ത്യയും. ബഹിരാകാശ നിലയത്തിൽ സഞ്ചരിക്കവേ രാകേഷ് ശർമ്മയോട് ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധി ഇങ്ങനെ പറഞ്ഞു. ” രാജ്യത്തിലെ മുഴുവൻ ജനങ്ങളുടെയും കണ്ണുകൾ നിങ്ങളിലാണ്. ഒരു ഐതിഹാസിക ചുവടുവയ്പ്പാണു നിങ്ങൾ പൂർത്തിയാക്കിയത്. താങ്കളോട് ഒരുപാട് കാര്യങ്ങൾ ചോദിക്കണമെന്നുണ്ട്. എന്നിരുന്നാലും ഒരു കാര്യം മാത്രമേ ഞാൻ ഇപ്പോൾ ചോദിക്കുന്നുള്ളു.
ബഹിരാകാശത്ത് നിന്നും നോക്കുമ്പോൾ നമ്മുടെ ഇന്ത്യയെ എങ്ങനെയാണ് താങ്കൾക്ക് കാണാൻ കഴിയുന്നത്?”. ഇന്ദിരാ ഗാന്ധിയുടെ ചോദ്യത്തിന് ഒറ്റ വാക്കിലായിരുന്നു രാകേഷ് ശർമ്മയുടെ മറുപടി. ” സാരെ ജഹാം സേ അച്ചാ” (ലോകത്തിലെ മറ്റേത് പ്രദേശത്തേക്കാളും മികച്ചത്).
1969ൽ ഐഎസ്ആർഒ രൂപീകരിച്ചത് മുതൽ ഇന്ത്യ ബഹിരാകാശ രംഗത്ത് ചില ഇടപെടലുകൾ നടത്തിയെങ്കിലും സാമ്പത്തിക, സാങ്കേതിക രംഗങ്ങളിൽ മേൽകൈ നേടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ സ്വന്തമായി ഒരു പേടകം ബഹിരാകാശത്തേക്ക് അയയ്ക്കുന്നത് ആലോചിക്കുവാൻ പോലും പറ്റാത്ത കാലം. 1980ൽ സോവിയറ്റ് യൂണിയൻ ‘ഇന്റർ കോസ്‌മോസ്’ എന്ന പേരിൽ ഒരു ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചു. തങ്ങളുമായി സൗഹൃദ ബന്ധം പുലർത്തുന്ന രാഷ്‌ട്രങ്ങളെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങളിൽ സഹായിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളുടെ താങ്ങും തണലുമായിരുന്നു സോവിയറ്റ് യൂണിയൻ. ആദ്യം പദ്ധതിയുമായി സഹകരിക്കാനുള്ള സോവിയറ്റ് യൂണിയന്റെ ക്ഷണം നിരസിച്ച ഇന്ത്യ പിന്നീട് ഇത് ഏറ്റെടുത്തു. പദ്ധതിയുടെ ചെലവും വഹിക്കേണ്ട എന്ന് മാത്രമല്ല ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച ഒരു രാജ്യമായി മാറുവാനും കഴിയുമെന്നതായിരുന്നു ഇതിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന ഗുണം. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി പ്രഥമ ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയയ്ക്കുവാനുള്ള ശ്രമം തുടരുവാൻ ഐഎസ്ആർഒയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് മുൻ എയർഫോഴ്‌സ് പൈലറ്റായിരുന്ന രാകേഷ് ശർമ്മ ബഹിരാകാശത്തേക്ക് പറന്നത്.
2003 ഫെബ്രുവരി ഒന്നിന് ലോകം ഉണർന്നത് ഒരു വൻ ദുരന്ത വാർത്ത കേട്ടായിരുന്നു. നാസയുടെ ബഹിരാകാശ പേടകമായ കൊളംബിയ തീപിടിച്ചു തകർന്ന് ഏഴ് യാത്രക്കാർ മരിച്ചു. ബഹിരാകാശം കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത കൽപന ചൗളയും അതിലുണ്ടായിരുന്നു. 2003 ജനുവരി 16 ന് മറ്റ് ആറ് പേർക്കൊപ്പമായിരുന്നു എസ്‌ടി എസ്-107 കൊളംബിയ വാഹനത്തിൽ ബഹിരാകാശത്തേക്കുള്ള കൽപനയുടെ യാത്ര. ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഭാരമില്ലായ്‌മയെ പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. വിക്ഷേപണ സമയത്ത് സംഭവിച്ച സാങ്കേതിക തകരാറുകളാണ് ദുരന്തത്തിലേക്ക് നയിച്ചത്. മരിക്കുമ്പോൾ 40 വയസായിരുന്നു പ്രായം. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന ബിരുദം നേടിയത് പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നായിരുന്നു. പിന്നീട് യുഎസിലേക്ക് കുടിയേറി എൺപതുകളിൽ പൗരത്വം നേടി. 1997ൽ അന്നത്തെ കൊളംബിയ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു കൽപനയുടെ ആദ്യ ബഹിരാകാശ യാത്ര.
