ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധരായ ‘കറുത്ത വിധവകള്‍’ ഇവരാണ്

Web Desk
Posted on November 10, 2019, 10:41 am

‘ബ്ലാക്ക് വിഡോസ്’ അഥവാ കറുത്ത വിധവകള്‍, മരുഭൂമിയിലെ ഒരിനം ചിലന്തികളുടെ പേരാണിത്. ഇവയിലെ പെണ്‍ ചിലന്തി ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളിയെ ഭക്ഷിക്കുന്നതാണ് ഈ വര്‍​ഗത്തെ വ്യത്യസ്തരാക്കുന്നത്. കേട്ടാൽ ഞെട്ടുന്ന കുറ്റകൃത്യങ്ങളുടെ ലോകത്തെ പെണ്‍വഴികളിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായ ജോളിയില്‍ എത്തി നിൽക്കുമ്പോൾ അമ്പരപ്പിക്കുന്ന പല കഥകളും നമ്മൾ കേട്ടു. കേരളത്തിലും ഇന്ത്യയിലും അതിന് പുറത്തുമൊക്കെയായി ധാരാാളം കൊലപാതക പരമ്പരകളെ കുറിച്ച് അറിയുകയും ചെയ്തു നമ്മൾ. ലോകത്തിന്റെ പല കോണുകളിലും ഇതു പോലെയുള്ള കൊലപാതക പരമ്പകള്‍ നടത്തിയ ഭാര്യമാരുണ്ട്. അവരില്‍ അമ്മമാരുണ്ട്, ജോലിക്കാരുണ്ട്, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവർ വരെയുണ്ട്. അവരില്‍ ചിലരെ പറ്റി നോക്കാം;

എവ്ലിന്‍ ഡിക്ക്

സുന്ദരിയായ എവ്ലിന്‍ ഡിക്ക് ഒരു കൊലയാളിയാണെന്ന് ആരും സമ്മതിക്കില്ല, പക്ഷെ ‘ടോര്‍സോ കില്ലര്‍’ എന്ന പേരില്‍ ഇവര്‍ കുപ്രസിദ്ധി നേടി. ഒന്റാറിയോയിലെ ഹാമില്‍ട്ടണിന് പുറത്ത് കാട്ടില്‍ കുറച്ച്‌ കുട്ടികള്‍ കറങ്ങാനായി പോയപ്പോള്‍ കൈകാലുകളും തലയുമില്ലാത്ത ഒരു ഉടല്‍ കണ്ടത്തി. ജോണ്‍ ഡിക്കിന്റെതായിരുന്നു അത്. എവ്ലീനുമായി ജോണിന്റെ വിവാഹം കഴിഞ്ഞ് ആറുമാസത്തില്‍ താഴെ ആയിരുന്നുള്ളൂ. ഇരുവരും അതിനകം തന്നെ വേര്‍പിരിയലിന്റെ വക്കിലായിരുന്നു. മാഫിയകളെയും കാമുകന്മാരെയും കുറിച്ച്‌ എവ്ലിന്‍ പറഞ്ഞ വിചിത്രമായ കഥകള്‍ അന്വേഷണഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. കൂടാതെ അവളുടെ പിതാവും കാമുകനും കൂട്ടുപ്രതികളായി.

എവ്ലിന്‍ ഡിക്കിന്റെ വിചാരണ പിന്നീട് ഒരു മീഡിയ സര്‍ക്കസായി മാറി. കാനഡയിലുടനീളം പ്രധാനവാര്‍ത്തകളില്‍ അവരുടെ അവിഹിതകഥകള്‍ നിറഞ്ഞു. ശക്തരായ, ധനികരായ, വിവാഹിതരായ നിരവധി പുരുഷന്മാരുടെ ഒപ്പമുള്ള എവ്ലിന്റെ കഥകള്‍ പുറത്തുവന്നു. സമൂഹത്തിലെ ഉന്നതരുമായി ബന്ധം ഉണ്ടായിരുന്നിട്ടും 1946ല്‍ എവ്ലിന്‍ ഡിക്കിന് കൊലപാതകക്കുറ്റം ചുമത്തി കോടതി വധശിക്ഷ വിധിച്ചു.

