Site iconSite icon Janayugom Online

അവർക്ക് നീതിന്യായ വ്യവസ്ഥയെയും പിടിച്ചടക്കണം

supreme courtsupreme court

കേൾക്കുമ്പോൾ വളരെ നിഷ്കളങ്കവും നിസ്വാർത്ഥവുമെന്ന് തോന്നുമെങ്കിലും ആസൂത്രിതവും ഗൂഢോദ്ദേശ്യമുള്ളതുമാണ് സുപ്രീം കോടതി കൊളീജിയം സംബന്ധിച്ച് ബിജെപി സർക്കാർ ഇപ്പോൾ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന വിവാദങ്ങളും പ്രചരണങ്ങളും. ഡിസംബർ രണ്ട് വെള്ളിയാഴ്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കുമ്പോൾ രാജ്യത്തിന്റെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കൂടി പ്രസ്തുത വിവാദത്തിൽ ബിജെപിയുടെ പക്ഷം ചേർന്നു. ഒന്നുകൂടി കടന്ന്, ഉപരാഷ്ട്രപതിയെന്ന നിലയിൽ ലഭിച്ച രാജ്യസഭാ അധ്യക്ഷ പദവി ഏറ്റെടുത്ത ദിവസം നടത്തിയ പ്രസംഗത്തിൽ ജനപ്രാതിനിധ്യ സഭകളുടെ മഹത്വം ഊന്നിപ്പറയാനെന്ന പേരിൽ അവിടെയും അദ്ദേഹം തന്റെ വാദങ്ങൾ ആവർത്തിച്ചു. ധൻഖറുടെ പ്രസ്താവന തീയിൽ എണ്ണ കോരിയൊഴിക്കുക മാത്രമായിരുന്നില്ല, ബിജെപിക്ക് വാദിക്കുവാൻ പുതിയ സൂചകങ്ങള്‍ നല്കുക കൂടിയായിരുന്നു.

ബിജെപി നിർദേശിച്ചാണ് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചതും ജയിച്ചതും. ആ സ്ഥാനത്തെത്തുന്നതിന് മുമ്പ് താൻ വഹിച്ചിരുന്ന ഗവർണർ പദവിയിൽ ബിജെപിയുടെ വിനീത വിധേയനായിരിക്കുകയും രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റുകയും ചെയ്ത അനുഭവങ്ങൾ വച്ച് വിലയിരുത്തിയാൽ ധൻഖറിൽ നിന്ന് മര്യാദയുള്ള പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നത് തെറ്റാണ്. പക്ഷേ നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തിൽ അദ്ദേഹം ജനപ്രതിനിധി സഭ, എക്സിക്യൂട്ടീവ്, നീതിന്യായ സംവിധാനം എന്നിവയുടെ രണ്ടാം മേധാവിയാണ്. രാഷ്ട്രപതിയുടെ അഭാവത്തിൽ അദ്ദേഹമാണ് അതിനെ നയിക്കേണ്ടത്. അതുകൊണ്ടുതന്നെ ജനപ്രതിനിധി സഭയിലെ ഒരു വിഭാഗവും നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള ഒരു സംഘർഷമായി മാറിയിരിക്കുന്ന വിഷയത്തിൽ ഉപരാഷ്ട്രപതി നഗ്നമായി പക്ഷംചേരുക എന്നാൽ ധാർമ്മികതയ്ക്കു നിരക്കാത്തതാണ്. പച്ചയായി പറഞ്ഞാൽ മര്യാദകേടുതന്നെയാണ്.


ഇതുകൂടി വായിക്കൂ:   പ്രതീക്ഷ അവശേഷിക്കുന്നത് ഭരണഘടനാ ബെഞ്ചില്‍


സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുമായി കൂടിയാലോചിച്ച ശേഷം ന്യായാധിപന്മാരുടെ നിയമനം രാഷ്ട്രപതി നടത്തണമെന്നാണ് ഭരണഘടന നിഷ്കർഷിക്കുന്നതെങ്കിലും രാഷ്ട്രപതിയും എക്സിക്യൂട്ടീവും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകത കാരണം നിയമനക്കാര്യത്തിൽ കേന്ദ്രസർക്കാരിനാണ് പ്രഥമ പരിഗണന ലഭിച്ചിരുന്നത്. ന്യായാധിപനിയമനത്തിൽ പക്ഷപാതിത്വവും അവഗണനയുമുണ്ടാകുന്നുവെന്ന വിവാദവും അതോടൊപ്പം സ്ഥിരമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജുഡീഷ്യറിയുടെ ഉപദേശത്തിന് വിധേയമായി ന്യായാധിപനിയമനം നടത്തണമെന്ന് നിർദേശമുണ്ടാകുകയും ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരും അടങ്ങുന്ന ഒരു കൊളീജിയം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തുകൊണ്ട് 1993ൽ സുപ്രീം കോടതി വിധിയുണ്ടായത്. ഇത് അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണന്റെ നിർദേശങ്ങളിൽ ഒന്നുകൂടിയായിരുന്നു. അതനുസരിച്ച് കൊളീജിയം ശുപാർശ ചെയ്യുന്ന പട്ടികയിൽ നിന്ന് നിയമനമെന്ന രീതിയാണ് നിലവിലുള്ളത്.

