കൊച്ചി : ജീവിതത്തിന്റെ തുടക്കം കുറിക്കുന്ന ദിനത്തിൽ അസ്വാതന്ത്രത്തിന്റെ അസ്വാസ്ഥ്യങ്ങൾക്കെതിരെ പ്രതിരോധവുമായി തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ച നവദമ്പതികൾ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് ആവേശമായി.
എഐഎസ്എഫ് മുൻ കയ്പ്പമംഗലം സെക്രട്ടറി ഇആർ രൺദീപും ‚എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം അളകനന്ദയും തമ്മിലുള്ള വിവാഹം ഇന്നലെ ഏറിയാട് പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളിൽ രാവിലെ പത്തു മണിക്കായിരുന്നു .ലളിതമായ വിവാഹ ചടങ്ങുകൾ കഴിഞ്ഞപ്പോഴാണ് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വത്തെ മംഗലാപുരത്തു പോലീസ് കസ്റ്റഡിയിൽ എടുത്ത വാർത്ത വന്നത് .പിന്നീടൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു ‚ദമ്പതികൾ ഒരുമിച്ചു പ്രതിഷേധ ത്തിനിറങ്ങി .കണ്ടുനിന്നവർക്ക് പുതുമയാണെങ്കിലും രാഷ്ട്രീയ നിലപാടിൽ ഉറച്ചു തന്നെ മുന്നോട്ടു പോകുമെന്ന കാര്യത്തിൽ ദമ്പതികൾ ഒറ്റക്കെട്ടാണ് . പുല്ലൂറ്റ് കൊല്ലാട്ട് തൈതറ വീട്ടിൽ കെ ജി ശിവാനന്ദന്റെ മകളാണ് അളകനന്ദ. മാടവന ഈശ്വരമംഗലത്ത് വീട്ടിൽ ഇകെ രഘുവിന്റെ മകനാണ് രൺദീപ്.