 

പിന്നീട് അവര്‍ കുറ്റവിമുക്തയാക്കപ്പെട്ടുവെങ്കിലും കുറച്ച്‌ കാലത്തിന് ശേഷം, ജോണ്‍ ഡിക്കിന്റെ മൃതദേഹം വീടിന്റെ അടിത്തട്ടില്‍ വെട്ടിമാറ്റി ശരീരഭാഗങ്ങള്‍ ചൂളയില്‍ ഇട്ട് കത്തിക്കാന്‍ ആണ് താന്‍ സഹായിച്ചതെന്ന് എവ്‌ലിന്റെ പിതാവ് മൊഴി നല്‍കി. ശേഷം പൊലിസ് എവ്ലിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ സിമന്റില്‍ ഒരു സ്യൂട്ട്കേസില്‍ പൊതിഞ്ഞ് ഒരു കുട്ടിയുടെ സ്റ്റഫ് ചെയ്ത മൃതദേഹം കണ്ടെത്തി. അത് ഡിക്കിന്റെ സ്വന്തം മകനായിരുന്നു.

കുഞ്ഞിന്റെ കൊലപാതക വിചാരണയില്‍, ജഡ്ജിയുടെ സ്വന്തം മകന്‍ ഉള്‍പ്പെടെ 150 ഓളം പുരുഷന്മാരുമായി അവര്‍ കിടക്ക പങ്കിട്ടതായി പുറത്ത് വന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 11 വര്‍ഷത്തിന് ശേഷം 1958ല്‍ ജയില്‍ മോചിതയായി. അറസ്റ്റിന് ശേഷം എവ്ലിന്‍ ഡിക്ക് അപ്രത്യക്ഷയായി. അവരുടെ കഥ രണ്ട് പുസ്തകങ്ങളുടെ രൂപത്തിലും ചലച്ചിത്രങ്ങളായും പാട്ടായും പുറത്തിറങ്ങിയിരുന്നു.

എമി ആച്ചര്‍ ഗില്ലിഗണ്‍

എമി ആര്‍ച്ചര്‍ ഗില്ലിഗന്റെ അമേരിക്കയിലെ കണക്റ്റിക്കട്ടിലെ വിന്‍ഡ്സര്‍ നഴ്‌സിംഗ് ഹോമില്‍ അന്തേവാസികള്‍ തുടര്‍ച്ചയായി മരണപ്പെട്ടു. അതിൽ അതിശയോക്തി ഒന്നും ഇല്ല. കാരണം അവരുടെ ആശ്രിതരും മിക്കവരും പ്രായമായവരും രോഗികളുമായിരുന്നു. മറ്റൊരു കാര്യം ഉണ്ടായിരുന്നത് മരിച്ചവരെല്ലാവരും തന്നെ അവരുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നോമിനിയായി എമിയുടെ പേര് എഴുതി വച്ചതിന് തൊട്ടുപിന്നാലെ ആണ് മരണപ്പെട്ടത് എന്നുള്ളതാണ്. 1911–1916 നും ഇടയില്‍, എമി ആര്‍ച്ചര്‍ ഗില്ലിഗന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ കുറഞ്ഞത് 48 പേര്‍ മരിച്ചു.

മരണങ്ങളിൽ അവരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് സംശയം തോന്നുകയും പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സമീപിക്കുകയും ചെയ്തു. പിന്നീട് എമിയുടെ നഴ്സിം​ഗ് ഹോം ‘കൊലപാതക ഫാക്ടറി’ ആയി മാറുകയായിരുന്നു. താമസിയാതെ, നഴ്‌സിങ് ഹോമില്‍ മരിച്ചവരെ പറ്റി പൊലിസ് അന്വേഷിക്കാന്‍ തുടങ്ങി. അന്വേഷണത്തില്‍ മൃതദേഹങ്ങളില്‍ ആര്‍സെനിക് അല്ലെങ്കില്‍ സ്‌ട്രൈക്‌നൈനിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ‘എലികളെ കൊല്ലാനായി’ അവര്‍ ധാരാളം ആര്‍സെനിക് വാങ്ങിയതായി പ്രാദേശിക കടയുടമകളും സ്ഥിരീകരിച്ചു, കൂടാതെ ഭര്‍ത്താവിന് വളരെയധികം ഇന്‍ഷുറന്‍സ് പോളിസികള്‍ അവര്‍ എടുത്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.

