29 March 2024, Friday

Related news

March 1, 2024
February 29, 2024
February 26, 2024
February 8, 2024
February 4, 2024
January 25, 2024
January 24, 2024
January 1, 2024
December 27, 2023
December 14, 2023

കളിക്കളങ്ങളിലും സാമ്രാജ്യത്വ വിരുദ്ധ സമരത്തിലും അവര്‍ പോരാടിക്കൊണ്ടിരിക്കുന്നു

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
October 31, 2021 10:17 pm

കായിക രംഗം പോരാട്ടത്തിന്റെ വശ്യതയും, അതിജീവനത്തിന്റെ ആത്മാർത്ഥതയും ചേർന്നതാണ്. ഓരോ കളിക്കാരനും തന്റെ ജീവിതസാഹചര്യങ്ങളും ചുറ്റും നടക്കുന്ന സംഭവങ്ങളും നിരീക്ഷിക്കാതെ വയ്യ. ലോക സാഹചര്യങ്ങളും മാനുഷിക പ്രശ്നങ്ങളും അവരുടെ മനസിലുണ്ട്. അനീതിക്കെതിരെ പോരാടുന്ന ജനകോടികളുടെ കൂടെ അവരും മാനസികമായി ഒരുമിക്കുന്നുണ്ട്. ലാറ്റിനമേരിക്കയിൽ വിപ്ലവസമരങ്ങളുടെ നായകരായിരുന്ന ചെഗുവേരയും കാസ്ട്രോയും, അവരുടെ ആരാധനാപാത്രങ്ങളാണ്. അത് ശരിക്കും പ്രതിഫലിപ്പിച്ച ഫു­ട്ബോൾ നായകനാണ് വിഖ്യാതനായ ഡീഗോ മറഡോണ. അദ്ദേഹം ചെഗുവേരയേയും ഫിഡൽ കാസ്ട്രോയേയും ശരീരത്തിൽ തന്നെ ആലേഖനം ചെയ്താണ് കളിക്കളത്തിൽ ഇറങ്ങിയത്. വർണ വെറിക്കെതിരെയും സാമ്രാജ്യത്വ ചൂഷണങ്ങൾക്കെതിരെയും നടന്നുകൊണ്ടിരിക്കുന്ന സമരഭൂമിയിൽ നിന്നും വരുന്നവർക്ക് അവിടത്തെ ജനങ്ങളുടെ കഷ്ടപ്പാടുകളും വേദനയും മനസ്സിൽ കിടക്കും. അത് പ്രതിഫലിപ്പിക്കുന്നത് സാന്ദർഭികമായിട്ടായിരിക്കും അങ്ങിനെ അടുത്ത കാലത്ത് നടന്ന പ്രതിഷേധം ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. അത് പോർച്ചുഗൽ മണ്ണിൽ നിന്നും വന്ന് ലോകതാരമായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്.

യൂറോകപ്പിലെ പ്രസ് കോൺഫറൻസിൽ നിന്നും കൊക്കോ കോള ബോട്ടിൽ എടുത്തു മാറ്റിയത് കടുത്ത പ്രതിഷേധ സൂചനയായിരുന്നു. അതിന്റെ ഫലം നേരിട്ട് അനുഭവിച്ചത് കൊക്കോ കോള കമ്പനിയാണ്. ആ നിമിഷത്തിൽ കമ്പനിയുടെ ഓഹരി മൂല്യത്തിൽ മൂന്നര ശതമാനം താഴേക്ക് വീണു. തുടർന്ന് യൂറോപ്യൻ ഫുട്ബോൾ അധികൃതർ കളിക്കാർക്ക് നൽകിയ കുറിപ്പിൽ പറഞ്ഞത് “പരസ്യക്കാരെ പിണക്കരുത് “എന്നാണ്. എന്നാൽ കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ടി20 ലോകകപ്പിന്റെ പ്രസ് കോൺഫറൻസിലും ഇതുതന്നെ ആവർത്തിച്ചു. മേശപ്പുറത്തിരുന്ന കോളക്കുപ്പികൾ എടുത്തുമാറ്റി. വാർണർ പറഞ്ഞു “ഞാനിത് മാറ്റി വയ്ക്കട്ടെ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അത് നല്ലതായി തോന്നി. എനിക്കും അതാണ് ശരി”.

