26 March 2025, Wednesday
KSFE Galaxy Chits Banner 2

അവർണന് ശങ്കരാചാര്യരാകാനാകില്ല; ദ്രൗപദി മുർമു രാഷ്ട്രപതിയായതെങ്ങനെ?

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
February 5, 2025 4:27 am

നാം മനുഷ്യരെല്ലാവരും ഏകകുല ജാതരാണ്; മനുഷ്യ കുലം. അതിനാൽത്തന്നെ ഉന്നതകുല ജാതൻ, നീചകുല ജാതൻ തുടങ്ങിയ പ്രയോഗങ്ങൾ മാനവകുലത്തിന് വിരുദ്ധമാണ്. നാമെല്ലാവരും ഒരേ കുലമാണെന്നുള്ളതിന് തെളിവെന്തെന്ന ചോദ്യത്തിന്, നാരായണ ഗുരുവിനോളം തെളിമയുള്ള ഒരു ഉത്തരം മറ്റാരും നൽകിയിട്ടില്ല. നമ്മുടെ കുലവും ഗോത്രവും ഒക്കെ ഒന്നാണെന്നതിന് തെളിവ് നാം പുണർന്നുപെറുന്ന ഒരൊറ്റ ജാതിയാണ് എന്നുള്ളതാണ്. അതിനാൽ നമ്മൾ ഇന്ത്യൻ പൗരന്മാരായ മനുഷ്യരെ ഉന്നതകുല ജാതരെന്നും അധമകുല ജാതരെന്നും വേർതിരിച്ചുകണ്ട സുരേഷ് ഗോപി എന്ന ബിജെപി എംപിയായ കേന്ദ്രമന്ത്രി, ഭരണഘടനയിലെ പൗരതുല്യത എന്ന ആശയത്തെ മാത്രമല്ല നാരായണഗുരുവിന്റെ മാനവികദർശനത്തെ കൂടിയാണ് അപമാനിച്ചിരിക്കുന്നത്.
നാരായണ ഗുരുവിന്റെ മാനവദർശനം എന്നത് മതമേതായാലും നന്നാവാൻ ആഗ്രഹമുള്ള എല്ലാ മനുഷ്യർക്കും ബാധകമാണ്. ഇത്തരത്തിലൊരു മനുഷ്യനാവാനുള്ള ബോധവലിപ്പം ശരീരവലിപ്പത്തിനൊപ്പം സംഭവിക്കാനാകാതെ പോയ ഒരു ജന്മമാണ് സുരേഷ് ഗോപി. അതിനാലാണ് അദ്ദേഹത്തിന്, ‘നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു’ എന്നുപറയാനുള്ള ധിക്കാരത്തിനും, പരിഹാസത്തിന്റെ വികൃത പ്രകടനം നടത്തലാണ് മാപ്പു പറയൽ എന്നു വരുത്തിത്തീർക്കാനും ഉളുപ്പില്ലാതിരുന്നത്. താന്‍ നടത്തിയ പ്രസ്താവനയിൽ അപാകം ഉണ്ടെന്ന് അംഗീകരിക്കുന്നില്ലെന്നും നിങ്ങൾക്ക് അപാകം തോന്നിയെങ്കിൽ പ്രസ്താവന പിൻവലിക്കാം എന്നും പറയുന്നത് പൊതുജനത്തെ ധിക്കരിക്കൽ അല്ലെങ്കിൽ പിന്നെന്താണ് ധിക്കാരം…? ‘താൻ നടത്തിയ പ്രസ്താവന ജനാധിപത്യ ഭരണഘടനയ്ക്കും നാരായണഗുരുവിന്റെ മാനവികതയ്ക്കും എതിരാണെന്ന് തിരിച്ചറിയുന്നതിനാൽ പിൻവലിക്കുന്നു’ എന്നു പറയാത്തിടത്തോളം സുരേഷ് ഗോപിയുടേത് മനുസ്മൃതി ഭരിക്കുന്ന മാടമ്പി മനസാണെന്നുതന്നെ ജനാധിപത്യമാനവർ പറഞ്ഞുകൊണ്ടിരിക്കും. 