രണ്ടാമത്തെ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് വിഷം നല്‍കിയതിന് വൈകാതെ എമിയെ അറസ്റ്റ് ചെയ്തു. എമി ചുരുങ്ങിയത് 20 പേരെ കൊന്നതായി സംശയിക്കപ്പെട്ടപ്പോള്‍, അവരുടെ അഭിഭാഷകന്‍ പ്രോസിക്യൂട്ടറെ എമി ഒരു കൊലപാതകം മാത്രമാണ് ചെയ്തതെന്ന് ബോധ്യപ്പെടുത്തി, അവര്‍ അതിന് മാത്രം ശിക്ഷിക്കപ്പെട്ടു. പക്ഷേ ഭരണകൂടം അപ്പീല്‍ നല്‍കി. എമിയെ വീണ്ടും വിചാരണ ചെയ്തു. അവര്‍ തനിക്ക് ഭ്രാന്താണെന്ന് സമ്മതിച്ചു. പിന്നീട് കുറ്റക്കാരിയാണെന്ന് കണ്ടെത്തി എമിയെ ജയിലിലേക്കയക്കുകയാണ് ഉണ്ടായത്. ഒടുവില്‍ അവരെ ഒരു മാനസിക ആശുപത്രിയിലേക്ക് മാറ്റി. അവിടെ 1962 ല്‍ അവര്‍ മരിച്ചു. അവരുടെ 94ാം വയസ്സിൽ.

കാതറിന്‍ നെെറ്റ്

പുരുഷന്മാര്‍ക്കെതിരായ അക്രമത്തിന്റെ ഒരു നീണ്ട ചരിത്രമുള്ള ഓസ്‌ട്രേലിയക്കാരിയാണ് കാതറിന്‍ നൈറ്റ്. ഈ ‘ഓസ്ട്രേലിയന്‍ കശാപ്പുകാരി’ തന്റെ ആദ്യ ഭര്‍ത്താവായ ഡേവിഡ് കെല്ലറ്റിനെ ആദ്യരാത്രി കഴുത്തുഞെരിച്ച്‌ കൊല്ലാന്‍ ശ്രമിച്ചതാണ് തുടക്കം. പിന്നീട് മകളെ ഗര്‍ഭിണിയായിരിക്കുമ്ബോള്‍, അവര്‍ ഭര്‍ത്താവിന്റെ വസ്ത്രങ്ങള്‍ കത്തിച്ച്‌ തലയില്‍ വറചട്ടി ഉപയോഗിച്ച്‌ അടിച്ചു. ഒടുവില്‍ അയാള്‍ അവരെ ഉപേക്ഷിച്ചു.

പിന്നീട് കാതറിന്‍, ഡേവിഡ് സോണ്ടേഴ്‌സ് എന്ന മറ്റൊരു പുരുഷനൊപ്പമായി. ഒരു മുന്നറിയിപ്പായി അവള്‍ ഡേവിഡിന്റെ നായ്ക്കുട്ടിയെ അയാളുടെ മുന്‍പില്‍ വച്ച്‌ കൊന്നു പിന്നീട് ഒരു തര്‍ക്കത്തിനിടെ കാതറിന്‍ കത്രിക ഉപയോഗിച്ച്‌ വയറ്റില്‍ കുത്തുന്നത് വരെ അയാള്‍ കാതറിനെ ഉപേക്ഷിച്ചിട്ടില്ലായിരുന്നു.

2001 ഒക്ടോബറില്‍ കാതറിന്‍ തന്റെ പുതിയ കാമുകന്‍ ജോണ്‍ പ്രൈസിനെ അവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 37 തവണ ക്രൂരമായി കുത്തി കൊന്നു. അവര്‍ അയാളുടെ തൊലിയുരിച്ചു, മാംസം കൊളുത്തില്‍ നിന്ന് കെട്ടിത്തൂക്കി അരിഞ്ഞത് ശരീരഭാഗങ്ങള്‍ പാചകം ചെയ്യാന്‍ തുടങ്ങി. കാതറിന്‍ ഭീമാകാരമായ അത്താഴവിരുന്ന് തയ്യാരാക്കി.