മറ്റെല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയുമെന്നതുപോലെ നീതിപീഠങ്ങളെയും കയ്യടക്കണമെങ്കിൽ നിയമനങ്ങൾ കൈപ്പിടിയിലൊതുക്കണമെന്നുള്ള ദുഷ്ടലാക്കോടെ 2014ൽ അധികാരത്തിലെത്തിയതു മുതൽ തന്നെ ബിജെപി നീക്കം ആരംഭിച്ചതാണ്. നിലവിലുള്ള കൊളീജിയം സംവിധാനം തകർത്ത് പ്രത്യേക കമ്മിഷനെ നിയമിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കായിരുന്നു ബിജെപി ശ്രമിച്ചത്. അതനുസരിച്ച് കൊണ്ടുവന്ന് പാസാക്കിയെടുത്തതായിരുന്നു നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിഷൻ നിയമം. ഭരണഘടനാ ഭേദഗതിയായി കൊണ്ടുവന്ന ഈ നിയമമനുസരിച്ച് ചീഫ് ജസ്റ്റിസും രണ്ട് മുതിർന്ന സുപ്രീം കോടതി ജഡ്ജിമാരും നിയമമന്ത്രിയും രണ്ട് പ്രമുഖ വ്യക്തികളുമുൾപ്പെടുന്ന കമ്മിഷനാണ് ജഡ്ജിമാരുടെ നിയമനമുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ചീഫ് ജസ്റ്റിസിന് പുറമേയുള്ള രണ്ട് മുതിർന്ന സുപ്രീം കോടതി ജഡ്ജിമാർ, നിയമമന്ത്രി, നാമനിർദേശം ചെയ്യുന്ന രണ്ട് പ്രമുഖ വ്യക്തികൾ എന്നിവരടങ്ങുന്ന സമിതിയുടെ കൈകളിലേക്ക് നിയമനാധികാരമെത്തുന്നതോടെ നീതിന്യായ വ്യവസ്ഥ തങ്ങളുടെ കൈപ്പിടിയിലാക്കാമെന്നാണ് ഭരണഘടനാ ഭേദഗതിയിലൂടെ ബിജെപി ഉദ്ദേശിച്ചത്. പക്ഷേ 2014 ഓഗസ്റ്റ് 13,14 തീയതികളിൽ യഥാക്രമം ലോക്‌സഭയും രാജ്യസഭയും പാസാക്കിയ നിയമം 2015 ഒക്ടോബർ 16ന്, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. ജഡ്ജിമാരുടെ നിയമനത്തിൽ ജുഡീഷ്യറിയുടെ പ്രാമുഖ്യം അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. അഞ്ചംഗങ്ങളിൽ നാലുപേർ അനുകൂലിച്ചും ഒരാൾ എതിർത്തുമാണ് പരമോന്നത കോടതി വിധിയുണ്ടായത്.


ഇതുകൂടി വായിക്കൂ:  കേരളം ഭരണഘടനാ സാക്ഷരതയിലേക്ക്


അതുകഴിഞ്ഞ് ഏഴുവർഷങ്ങൾ പിന്നിടുമ്പോഴാണ് പ്രസ്തുത നിയമം സുപ്രീം കോടതി റദ്ദാക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന വ്യാഖ്യാനം ചമച്ച് ബിജെപിക്കുവേണ്ടി ധൻഖർ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ ധൻഖർ തന്നെ പറയുന്നതുപോലെ രാജ്യസഭയോ ലോക്‌സഭയോ അന്നത്തെ വിധിപ്രസ്താവത്തിനെതിരെ ഒന്നും ചെയ്തില്ല. പിന്നെന്തുകൊണ്ടാണ് ഇപ്പോൾ വിഷയമുയർത്തുന്നത് എന്ന ചോദ്യം പ്രസക്തമാണ്.

ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തണമെങ്കിൽ 2014ന് ശേഷമുള്ള നീതിപീഠങ്ങളുടെ ‑പ്രത്യേകിച്ച് പരമോന്നത കോടതിയുടെ- പൊതുസ്വഭാവം പരിശോധിക്കണം. സുപ്രധാനമായ വിധിപ്രസ്താവങ്ങളിൽ പലതും ബിജെപിയും അതിന്റെ ആശയ പിതാക്കന്മാരും മുന്നോട്ടുവയ്ക്കുന്ന നിലപാടുകളോട് ചേർന്നുപോകുന്നവ ആയിരുന്നുവെന്ന് കാണാം. രാമജന്മഭൂമി, ആധാർ, പെഗാസസ്, കേന്ദ്രത്തിന്റെ വാക്സിൻ നയം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്, പൗരത്വ ഭേദഗതി നിയമത്തിനെതിരായ ചില സമരങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിലുണ്ടായ വിധിപ്രസ്താവങ്ങളിലെല്ലാം ആ ചേർച്ച കാണാവുന്നതാണ്. അതേസമയം നേവിയിലും ആർമിയിലും വനിതാ പ്രാതിനിധ്യം, ഇന്റർനെറ്റ് മൗലികാവകാശം തുടങ്ങിയ വിരുദ്ധ വിധികളും സുപ്രീം കോടതിയിൽ നിന്നുണ്ടായി. ഇത്തരം വിധികളുണ്ടായ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുമെന്ന ഘട്ടത്തിലാണ് പുതിയ വിവാദം തുറന്നുവിട്ടതെന്ന കാലഗണന പ്രധാനമാണ്. നവംബർ ഒമ്പതിന് അദ്ദേഹം ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിലാണ് നിയമമന്ത്രി കിരൺ റിജിജു കൊളീജിയത്തിനെതിരായ ആദ്യ പ്രസ്താവം നടത്തിയതെന്നത് ശ്രദ്ധിക്കണം. രഞ്ജൻ ഗോഗോയ്, എസ് എ ബോബ്ഡെ തുടങ്ങിയ വിശ്വസ്തരിൽ നിന്ന് ചന്ദ്രചൂഡിനെ പോലുള്ളവരിലേക്ക് നീതിന്യായ വ്യവസ്ഥയുടെ ചുക്കാനെത്തുന്നത് ബിജെപി വല്ലാതെ ഭയക്കുന്നുണ്ട്. പ്രത്യേകിച്ച് കേന്ദ്രസർക്കാർ കൈക്കൊണ്ട ജനവിരുദ്ധമായ നിരവധി വിഷയങ്ങളെ കുറിച്ചുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതുമാണ്. ചന്ദ്രചൂഡാണെങ്കിൽ രണ്ടുവർഷത്തോളം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരുകയുംചെയ്യും. 2012നു ശേഷം ഇത്രയും ദീർഘകാലം ഈ സ്ഥാനത്ത് തുടരുന്ന ആദ്യ വ്യക്തിയുമാണ് ചന്ദ്രചൂഡ്. അതിനിടയിലുള്ള എല്ലാ നിയമനങ്ങളും അദ്ദേഹത്തിന്റെ മുൻകയ്യിലാണ് നടക്കുക.


ഇതുകൂടി വായിക്കൂ:  മുന്നേറാം ഭരണഘടനയുടെ വെളിച്ചത്തിൽ


കൊളീജിയം ശുപാർശകൾ വച്ചു താമസിപ്പിക്കുകയും സമ്മർദ്ദങ്ങളിലൂടെയും മറ്റും പിന്നീട് തങ്ങളുടെ താല്പര്യമനുസരിച്ച് ചില ഭേദഗതികൾ വരുത്തിച്ച് അംഗീകരിക്കുകയും ചെയ്യുകയെന്ന പതിവ് രീതി നടപ്പില്ലെന്ന് ബിജെപിക്ക് നല്ല ബോധ്യവുമുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കൂടുതൽ നിയമനങ്ങൾ നടക്കാനിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ബിജെപിയെ വല്ലാതെ വിറളിയിലാക്കുന്നുണ്ട്. അതുകൊണ്ടാണ് രാജ്യസഭയും ലോക്‌സഭയും പാസാക്കിയ നിയമം റദ്ദാക്കിയ സുപ്രീം കോടതിയെ വിമർശിച്ചുകൊണ്ട്, ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ജനാധിപത്യത്തെ കോടതി വെല്ലുവിളിക്കുന്നുവെന്ന വിധത്തിലുള്ള പ്രസ്താവനകൾ പുറത്തുവരുന്നത്.

കൊളീജിയം സംവിധാനത്തെ തകർത്ത് കമ്മിഷൻ വന്നാൽ തങ്ങൾക്ക് ന്യായാധിപനിയമനങ്ങളും അതുവഴി നീതിന്യായ വ്യവസ്ഥയെയും കയ്യടക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതിന് ധൻഖറിനെ പോലെ ഭരണഘടനാപദവിയിലുള്ള നിഷ്പക്ഷത പാലിക്കേണ്ടവരും കൂടെച്ചേരുമ്പോൾ നമ്മുടെ ഭരണഘടനാ സംവിധാനങ്ങളും ജനാധിപത്യ മൂല്യങ്ങളും ബിജെപി വാഴ്ചക്കാലത്ത് എത്രമേൽ ജീർണിച്ചിരിക്കുന്നുവെന്ന് ഒരിക്കൽകൂടി വ്യക്തമാകുന്നു.

Exit mobile version