താഴ്ന്ന ജാതിയെന്ന സാമൂഹിക സാഹചര്യത്തിൽ ജനിച്ചുവളർന്ന ഒരു ഇന്ത്യൻ പൗരനോ പൗരയോ മുഖ്യമന്ത്രിക്കസേരയിലോ രാഷ്ട്രപതി പദവിയിലോ ഇരുന്നാൽ തീരാവുന്നതും തീർക്കാവുന്നതുമാണ് ഇന്ത്യയിലെ ജാതീയമായ ഉച്ചനീചത്വ സ്ഥിതിയും അതിന്റെ ദുരവസ്ഥകളുമെന്ന വിചാരം വെറും വ്യാമോഹമാണ്. ഇക്കാര്യം കെ ആർ നാരായണനും രാംനാഥ് കോവിന്ദും രാഷ്ട്രപതിയായിരുന്ന, മായാവതി മുഖ്യമന്ത്രിയായിരുന്ന, ദ്രൗപദി മുർമു ഇപ്പോൾ രാഷ്ട്രപതിയായിരിക്കുന്ന ഇന്ത്യയിലെ ദളിത് ജീവിത നിലവാരം തെളിയിക്കുന്നു. അതുപോലെ സവർണർ മുഖ്യമന്ത്രിയോ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയാൽ ഉടനെ പരിഹൃതമാകും ദളിത ജീവിത ദുരവസ്ഥകൾ എന്നും പറയാനാകില്ല. ദളിത് ജീവിത ദുരവസ്ഥകൾ മാറണമെന്നോ മാറ്റണമെന്നോ സവർണർ ഒരു കാലത്തും ആഗ്രഹിച്ചിട്ടില്ല.
ആയിരം വർഷത്തിലൊരിക്കൽ ഒരാൾ എന്ന കണക്കില്‍ ഒരു ബുദ്ധനോ ശ്രീരാമകൃഷ്ണ പരമഹംസനോ ആനന്ദ തീർത്ഥനോ ഒക്കെ സവർണ കുലത്തിൽ നിന്നുണ്ടായി അവർണ ജനവിഭാഗങ്ങളുടെ അഭ്യുദയത്തിന് ഇടപെടലുകൾ നടത്തിയിട്ടുണ്ടാകാം. പക്ഷേ ഒരു സവർണാധിപത്യ വ്യവസ്ഥയും അതിന്റെ അധികാരവും സ്വാധീനവും അവർണ ജനോന്നമനത്തിന് ഉപയോഗിച്ചിട്ടില്ല. അദ്വൈതം ആദർശമാക്കിയ ശ്രീശങ്കരാചാര്യരാണ് സനാതന ഹിന്ദുക്കളുടെ സമാരാധ്യനായ ജഗദ്ഗുരു. പക്ഷേ ശങ്കരാചാര്യ പദവിയിലേക്ക് ഇന്നേവരെ ഒരു അബ്രാഹ്മണൻ നിയോഗിതനായിട്ടില്ല. ഒരു ബ്രാഹ്മണ സ്ത്രീ പോലും നിയോഗിതയായിട്ടില്ല, എന്നിട്ടുവേണ്ടേ അവർണൻ ശങ്കരാചാര്യരാകുന്ന നില വരാൻ. 