ഇതുപോലൊന്ന് സംഭവിക്കുമെന്ന് ജോണിന് ആശങ്കയുണ്ടായിരുന്നു. അടുത്ത ദിവസം ജോലിസ്ഥലത്ത് വന്നില്ലെങ്കില്‍ കാതറിന്‍ തന്നെ കൊന്നുവെന്ന് വിചാരിച്ചാല്‍ മതിയെന്ന് അയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അദ്ദേഹം ജോലിക്ക് വരാഞ്ഞപ്പോള്‍ അവര്‍ പോലീസിനെ വിളിച്ചു.

പൊലിസ് കാതറിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ജോണിന്റ തല ഒരു കലത്തില്‍ കണ്ടു, കുറച്ച്‌ പച്ചക്കറികളും സ്റ്റൗവില്‍ തിളച്ചുമറിയുന്നുണ്ടായിരുന്നു. കാതറിനെ ഉടന്‍ അറസ്റ്റ് ചെയ്തു. അവര്‍ ഇപ്പോള്‍ ‘ഓസ്ട്രേലിയയിലെ ഏറ്റവും കുപ്രസിദ്ധ മനോരോഗി’ എന്നറിയപ്പെടുന്നു, ഓസ്ട്രേലിയന്‍ ചരിത്രത്തില്‍ പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആദ്യ വനിതയായി കാതറിന്‍ നൈറ്റ്. ഇവരുടെ ജീവിതവും കുറ്റകൃത്യങ്ങളും ഇപ്പോള്‍ സിനിമ ആയി ഒരുങ്ങുന്നു.

മേരി എലിസബത്ത് വില്‍സണ്‍

1955നും 1957 നും ഇടയില്‍ ഇം​ഗ്ലണ്ടിലെ മേരി എലിസബത്ത് വില്‍സണ് തന്റെ നാല് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടു. ‘വിന്‍‌ഡി നൂക്കിലെ സന്തോഷവതിയായ വിധവ’ എന്ന പദവി അവര്‍ സ്വന്തമാക്കി. അവരുടെ വിവാഹങ്ങളിൽ ചിലതൊക്കെ ഏതാനും ആഴ്ചകള്‍ മാത്രമേ നീണ്ടുനിന്നുളൂ എങ്കിലും അവര്‍ക്ക് ആ സമയം ധാരാളമായിരുന്നു. ഭര്‍ത്താക്കന്‍മാരുടെ ഭൂസ്വത്തുക്കളുടെ അവകാശിയായി സ്വയം സ്ഥാപിക്കുക, ഓരോ ഭര്‍ത്താവിന്റെ മരണത്തിന് ശേഷവും പണം അവകാശപ്പെടുത്തുക. ഇതായിരുന്നു മേരിയുടെ രീതി. ഈ ’ സന്തോഷവതിയായ വിധവ’യെക്കുറിച്ച്‌ ആളുകള്‍ സംശയം തോന്നിയതില്‍ അതിശയിക്കാനില്ല, മേരിയുടെ നിരവധി വിവാഹ സല്‍ക്കാരങ്ങളിലെന്നില്‍ ഒരു സുഹൃത്ത് അവരോട് ചോദിച്ചു: ‘ഈ സാന്‍‌ഡ്‌വിച്ചുകളും കേക്കുകളും നമ്മളെന്ത് ചെയ്യും?’ മേരിയുടെ മറുപടി: ‘നമ്മള്‍ അവ ശവസംസ്കാരത്തിനായി സൂക്ഷിക്കും.’