 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടിയിൽ മാത്രം മുപ്പതിനായിരം കോടി രൂപയുടെ നഷ്ടം വന്നുവെങ്കിൽ ഇപ്പോൾ അവർക്ക് എത്രകോടി നഷ്ടമായെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. സ്പോർട്സ് മേഖലയിലെ കളിക്കളങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പോരാടാനെത്തുന്ന കളിക്കാർ അവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അസ്വസ്ഥരാവുമ്പോൾ പ്രതികരിക്കുവാനുള്ള അപൂർവ സന്ദർഭങ്ങളിൽ എല്ലാം പുറത്ത് വരികയാണ്. പരസ്യം കൊടുത്തു എല്ലാവരെയും വിലയ്ക്കു വാങ്ങാമെന്ന ബഹുദേശ കുത്തകകളുടെ ധാർഷ്ട്യത്തിനുള്ള മറുപടി കൂടിയായിരുന്നു ഈ രണ്ട് സംഭവങ്ങളും. കായിക ലോകത്തിന്റെ വർണാഭമായ ശോഭ വിശ്വത്തോളമെത്തിക്കുന്ന താരലോകത്ത് വളർന്നു വരുന്ന സാമ്രാജ്യത്വ വിരുദ്ധ വികാരമാണ് ഈ സംഭവങ്ങളിലെല്ലാം കാണുന്നത്.“അണ്ണാർ കണ്ണന് ആവും വണ്ണം എന്ന ചൊല്ല് പോലെ” അവർ പോരാടിക്കൊണ്ടിരിക്കുകയാണ്. കളിക്കളങ്ങളിലും സാമ്രാജ്യത്വ വിരുദ്ധ സമരത്തിലും ഒരേ സമയം തന്നെ.

വംശീയതയ്ക്കെതിരെ ക്രിക്കറ്റ് താരവും

 

ഷാർജയിൽ നടക്കുന്ന ടി20 ലോക കപ്പിനിടയിൽ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ഡി കോക്ക് മുട്ടുകുത്തി പ്രതിഷേധിച്ചത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അദ്ദേഹം വിൻഡീസിനെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയും ശ്രീലങ്കക്കെതിരായി കളിക്കളത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. കളത്തിൽ പ്രതിഷേധിക്കാൻ ഞാനില്ലെന്നും എന്റെ വികാരം ഞാൻ പ്രകടിപ്പിച്ചുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു. വംശീയതയ്ക്കെതിരെ ഫുട്ബോൾ രംഗത്ത് ഒരുപാട് കളിക്കാർ പലതലങ്ങളിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ക്രിക്കറ്റിൽ പ്രകടിപ്പിക്കുന്നത് അപൂർവമായി. ഡി കോക്കിന്റെ സമരത്തെ തുടർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വിശദീകരണം തേടിയത് വലിയ ചർച്ചയായി.

അതിനിടയിൽ കോലിയുടെ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടു. മുഹമ്മദ് ഷമിക്കെതിരായ പ്രചരണമാണ് കോലിയെ പ്രകോപിതനാക്കിയത്. “മതത്തിന്റെ പേരിൽ ഒരാളെ വേട്ടയാടുന്നത് മനുഷ്യത്വമില്ലായ്മയാണ്, ദയനീയമാണിത്”, ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു. മതം ആളുകളെ ഭിന്നിപ്പിക്കുന്ന ഒന്നല്ല. നമ്മുടെ സൗഹൃദവും സാഹോദര്യവും തകരാൻ പാടില്ല, കോലി പറഞ്ഞു. കളിയിൽ എല്ലാദിവസവും ഒരുപോലെ തിളങ്ങുന്ന കളിക്കാർ അപൂർവമാണ്. ചില ദിവസങ്ങളിൽ തീരെ മങ്ങിപ്പോകുന്നതും സംഭവ്യമാണ്. മുഹമ്മദ് ഷമിയുടെ മതവും ചേർത്ത് പാകിസ്ഥാനുമായുള്ള കളിയിലെ തോൽവിയുടെ ഉത്തരവാദിത്തം ഷമിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീച കൃത്യം അപലപനീയമാണ്.

