’ ഒരു തെരുവിൽ ഒന്നിച്ചു കളിച്ചു വളർന്നവർ. പെരുന്നാളും ഹോളിയും ഒരുമിച്ച് ആഘോഷിച്ചവരാണ് ഞങ്ങൾ. ഒടുവിൽ, അവർ തന്നെ എന്റെ അനുജനെ കൊന്നു’ ഡൽഹി കലാപത്തിൽ മുസ്തഫാബാദിൽ കൊല്ലപ്പെട്ട അനുജൻ മെഹ്താബിന്റെ മൃതദേഹവും കാത്ത് ജി ടി ബി ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ വിങ്ങലടക്കാനാവാതെ സഹോദരി യാസിൻ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. ഒരുമിച്ച് ഒരു മുറ്റത്ത് കളിച്ചു ചിരിച്ചു വളർന്നവർ പെട്ടന്നൊരു ദിവസം ഹിന്ദുവും മുസ്ലിമുമായി മാറിയതിന്റെ നടുക്കത്തിലാണ് യാസിൻ ഉൾപ്പടെയുള്ള ഡൽഹിയിലെ ജനങ്ങൾ .
ഡൽഹി കലാപത്തിന്റെ ഇരകളായി മാറിയ നിഷ്കളങ്കരായ ഒരു കൂട്ടം ജനങ്ങൾ. വിദ്വേഷം ജീവനെടുത്തവർക്കായി മോർച്ചറിക്കു മുന്നിൽ കാത്തു കെട്ടി കിടക്കുകയാണ് ഒരു കൂട്ടം ജനങ്ങൾ. ‘ഇന്നലെയും ഞാനിവിടെ മൂന്നു മണിക്കൂർ കാത്തിരുന്നു. ഇന്ന് വരാനാണ് വൈകിട്ട് കിട്ടിയ മറുപടി. രാവിലെ മുതൽ ഇവിടെ കാത്തു നിൽക്കുകയാണ് ഞങ്ങൾ. പോസ്റ്റ്മോർട്ടം നടക്കുന്നുവെന്നാണ് ആശുപത്രിക്കാർ നൽകിയ മറുപടി’. കാർധംപുരിയിൽ വെടിയേറ്റ് മരിച്ച മുഹമ്മദ് ഫുർഖാന്റെ പിതാവ് സദറുദീനും സഹോദരൻ ഇമ്രാനും പറഞ്ഞു.
പോസ്റ്റ്മോർട്ടം നടക്കുന്ന സ്ഥലത്തിന് തൊട്ടപ്പുറമായി ഒരുപറ്റം സ്ത്രീകളുടെ കൂട്ടനിലവിളി. ‘ഏപ്രിലിൽ അവന്റെ വിവാഹ നിശ്ചയിച്ചതായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇനിയും മൃതദേഹം കിട്ടിയിട്ടില്ല’.പൊട്ടിക്കരഞ്ഞു കൊണ്ട് ഗോകുലപുരിയിൽ കൊല്ലപ്പെട്ട രാഹുൽ സോളങ്കിയുടെ വീട്ടുകാർ പറഞ്ഞു.
ഡൽഹി കലാപത്തിൽ മരിച്ചവരിൽ പലരും നിരപരിധികളാണെന്ന് ചൂണ്ടികാണിക്കുന്ന വാക്കുകളാണ് ബന്ധുക്കൾ പറയുന്നത്. പാൽ വാങ്ങിക്കാൻ പോയവരും, മക്കൾക്ക് ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയവരാണ് പലരും. പരിക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളുടെ തിരക്കാണ് ജി ടി ബി ആശുപത്രിയിൽ . പലരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകി. ഇതിനിടെ, പരിക്കേറ്റ പലർക്കും ചികിത്സ ലഭിക്കാൻ വൈകിയെന്നും പരാതി ഉയർന്നു.
ENGLISH SUMMARY: They celebrate holi and eid together
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.