അവരുടെ പ്രവൃത്തികളെക്കുറിച്ച്‌ പൊലിസിന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധനയിൽ കീടനാശിനി അടങ്ങിയിരിക്കുന്നതായി പൊലിസ് കണ്ടെത്തി. രണ്ട് ഭര്‍ത്താക്കന്മാരെ കൊന്ന കുറ്റത്തിന് 1958 ല്‍ മേരിക്ക് വധശിക്ഷ വിധിച്ചു. (കടപ്പാട്: ബിബിസി)

ഇംഗ്ലണ്ടില്‍ തൂക്കുകയര്‍ വിധിക്കപ്പെട്ട അവസാന വനിതയായിരുന്നു മേരി. പിന്നീട് അവരുടെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കി. നാല് വര്‍ഷത്തിന് ശേഷം, 1963 ല്‍ 70 വയസില്‍ മേരി എലിസബത്ത് വില്‍സണ്‍ മരിച്ചു.

ബെറ്റി ലൂ ബീറ്റ്‌സ്

തന്റെ രണ്ടാമത്തെ ഭര്‍ത്താവിനെ വെടി വച്ച ബെറ്റി ലൂ ബീറ്റ്‌സ് അയാളെ കൊന്നില്ല. പക്ഷെ അവര്‍ നാലാമത്തെയും അഞ്ചാമത്തെയും ഭര്‍ത്താക്കന്മാരെ കൊന്നു. 1983 ഓഗസ്റ്റില്‍, ബെറ്റിയുടെ അഞ്ചാമത്തെ ഭര്‍ത്താവായ ജിമ്മി ഡോണ്‍ ബീറ്റ്‌സിനെ കാണാതായതായി അറിയിക്കുന്നു. പിന്നീട് അയാളുടെ ബോട്ട് അടുത്തുള്ള തടാകത്തില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. അയാള്‍ മുങ്ങിമരിച്ചതായി പൊലിസ് നിഗമനത്തിലെത്തുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം, ബെറ്റിയുടെ മകന്‍ മുന്നോട്ട് വന്ന് മൃതദേഹം കുഴിച്ചിടാന്‍ അമ്മയെ സഹായിച്ചതായി സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഭര്‍ത്താവിന്റെ മൃതദേഹം ഒളിപ്പിച്ചതായി കണ്ടെത്തി, മാത്രമല്ല അവളുടെ നാലാമത്തെ ഭര്‍ത്താവ് ഡോയല്‍ വെയ്ന്‍ ബാര്‍ക്കറുടെ ശരീരാവശിഷ്ടങ്ങള്‍ വീടിന്റെ മുറ്റത്ത് ഷെഡിനടിയില്‍ കുഴിച്ചിട്ടതായും കണ്ടുപിടിച്ചു. രണ്ടുപേര്‍ക്കും തലയുടെ പിന്നില്‍ നിരവധി തവണ വെടിയേറ്റിട്ടുണ്ടായിരുന്നു.

ഇന്‍ഷുറന്‍സ് പണത്തിനായാണ് ബെറ്റി തന്റെ അഞ്ചാമത്തെ ഭര്‍ത്താവിനെ കൊന്നത് എന്ന് പോലീസ് കരുതി എന്നാല്‍ തര്‍ക്കത്തിനിടെ തന്റെ മകന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും അവനെ സംരക്ഷിക്കാനായി മൃതദേഹം കുഴിച്ചിട്ടതായും ബെറ്റി പൊലിസിനോട് പറഞ്ഞു. മൃതദേഹം നീക്കം ചെയ്യാന്‍ അമ്മയെ സഹായിച്ചെന്ന് ബെറ്റിയുടെ മകനും മകളും വിചാരണയില്‍ അവര്‍ക്കെതിരെ സാക്ഷി പറഞ്ഞു. ഭര്‍ത്താവ് ജിമ്മി ഡോണ്‍ ബീറ്റ്സിന്റെ കൊലപാതകത്തില്‍ ബെറ്റി കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് വധശിക്ഷ വിധിച്ചു.