2017 ലാണ് ഇന്ത്യൻ വംശജനായ രാജ ചാരി ബഹിരാകാശ സേനയിൽ ചേർന്നത്. യുഎസ് വ്യോമസേനയിലെ കേണലായ അദ്ദേഹം അയോവയിലെ സെദാർ ഫോൾസിലാണ് വളർന്നത്. ജ്യോതിശാസ്ത്ര എൻജിനീയറിങ്ങിൽ ബിരുദവും എയറോനോട്ടിക്സ് ജ്യോതിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. നാസയിൽ എത്തുന്നതിന് മുമ്പ് എഫ്-15 ഇ നിർമ്മാണത്തിലും പിന്നീട് എഫ്-35 വികസന പദ്ധതികളുടെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് ശ്രീനിവാസ് വിചാരി ഹൈദരാബാദിൽ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ്. 2021 മുതൽ 2022 വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 176 ദിവസം ചെലവഴിച്ച സഞ്ചാരിയാണ് രാജ ചാരി.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച സിരിഷ ബാൻഡ്‌ലയ്ക്ക് ആകാശ യാത്ര എന്നുമൊരു സ്വപ്നമായിരുന്നു. വളർന്നതും പഠിച്ചതുമെല്ലാം യുഎസിലെ ടെക്സസ്സിലുള്ള ഹൂസ്റ്റണിൽ ആണ്. യുഎസിലെ പർഡ്യൂ സർവകലാശാലയിൽ നിന്നു ബിരുദവും ജോർജ്ടൗൺ സർവകലാശാലയിൽ നിന്നു മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദവും സിരിഷ നേടിയിട്ടുണ്ട്. തുടർന്ന് ടെക്‌സസിൽ എയ്‌റോസ്‌പേസ് എൻജിനീയറായും പിന്നീട് കമേഴ്‌സ്യൽ സ്‌പേസ് ഫ്‌ളൈറ്റ് ഫെഡറേഷനിൽ സ്‌പേസ് പോളിസി വിദഗ്ധയായും ജോലി നോക്കി. 2021 ജൂലൈ 11 ന് വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ്‌പ്ലെയിനിലാണ് സിരിഷ ബാൻഡ്‌ലയും സംഘവും ബഹിരാകാശത്തെത്തിയത്. കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യൻ വംശജയായി സിരിഷ മാറി. സിരിഷയുടെ മുത്തശ്ശൻ മുൻ കൃഷിഗവേഷകനായ ബൻഡ്‌ല രാഗയ്യ ഗുണ്ടൂരിലെ ജനാപ്ഡു ഗ്രാമത്തിൽ ഇന്നും വിശ്രമജീവിതം നയിക്കുകയാണ്.
ബഹിരാകാശത്ത് അവസാനമായി പോയ ഇന്ത്യൻ വംശജ സുനിതാ വില്യംസ് ആണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലക്കാരനായിരുന്നു സുനിതയുടെ പിതാവ് ഡോ. ദീപക്ക് പാണ്ഡ്യ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം സ്ലോവേൻ‑അമേരിക്കൻ പൗരത്വമുള്ള ബോണി പാണ്ഡ്യയെ വിവാഹം ചെയ്‌തു. യുഎസിലെ യൂക്ലിൻ‑ഒഹിയോ സിറ്റിയിലാണ് ജനിച്ചതെങ്കിലും മസ്സാച്ചുസെറ്റ്സിലാണ് സുനിത ബാല്യം ചെലവിട്ടത്. 1983 ൽ യു എസ് നേവൽ അക്കാദമിയിൽ ചേർന്നതോടെ നാസയിലേക്കുള്ള വഴി തുറന്നു. 2024 ജൂൺ 5ന് ബഹിരാകാശത്തെത്തിയ സുനിതയും സംഘവും പേടകത്തിലുണ്ടായ ഹീലിയം ചോർച്ചയും അനുബന്ധ തടസങ്ങളും മൂലം തിരിച്ചു ഭൂമിയിലെത്താൻ എട്ട് മാസം കാത്തിരിക്കേണ്ടി വന്നു. എന്നാൽ സുനിതാ വില്യംസിന്റെ മടക്കയാത്ര ചരിത്രത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി മാറി. ഈ കാലത്തിനുള്ളിൽ 200 ഓളം പരീക്ഷണങ്ങൾ പൂർത്തിയാക്കിയ സുനിത വില്യംസ് 567 ദിവസത്തിലേറെയാണ് ബഹിരാകാശത്ത് ജീവിച്ചത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോഡും സുനിത സ്വന്തമാക്കി. ഒമ്പത് തവണയായി 62 മണിക്കൂറിലധികം സമയമാണ് സുനിത ബഹിരാകാശത്ത് നടന്നത്. 10 ബഹിരാകാശ നടത്തങ്ങളിലൂടെ 60 മണിക്കൂർ 21 മിനിറ്റ് ചെലവഴിച്ച പെഗ്ഗി വിറ്റ്‌സൺ എന്ന അമേരിക്കൻ വനിതയുടെ റെക്കോഡാണ് സുനിതാ വില്യംസ് മറി കടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.