റയൽ മാഡ്രിഡ് തിരിച്ചെത്തുന്നു

ലാലിഗ ലോകമറിയുന്ന ഫു­ട്­ബോ­ൾ ടൂർണമെന്റാണ്. കാരണം വിശ്വോത്തര താരങ്ങളുടെ പ്രകടനവും മികവും തന്നെയാണ്. മെസിയുടെ കളിക്കളത്തിലെ പ്രകടനത്തിന്റെ പ്രധാന വേദി ലാലിഗ തന്നെയായിരുന്നു. മെസിയുടെ മികവിൽ മാത്രം ബാഴ്സലോണ ആറു ലാലിഗ കിരീടങ്ങൾ നേടിയിട്ടുണ്ട്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായത് റയൽ മാഡ്രിഡാണ്. ബാഴ്സലോണ രണ്ടാംസ്ഥാനത്തും. അവർ തമ്മിലുള്ള അകലത്തിൽ ഏറ്റവും മുന്നിൽ റയലാണെങ്കിലും മെസ്സിയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ലാലിഗയുടെ പ്രശസ്തി ലോകത്തോളം ഉയർന്നിരുന്നു. മെസിയുടെ വിടപറയൽ കൊണ്ട് മങ്ങലിലായ ബാഴ്സക്ക് പകരക്കാർ റയൽ മാഡ്രിഡ് തന്നെയാണ്.

എന്നാൽ റയൽ കഴിഞ്ഞ കളികളിൽ വലിയ പ്രതീക്ഷ വളർത്തിയില്ല. പതിനൊന്നു കളികളിൽ 24 പോയിന്റുമായി അവർ ഇപ്പോൾ ഒന്നാം സ്ഥാനത്ത് കയറിയിട്ടുണ്ട്. അതിൽ മുഖ്യ പങ്ക് വഹിച്ചത് വിനീഷ്യസാണ്. ബ്രസീലിന്റെ പ്രമുഖ സ്ട്രൈക്കർ വിനീഷ്യസ് ഇപ്പോൾ നല്ല ഫോമിലാണ്. കഴിഞ്ഞ കളിയിൽ എൽച്ചെക്കെതിരെ നേടിയ രണ്ടു ഗോളുകൾ അദ്ദേഹത്തിന്റെ ഫോം പ്രകടമാക്കുന്നതാണ്. എൽച്ചെ നന്നായി പൊരുതിയും ആഞ്ഞു കയറിയും കളിയിൽ ആധിപത്യം നേടിയിരുന്നു. അവസാനമാകുമ്പോഴേക്ക് എൽച്ചെ പത്തു കളിക്കാരായി ചുരുങ്ങിയത് റയലിന് ആശ്വാസമായി.

ലാലിഗയെപ്പൊലെ തന്നെയാണ് ജർമ്മൻ, സ്പാനിഷ്, തുടങ്ങിയ ലീഗ് മത്സരങ്ങളിലെ സ്ഥിതി. പ്രമുഖ ടീമുകളെല്ലാം ഞെങ്ങി ഞെരുങ്ങിയാണ് കടന്നു വരുന്നത്. റൊണാൾഡോ പോയ യുവന്റസ് പിന്നിലായി. സീരി എ യിൽ തുടർച്ചയായ രണ്ടാം തോൽവിയും യുവന്റസിനെ മാനസികമായി തളർത്തി. സസുവാളയോട് തോറ്റതിന് പിന്നാലെയാണ് ഹെല്വാസ് വെറോണയോടുള്ള തോൽവി. ഈ തോൽവിയോടെ യുവന്റസ് എട്ടാം സ്ഥാനക്കാരായി. യുവന്റസിനെ തോൽപിച്ച വെറോണയും എട്ടിൽ കയറി തുല്യരായി. ഒരു സ്റ്റാർ സ്ട്രൈക്കറുടെ വിടവിലൂടെ തകരുന്ന ടീമുകൾ യൂറോപ്പിൽ വർത്തമാനകാലത്ത് പെരുകി വരികയാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.