ശിക്ഷിക്കപ്പെട്ടതിന് ശേഷം, അഞ്ച് വയസ്സുള്ളപ്പോള്‍ ആദ്യം ബലാത്സംഗം ചെയ്യപ്പെട്ടന്നും ഭര്‍ത്താക്കന്മാര്‍ അവരെ ദുരുപയോഗം ചെയ്‌തെന്നും ബെറ്റി ആരോപിച്ചു.അവളുടെ ജീവിതകാലം മുഴുവന്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടതിനാല്‍ ഗാര്‍ഹിക പീഡന വിരുദ്ധ അഭിഭാഷകര്‍ അന്നത്തെ ടെക്‌സസ് ഗവര്‍ണര്‍ ജോര്‍ജ്ജ് ഡബ്ല്യു ബുഷിനോട് വധശിക്ഷ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.അദ്ദേഹം ആ ആവശ്യം നിരസിച്ചു. 2000 ഫെബ്രുവരിയില്‍ 62 വയസ്സുള്ള മുത്തശ്ശിയുടെ വധശിക്ഷ നടപ്പിലാക്കപ്പെട്ടു.

സ്റ്റേസി കാസ്റ്റര്‍

‘ആന്റിഫ്രീസ്’ സ്റ്റേസി കാസ്റ്ററിന് ഇഷ്ടപ്പെട്ട ആയുധമായിരുന്നു. ആദ്യ ഭര്‍ത്താവ് മൈക്കല്‍ വാലസിനെ വെറും 17 വയസ്സുള്ളപ്പോള്‍ അവര്‍ കണ്ടുമുട്ടി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വിവാഹിതരായി, രണ്ട് പെണ്‍മക്കളുണ്ടായിരുന്നു. പിന്നീട്, അവരുടെ ദാമ്ബത്യബന്ധം തകര്‍ന്നപ്പോള്‍, മൈക്കലിന് ഒരു അസുഖം വന്നു.അയാള്‍ 2000‑ല്‍ ഒരു ദുരൂഹ രോഗത്തെ തുടര്‍ന്ന് മരിച്ചു.ഡോക്ടര്‍മാര്‍ ഇതിനെ ഹൃദയാഘാതം എന്ന് വിധിയെഴുതി. പക്ഷേ മൈക്കലിന്റെ കുടുംബത്തിന് മരണത്തെ പറ്റി സംശയങ്ങളുണ്ടായിരുന്നു.

2003 ല്‍ സ്റ്റേസി ഡേവിഡ് കാസ്റ്ററിനെ വിവാഹം കഴിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം, ഒരു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് കിടപ്പ് മുറിയില്‍ വാതിലടച്ച്‌ ഇരിക്കുകയാണെന്നും അവര്‍ക്ക് അതില്‍ ആശങ്കയുണ്ടെന്നും സ്റ്റേസി പൊലിസിനെ വിളിച്ച്‌ പറഞ്ഞു. വാതില്‍ തകര്‍ത്ത് മുറിയില്‍ കയറിയപ്പോള്‍ ഡേവിഡ് കാസ്റ്റര്‍ ഒരു കുപ്പി ആന്റിഫ്രീസ് ഉപയോഗിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി.

സ്റ്റേസി അവരുടെ ആദ്യത്തെ ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തായി രണ്ടാം ഭര്‍ത്താവിനെ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക് സെമിത്തേരിയില്‍ അടക്കം ചെയ്തു. പിന്നീട് പൊലിസിന് സ്റ്റേസി തന്റെ ആദ്യ ഭര്‍ത്താവിന് വിഷം നല്‍കി എന്നതിന് തെളിവ് ലഭിച്ചു. അവര്‍ വാലസിന്റെ ശരീരം പുറത്തെടുക്കുകയും ആന്റിഫ്രീസ് വിഷത്തിന്റെ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു.