ഈ പശ്ചാത്തലത്തിൽ പറയട്ടെ, സുരേഷ് ഗോപി സിനിമകളിൽ കാണിച്ചുവന്നിട്ടുള്ള ചങ്കൂറ്റത്തിന്റെ പത്തിലൊന്ന് ചങ്കൂറ്റം യഥാർത്ഥ ജീവിതത്തിൽ പുലർത്തുന്ന ആളാണെങ്കിൽ, ടി എസ് ശ്യാംകുമാറിനെപ്പോലെ സംസ്കൃതം പഠിക്കാനും വേദങ്ങൾ പഠിക്കാനും തയ്യാറുള്ള ദളിത മാനവരെ പഠിപ്പിച്ചു പരീക്ഷിച്ച് ശങ്കരാചാര്യ പദവിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ശ്രീശങ്കര മഠങ്ങൾ നടത്തണം എന്നൊരു പ്രസ്താവനയെങ്കിലും നടത്തണം. ദ്രൗപദി മുർമു രാഷ്ട്രപതിയായ ഇന്ത്യയിൽ മാതാ അമൃതാനന്ദമയിക്ക് എന്തുകൊണ്ട് ശങ്കരാചാര്യ പീഠസ്ഥിതയായിക്കൂടാ എന്നു ചോദിക്കാനുള്ള ചങ്കൂറ്റം ആര്‍എസ്
എസും പരിവാർ പ്രസ്ഥാനങ്ങളായ ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും ബിജെപിയും മാർഗദർശകമണ്ഡലം എന്ന സന്യാസി സംഘടനയും കാണിക്കുകയും വേണം.
അവർണർക്കെന്തുകൊണ്ട് ശങ്കരാചാര്യ സ്ഥാനത്തിരുന്നുകൂടാ എന്നു ചോദിക്കാനുള്ള ചങ്കൂറ്റം ഇല്ലാത്ത സവർണ സനാതനികൾ അവർണ മഹിളയെ രാഷ്ട്രപതി സ്ഥാനത്തിരുത്തിയത് അവർണരുടെ അധികാര വാഴ്ചയിൽ താല്പര്യമുള്ളതിനാലല്ല, ജനാധിപത്യ ഭരണഘടനയുടെ നിയമവ്യവസ്ഥ അവർണർക്ക് അധികാരം നൽകുവാൻ നിർബന്ധിക്കുന്നതുകൊണ്ടു മാത്രമാണ്. വിദ്യാഭ്യാസപരവും തൊഴിൽപരവുമായ മേഖലകളിൽ സംവരണാനുകൂല്യം നൽകി അവർണ ജീവിതോന്നമനം ഉണ്ടാക്കുന്ന ഭരണഘടനാനുശാസനങ്ങളോടു പോലും അറപ്പും വെറുപ്പും അസഹിഷ്ണുതയും ഉള്ളവരാണ് സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങളായ ഹിന്ദുത്വവാദികളിലെ സവർണർ. ഇത്തരം ഗോഡ്സേ മനസ്കരായ സവർണ ഹിന്ദുത്വർ പട്ടികജാതി — പട്ടികവർഗ വകുപ്പു മന്ത്രിമാരായാൽ, ആട്ടിൻതോലിട്ട ചെന്നായ ആട്ടിൻപറ്റത്തിലുണ്ടായാൽ സംഭവിക്കുന്നതു മാത്രമാകും സംഭവിക്കുക. 

എന്തായാലും അംബേദ്കർ എന്ന അവർണനായ ആധുനിക ജനാധിപത്യമാനവന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മതേതര ജനാധിപത്യ ഭരണഘടനയുടെ നിയമ വ്യവസ്ഥയാണ് നവഭാരതത്തിൽ നിലവിലുള്ളത് എന്നതിനാൽ മാത്രമാണ് ദ്രൗപദി മുർമുവിന് രാഷ്ട്രപതിയാകാനായത്. എന്നിട്ടും രോഹിത് വെമുലമാർ ഉണ്ടാവുന്ന കാമ്പസുകൾ കൂടിയുള്ളതാണ് ജനാധിപത്യ ഇന്ത്യ എന്നതും നാം മറക്കരുത്. സുരേഷ് ഗോപിമാരെപ്പോലുള്ള മാടമ്പി മനസ്കരെ എംപിമാരും മന്ത്രിമാരും ആക്കിയാൽ രോഹിത് വെമുലമാരും ആർഎൽവി രാമകൃഷ്ണന്മാരും ഉണ്ടാവുന്ന ജനാധിപത്യ ഇന്ത്യയേ ഉണ്ടാവൂ. സുരേഷ് ഗോപിയുടെ എംപി സ്ഥാനം പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിനു പറ്റിയ ഒരു കയ്യബദ്ധമാണ്. ആ അബദ്ധം തൃശൂരിലെ പൗരാവലിക്കുണ്ടാക്കിത്തരുന്ന ‘പണി‘കൾ തീരെ ചെറുതുമല്ല. അബദ്ധങ്ങൾ തിരുത്തുന്ന അധികാരവും ഉത്തരവാദിത്തവും കൂടിയാണ് പൗരത്വം എന്ന് തൃശൂരുകാരും അയോധ്യ നിവാസികളെപ്പോലെ തിരിച്ചറിയുകയും തെളിയിക്കുകയും ചെയ്യും. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.