 

പൊലിസ് ഇടപെട്ടപ്പോള്‍ സ്റ്റേസി കാസ്റ്റര്‍ പരിഭ്രാന്തയായി. 20 വയസുള്ള മകള്‍ ആഷ്ലി വാലസിനെ കൊലപാതകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.തന്റെ രണ്ട് ഭര്‍ത്താക്കന്മാര്‍ക്കും വിഷം കൊടുത്ത സ്റ്റേസി കുറ്റം തന്റെ മകളുടെ തലയിലാക്കാന്‍ ശ്രമിച്ചു. സ്വന്തം മകളെ മയക്ക് മരുന്ന് ഉപയോഗിച്ച്‌ കോമയിലാക്കിയ ശേഷം കുറ്റങ്ങള്‍ മകളാണ് ചെയ്തതെന്ന രീതിയില്‍ മകളുടെ ആത്മഹത്യാക്കുറിപ്പ് ഉണ്ടാക്കി. പൊലിസ് അത് വിശ്വാസത്തിലെടുത്തില്ല, ഡേവിഡിനെ കൊലപ്പെടുത്തിയതിനും ആഷ്ലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും സ്റ്റേസി അറസ്റ്റിലായി. 51 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 2016ല്‍ ജയിലില്‍ വച്ച്‌ മരിച്ചു.

ബെറ്റി ന്യൂമര്‍

ബെറ്റി ന്യൂമാറിന്റെ അഞ്ച് ഭര്‍ത്താക്കന്മാരുടെയും മരണം നിഗൂഢമാണ്. വിവാഹമോചനത്തിന് ഏകദേശം രണ്ട് പതിറ്റാണ്ടിനുശേഷം 1970ല്‍ അവരുടെ ആദ്യ ഭര്‍ത്താവിന്റെ തലക്ക് അവര്‍ വെടി വച്ചപ്പോള്‍ അത് ഒരു നരഹത്യയായി വിധിക്കപ്പെട്ടുവെങ്കിലും അവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

1950കളുടെ മധ്യത്തില്‍, അവരുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ മരണം ഒരു ദുരൂഹതയായി. പിന്നീട് 1965 ല്‍, അവരുടെ മൂന്നാമത്തെ ഭര്‍ത്താവ് സ്വയം വെടി വച്ച്‌ മരിച്ചു. അവരുടെ നാലാമത്തെ ഭര്‍ത്താവ് ഹരോള്‍ഡ് ജെന്‍ട്രി 1986ല്‍ വീട്ടില്‍ വെച്ച്‌ വെടിയേറ്റ് മരിച്ചു. 2007 ല്‍ അവളുടെ അഞ്ചാമത്തെ ഭര്‍ത്താവ് മരിച്ചപ്പോള്‍ പൊലിസ് വിഷം കഴിച്ചിട്ടാണോ മരണം എന്ന് അന്വേഷിച്ചു. പക്ഷെ ന്യൂമാറിന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നും കണ്ടെത്താനായില്ല. കണ്ടെത്തലിനോട് ഭര്‍ത്താവിന്റ കുടുംബം യോജിച്ചില്ല. ബെറ്റിയുടെ മകനും 1985ല്‍ ആത്മഹത്യ ചെയ്തു. അന്ന് മകന്റെ 10,000 ഡോളറിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തുക ലഭിച്ചത് ബെറ്റിക്കായിരുന്നു.

നാലാമത്തെ ഭര്‍ത്താവിന്റെ മരണമാണ് പൊലിസിന് ബെറ്റിയെ സംശയിക്കാന്‍ ഇടകൊടുത്തത്. ബെറ്റിയാണ് ഇതിന് പിന്നിലെന്ന് ജെന്‍ട്രിയുടെ സഹോദരന് ബോധ്യപ്പെട്ടു. കേസ് വീണ്ടും തുറക്കാന്‍ അയാള്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഒടുവില്‍ അവര്‍ 2007 ല്‍ അഞ്ചാമത്തെ ഭര്‍ത്താവിനെ കൊല്ലാന്‍ ഹിറ്റ്മാന്‍മാരെ നിയമിച്ചതിനാണ് ബെറ്റിക്കെതിരെ കേസെടുത്തത്. പൊലിസ് അവരെ പറ്റി അന്വേഷിച്ചപ്പോള്‍ കൂടുതല്‍ രഹസ്യങ്ങള്‍ കണ്ടെത്തപ്പെട്ടു.

ബ്യൂട്ടിഷ്യനും ബസ് ഡ്രൈവറും ആയി ജോലി ചെയ്ത ബെറ്റി ന്യൂമാറിന് ഒന്നിലധികം ഡ്രൈവിംഗ് ലൈസന്‍സുകള്‍, രഹസ്യ ബാങ്ക് അക്കൗണ്ടുകള്‍, മറ്റ് ആളുകളുടെ പേരുകളില്‍ പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉണ്ടായിരുന്നു.അവരെ വിചാരണ ചെയ്യുന്നതിന് മുമ്ബ്, ഭൂതകാലത്തെക്കുറിച്ച്‌ എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് മുമ്ബ് ബെറ്റി ന്യൂമര്‍ 2011ല്‍ ക്യാന്‍സര്‍ ബാധിച്ച്‌ മരിച്ചു.

ചിസാക്കോ കകേഹി

ജപ്പാനില്‍ ഇന്നുവരെ ഉള്ളതില്‍ വച്ച്‌ ഏറ്റവും കുപ്രസിദ്ധയായ കറുത്ത വിധവയാണ് ചിസാക്കോ കകേഹി. താന്‍ നിരപരാധിയാണെന്ന് ഇപ്പോഴും അവര്‍ തറപ്പിച്ച്‌ പറയുന്നു. ഒരു സീരിയല്‍ കില്ലര്‍ അല്ലെന്നും ‘വിധി മൂലം നശിച്ചു’ എന്നും അവകാശപ്പെടുന്നു. ‘ക്യോട്ടോയിലെ കറുത്ത വിധവ’യെന്നാണ് ഇവരറിയപ്പെടുന്നത്. ജാപ്പനീസ് അധികാരികളുടെ അഭിപ്രായത്തില്‍, 1994–2013നും ഇടയില്‍ തനിക്ക് അടുപ്പമുള്ളവരോ തന്നെ കല്യാണം കഴിച്ചവരോ ആയ എട്ട് ആളുകളെ കകേഹി കൊലപ്പെടുത്തി, ഏഴ് മില്യണ്‍ ഡോളറിന്റെ ഇന്‍ഷുറന്‍സ് തുക കൈപറ്റി.

ചിസാക്കോയുടെ രണ്ട് പങ്കാളികളുടെ മരണങ്ങള്‍ സ്വാഭാവിക കാരണങ്ങളാല്‍ ആണെന്ന് കണക്കാക്കപ്പെട്ടിരുന്നു- ഒരാള്‍ ഹൃദയാഘാതം മൂലവും മറ്റൊരാള്‍ ക്യാന്‍സര്‍ ബാധിച്ചും. പക്ഷേ സയനൈഡിന്റെ അംശം ചിസാക്കോയുടെ പുതിയ വരന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ ആവര്‍ത്തിച്ചുള്ള ഇവരുടെ വൈധവ്യം പൊലിസ് വളരെ സംശയ ദൃഷ്ടിയോടെ കാണാന്‍ തുടങ്ങി.

2013ല്‍ ഭര്‍ത്താവ് ഐസാവോ കകേഹിയെ (75) കൊലപ്പെടുത്തിയ കേസില്‍ ചിസാക്കോക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു ഭര്‍ത്താവ് മസനോരി ഹോണ്ട വിഷം അകത്ത് ചെന്നതിന് ശേഷം മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മരിച്ചു. 2007‑ല്‍ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ 78 വയസുള്ള കാമുകന്റെ പാനീയത്തില്‍ ഹൈഡ്രോസയാനിക് ആസിഡ് തെറിപ്പിച്ചുവെന്നാരോപിച്ച്‌ ചിസാക്കോക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

പിന്നീട് ചിസാക്കോയുടെ വീടിനടുത്തുള്ള ഒരു റീസൈക്ലിംഗ് സെന്ററില്‍ ചെടിപ്പാത്രത്തിനകത്ത് ചെറിയ ബാഗില്‍ സയനൈഡ് സംയുക്തങ്ങള്‍ പൊലീസ് കണ്ടെത്തി. പക്ഷെ എങ്ങനെ ആളുകളെ കൊല്ലണമെന്ന് തനിക്ക് അറിയില്ലെന്ന് കകേഹി അവകാശപ്പെടുന്നു. പക്ഷെ പൊലിസ് അവരെ വിശ്വസിക്കുന്നില്ല.